കൊച്ചി: വക്കീലാണെന്ന് അവകാശപ്പെട്ട് നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരോട് അസഭ്യം പറയുകയും കാറ് കേടുവരുത്തുകയും ചെയ്ത യുവാവിനെതിരെ കേസെടുത്തു. പനങ്ങാട് ഞാറുകാട്ടില്‍ വീട്ടില്‍ രൂപേഷിനെതിരെയാണ് (35) സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. മഹാരാജാസ് കോളേജിന് പുറകിലുള്ള ടിഡി റോഡിലാണ് സംഭവം. കേരള കൗമുദി കൊച്ചി യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടറും സബ്എഡിറ്ററും സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് ബൈക്കിലെത്തിയ യുവാവിന്റെ കടന്നാക്രമണം ഉണ്ടായത്. താന്‍ വക്കീലാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞായിരുന്നു അസഭ്യവര്‍ഷം. സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.ഹരീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അഭിഭാഷകനല്ലെന്ന് വ്യക്തമായി. അഭിഭാഷകനാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയതിനെതിരെയും കേസെടുത്തിട്ടുണ്ട്. രൂപേഷിന്റെ അടുത്ത സുഹൃത്താണെന്ന് അവകാശപ്പെട്ട് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിയ എ.ആര്.ക്യാമ്പിലെ അങ്കമാലി സ്വദേശിയായ പോലീസുകാരനും വ്യാജ വക്കീലിന് അനുകൂലമായി പരസ്യമായി സംസാരിച്ചു. സംഭവമറിഞ്ഞ് സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയ മറ്റു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് ഈ പോലീസുകാരന് അപമര്യാദയായിട്ടാണ് പെരുമാറിയത്. ഇയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകരുടെ വ്യാജ സ്റ്റിക്കറുകള്‍ ഉണ്ടാക്കി വാഹനങ്ങളില്‍ പതിക്കുന്നത് കൊച്ചി നഗരത്തില്‍ പതിവായിട്ടുണ്ട്. അനധികൃതമായി അഭിഭാഷകരുടെ സ്റ്റിക്കര്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അസി.കമ്മീഷണര്‍ സുനില്‍ജേക്കബ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: