ചെന്നൈ: തന്റെ പിന്‍ഗാമി സ്റ്റാലിന് തന്നെയെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനുശേഷം ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാനിധി. സ്റ്റാലിനെ പിന്‍ഗാമിയാക്കുന്നതിനെതിരെ എതിര്‍പ്പുമായി കരുണാനിധിയുടെ മറ്റൊരു മകന് അഴഗിരി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്നലത്തെ പ്രസ്താവനയിലൂടെ കരുണാനിധി. പാര്‍ട്ടിയുടെ പ്രസിഡന്റായി ഒരാളെ തീരുമാനിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ സ്റ്റാലിനെയായിരിക്കും തല്‍സ്ഥാനത്തേക്ക് നിയമിക്കുകയെന്ന് കരുണാനിധി പറഞ്ഞു.
ഇത് രണ്ടാംതവണയാണ് സ്റ്റാലിനെ പിന്‍ഗാമിയായി കരുണാനിധി പ്രഖ്യാപിക്കുന്നത്. തനിക്കുശേഷം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സ്റ്റാലിനായിരിക്കുമെന്ന് കരുണാനിധി കഴിഞ്ഞ ബുധനാഴ്ച്ച നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ അഴഗിരി രംഗത്തെത്തുകയും പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ ഡിഎംകെ മതസ്ഥാപനമല്ലെന്നും വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കരുണാനിധി പറഞ്ഞു. തനിക്കുശേഷം തന്റെ പ്രവര്‍ത്തനങ്ങള്‍ സ്റ്റാലിന് ചെയ്യുമെന്നാണ് താന്‍ പറഞ്ഞത്. അതിനര്‍ത്ഥം തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചു എന്നല്ലെന്നും കരുണാനിധി പറഞ്ഞിരുന്നു. എന്നാല്‍ ആരൊക്കെ എതിര്‍ത്താലും സ്റ്റാലിന് തന്നെയായിരിക്കും തന്റെ പിന്‍ഗാമിയെന്നാണ് ഇന്നലെ കരുണാനിധി വ്യക്തമാക്കിയത്.
ഡിഎംകെ ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും മത്സരിക്കാമെന്നായിരുന്നു അഴഗിരിയുടെ പ്രസ്താവനയെക്കുറിച്ചുള്ള കരുണാനിധിയുടെ മറുപടി. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന് താന്‍ അത്രയും കാലം ജീവിച്ചിരിക്കുമോയെന്നറിയില്ലെന്നായിരുന്നു കരുണാനിധിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: