കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞു. ഇന്ത്യയിലെ ഇന്ധനവില ഉയര്‍ത്തി അന്താരാഷ്ട്ര മാര്ക്കറ്റിനനുസൃതമായി ഏകീകരിക്കുമെന്നും ഭാരത് പെട്രോളിയത്തിന്റെ എണ്ണശുദ്ധീകരണശാലയുടെ വിപുലീകരണ പദ്ധതി കൊച്ചിന് റിഫൈനറിയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ധന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. 2011-12 സാമ്പത്തിക വര്‍ഷം 60.8 മില്യണ്‍ മെട്രിക് ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 2,85,000 കോടി രൂപ നേടാനായി. എന്നാല്‍ ആഭ്യന്തര ഉപഭോഗത്തിനു പുറമേ കയറ്റുമതിയ്ക്കുകൂടി ആവശ്യമായ ഉല്‍പ്പാദനം രാജ്യത്തു നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ ചടങ്ങില്‍ത്തന്നെ ഇന്ധന സ്വയം പര്യാപ്തത നേടാന്‍ 2030ല്‍ മാത്രമേ രാജ്യത്തിനാകൂവെന്ന് കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി എം.വീരപ്പമൊയ്ലി പറഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കി.
പുതിയ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി എണ്ണശുദ്ധീകരിക്കുന്നതിനുള്ള കൊച്ചിയുടെ ശേഷി വര്‍ഷം 9.5 മില്യണ്‍ മെട്രിക് ടണ്ണില്‍ നിന്നും 15.5 മില്യണ്‍ മെട്രിക്ടണ്‍ ആയി വര്‍ദ്ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മണ്ണെണ്ണ,പാചകവാതകം,പെട്രോള്‍,ഡീസല്‍ എന്നീ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ ശുദ്ധീകരണപദ്ധതികള്കൊണ്ട് സാധിക്കും. 20,000 കോടി രൂപയുടെ പദ്ധതികള്‍ കൊച്ചിന് റിഫൈനറിയില്‍ പൂര്‍ത്തിയാകുന്നത് സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനും സഹായകരമാകുന്നുണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി മിതമായ നിരക്കിലുള്ള ഇന്ധനങ്ങളുടെ ലഭ്യത അത്യാവശ്യമാണ്. പെട്രോളും പാചകവാതകവും തന്നെയാണ് വരും വര്‍ഷങ്ങളിലും അസംസ്കൃത എണ്ണയില്‍നിന്നും കൂടുതലായി ഉല്പ്പാദിപ്പിക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ അസംസ്കൃത എണ്ണയുടെ ഖാനനത്തിനായി വന്‍തോതിലുള്ള മുതല്‍മുടക്ക് എണ്ണക്കമ്പനികള്‍ക്ക് നടത്തേണ്ടതായി വരുന്നുണ്ട്. രാജ്യത്തിനകത്തു നിന്നുള്ള എണ്ണ ഖാനനത്തിനാവശ്യമായ എല്ലാ സഹായവും എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനു പുറമേ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എണ്ണഖനനം ചെയ്തെടുക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. മൊസാമ്പിയിലും ബ്രസീലിലും ഭാരത് പെട്രോളിയം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര ഉല്‍പ്പാദനത്തിനു പുറമേ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ആവശ്യമായ 215 മില്യണ്‍ മെട്രിക് ടണ്‍ എന്ന വാര്ഷികഉല്പ്പാദന ലക്ഷ്യം കൈവരിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചിന് റിഫൈനറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് വകുപ്പുമന്ത്രി എം.വീരപ്പമൊയ്ലി ചടങ്ങില്‍ സംസാരിച്ചുകൊണ്ട് വ്യക്തമാക്കി. പരിസ്ഥിതി സൗഹാര്‍ദ്ദ ശുദ്ധീകരണശാലകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യത കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്നും വീരപ്പമൊയ്ലി പറഞ്ഞു. കേരള ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, പ്രൊഫ. കെ.വി.തോമസ്, പനബക ലക്ഷ്മി, സംസ്ഥാന മന്ത്രിമാരായ കെ.എം.മാണി,പി.കെ.കുഞ്ഞാലിക്കുട്ടി,കെ.പി.ധനപാലന് എം.പി,വി.പി.സജീന്ദ്രന് എംഎല്‍എ, ഭാരത് പെട്രോളിയം എം.ഡി. ആര്.കെ.സിങ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: