ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തില്‍ അന്തര്‍ഗതമായ ശ്രീലളിതാസഹസ്രനാമം ദേവീഭക്തര്‍ക്ക് ഒരു അമൂല്യനിധിയാണ്. ഭക്തിയില്ലാത്തവര്‍, ഈശ്വരനിഷേധികള്, അവിശ്വാസികള്‍, ദുരാചാരികള്‍ തുടങ്ങിയവര്‍ക്ക് ഒരിക്കലും ഈ വിശിഷ്ടമന്ത്രം ഉപദേശിക്കരുതെന്നാണ് വിധി. നിത്യവും ലളിതാസഹസ്രനാമം പാരായണം ചെയ്യപ്പെടുന്ന ഭവനത്തില്‍ ദാരിദ്ര്യം, രോഗാദിദുരിതങ്ങള്‍ എന്നിവ ഉണ്ടാവുകയില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഭക്തിയും മുക്തിയും പ്രദാനം ചെയ്യുന്ന പല സഹസ്രനാമങ്ങളുണ്ടെങ്കിലും ഗൃഹസ്ഥാശ്രമികള്‍ക്ക് ഏറ്റവും ഉത്തമം ലളിതാസഹസ്രനാമമാണെന്ന് വിശ്വസിക്കപ്പെടുന്നു. സര്‍വേശ്വരിയും ശിവശക്തൈക്യരൂപിണിയുമായ ലളിതാമഹാത്രിപുരസുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ദേവിയുടെ രൂപഭാവഗുണങ്ങള്‍, സ്ഥൂലവും സൂക്ഷ്മവും പരവും പരാത്പരവുമായ സ്വരൂപം, അവതാരകഥകള്‍ എന്നിവയൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. മറ്റ് സഹസ്രനാമങ്ങളില്‍ പലനാമങ്ങളും ഒന്നോ അതിലധികമോ തവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ ഒറ്റ നാമം പോലും ആവര്‍ത്തിക്കുന്നില്ല. അതുപോലെ ച, അഹ, അവി, നനു, കില തുടങ്ങിയ പദങ്ങള്‍ വൃത്തനിബദ്ധമായ കൃതികളില്‍ പാദപൂരണത്തിന് ഉപയോഗിക്കാറുണ്ട്. മറ്റ് സഹസ്രനാമങ്ങളില്‍ ഇതുപോലെയുള്ള പദങ്ങള്‍ സുലഭവുമാണ്. എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ ഇത്തരം പദങ്ങള്‍ ഒന്നും ഉപയോഗിക്കാതെതന്നെ വൃത്തനിബദ്ധതയും മന്ത്രശക്തിയുടെ പൂര്‍ണതയും കാവ്യസൗന്ദര്യവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നത് ഒരത്ഭുതം തന്നെയാണ്. മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിലും അനുഗ്രഹത്താലും സ്വദേശത്തും വിദേശത്തും നടന്നുവരുന്ന ലളിതാസഹസ്ര നാമാര്‍ച്ചനയും പാരായണവും സാധാരണക്കാര്‍ക്കിടയില്‍ വളരെയധികം പ്രചാരമാര്‍ജിച്ചിട്ടുണ്ട്. അമ്മ പറയുന്നു: “ഇക്കാലത്ത് ജനങ്ങളില്‍ ഹൃദയത്തിന്റെയും മാതൃത്വത്തിന്റെയും ഭാവങ്ങള്‍ നഷ്ടമായിരിക്കുന്നു. പ്രേമത്തിന്റെയും കാരുണ്യത്തിന്റേയും ക്ഷമയുടെയും പ്രതീകമാണ് മാതൃത്വം. പുരുഷനില്‍ കാരുണ്യം, സ്നേഹം തുടങ്ങിയ മാതൃത്വഗുണങ്ങളും സ്ത്രീയില്‍ സ്ഥിരത, ധീരത തുടങ്ങിയ പുരുഷത്വഗുണങ്ങളും വളരണം. എങ്കില്‍ സമൂഹജീവിതത്തിലും ആത്മീയജീവിതത്തിലും അതിവേഗം പുരോഗമിക്കാന്‍ കഴിയു. ഈ നല്ല ഗുണങ്ങള്‍ വളര്‍ത്താന്‍ ജഗദംബയുടെ ആരാധന ഉത്തമമാണ്. ലളിതാസഹസ്രനാമാര്‍ച്ചന കുടുംബത്തിന്റെ ഐശ്വര്യത്തിനും ലോകശാന്തിക്കും ശ്രേഷ്ഠമാണ്. ലളിതാസഹസ്രനാമം പതിവായി ചൊല്ലുന്ന വീട്ടില്‍ അന്നവസ്ത്രാദികള്‍ക്ക് ഒരിക്കലും മുട്ടുണ്ടാവുകയില്ല. പണ്ടുകാലത്ത് ഗുരുക്കന്മാര് ശിഷ്യര്‍ക്ക് കൃഷ്ണമന്ത്രവും വിഷ്ണുമന്ത്രവും മറ്റും ജപിക്കാന്‍ നല്കിയാലും ഒപ്പം ലളിതാസഹസ്രനാമാര്‍ച്ചന കൂടി ചെയ്യാന്‍ പറയും.” ഇത്തരത്തില്‍ വിശിഷ്ടമായ ലളിതാസഹസ്രനാമം സ്ത്രീപുരുഷബാലവൃദ്ധഭേദമന്യേ ആര്‍ക്കും ഏതുകാലത്തും ജപിക്കാവുന്നതാണ്. എന്നാല്‍ ശരീരശുദ്ധി, മനോശുദ്ധി എന്നിവ ജപസമയത്ത് പാലിക്കേണ്ടത് അത്യാവശ്യമാണുതാനും.
– ഡോ. ബാലകൃഷ്ണവാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: