കേരളത്തിലെ ഏറ്റവും നല്ല സുഖവാസകേന്ദ്രവും സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയുമാണ് ഇടുക്കി ജില്ല. സ്ത്രീപുരുഷ അനുപാതവും ജനസാന്ദ്രതയും കുറവുള്ളതും ഇടുക്കിയാണ്. കേരളത്തിന്റെ കൂടുതല്‍ വനസമ്പത്തുള്ളതും ഇടുക്കിയിലാണ്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും തലയെടുപ്പും ഒന്നാകെ ഒത്തുവന്ന ഇടുക്കിയില്‍ നിന്നുയരുന്നത് അപശബ്ദങ്ങളാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇടുക്കിയില്‍ തമിഴര്‍ക്കിടയില്‍ തീവ്രവാദം വളര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ സംഘടിതശ്രമവും ഗൂഢാലോചനയും നടത്തുന്നതായാണ് ഒടുവിലത്തെ വിവരം. മൂന്നാര്‍ ഉള്‍പ്പെടെ തമിഴര്‍ താമസിക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി തമിഴ് തീവ്രവാദം ഇളക്കിവിടാന്‍ ഗൂഢശ്രമം നടന്നിരിക്കുന്നത്. തമിഴ് വികാരം പൊലിപ്പിക്കുന്ന പ്രത്യേക സിഡികള്‍ തയ്യാറാക്കിയാണ് പ്രചാരണം. ‘തമിഴര്‍കളം’ എന്ന സംഘടനയാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള സിഡി തയ്യാറാക്കി വിതരണം ചെയ്തിരിക്കുന്നത്. നഷ്ടപ്പെട്ട ഭൂമി എന്നര്‍ഥം വരുന്ന ‘ഇളന്തനിലം’ എന്ന പേരില്‍ ഇറക്കിയിരിക്കുന്ന സിഡി ഏതാനും മാസങ്ങള്‍ക്കു മുമ്പ് തേനിയിലാണ് പ്രകാശിപ്പിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്നമാണ് തമിഴ് വികാരം പെട്ടെന്ന് ജ്വലിപ്പിക്കാന്‍ പ്രേരകമായത് എന്നത് മറച്ചുവച്ചിട്ട് കാര്യമില്ല. മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുന്നു എന്ന് പ്രചണ്ഡമായ പ്രചാരണം നടത്താന്‍ കേരളത്തിലെ ഒരു മന്ത്രി തന്നെ മുന്നിട്ടിറങ്ങി ഭീതിപരത്തിയതോടെ തമിഴ്നാട്ടിലുണ്ടായ പ്രകമ്പനം ചെറുതായിരുന്നില്ല. നിരവധി മലയാളികള്‍ തുടര്‍ന്ന് വേട്ടയാടപ്പെട്ടു. കടകളും കമ്പോളങ്ങളും വിട്ടോടേണ്ടിവന്നു. ഇന്നിപ്പോള്‍ എല്ലാം ശാന്തമായി. പെരിയാറിലൂടെ വെള്ളം പതിവുപോലെ ഒഴുകുന്നു. ഡാം നിലനില്ക്കുകയും ചെയ്യുന്നു. പക്ഷേ അതുണ്ടാക്കിയ ഭയാനകമായ സാഹചര്യം ചെറുതായിരുന്നില്ല. അന്നുണ്ടായ ചേരിതിരിവിന്റെ പരിണതഫലമാണ് ഇന്നത്തെ മുറിവുകള്‍ക്കെല്ലാം കാരണം.
‘തമിഴര്‍കളം’ എന്ന സംഘടന ഇടുക്കിയില്‍ പുറത്തിറക്കിയ സിഡിയില്‍ വിവരിക്കുന്നത് ഇടുക്കി ഒരിക്കല്‍ തമിഴ്നാടിന്റെ ഭാഗമായിരുന്നു. പിന്നീട് മലയാളികള്‍ അത് പിടിച്ചടക്കി. അതോടെ തമിഴര്‍ക്ക് ഇടുക്കിയില്‍ സ്വാധീനം ഇല്ലാതായി. കേരളത്തിലാകട്ടെ തമിഴര്‍ വലിയ വേര്‍തിരിവ് അഭിമുഖീകരിക്കുകയാണ്. ഇന്ത്യയില്‍ തമിഴര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നതും ഇടുക്കിയിലാണ്. ഇങ്ങനെ പോകുന്നു വിവരണങ്ങള്‍. നേരത്തെ മുല്ലപ്പെരിയാര്‍ സമരത്തിന്റെ മറപിടിച്ച് ഇടുക്കിയിലെ തമിഴ് കോളനികളില്‍ തമിഴ് വികാരം ആളിക്കത്തിക്കാന്‍ ചില സംഘടനകള്‍ ശ്രമിച്ചിരുന്നു. പുതിയ നീക്കം അതിന്റെ തുടര്‍ച്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തോട്ടം മേഖലകളില്‍ ജോലി ചെയ്യുന്ന തമിഴര്‍ക്ക് മലയാളികളെക്കാള്‍ കൂലി കുറവാണ് ലഭിക്കുന്നത്. മലയാളിക്ക് 200 രൂപ ലഭിക്കുമ്പോള്‍ തമിഴര്‍ക്ക് 150 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും സിഡിയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
അനേകവര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന തമിഴര്‍ക്ക് ഭൂമി നല്കാന് കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. മാത്രമല്ല വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴരുടെ കുടിലുകള്‍ പൊളിച്ചു കളഞ്ഞതായും പ്രചരിപ്പിക്കുന്നുണ്ട്. പാര്‍വതി മലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ തമിഴരുടെ കുടിലുകള്‍ പൊളിക്കുന്നതായാണ് സിഡിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെല്ലാമെതിരെ തമിഴ് അനുകൂല പ്രതിഷേധങ്ങളുമായി രംഗത്തുവരാനാണ് സിഡിയിലെ ആഹ്വാനം. ഇത് നിസ്സാരമായി തള്ളിക്കളയേണ്ട വിഷയമല്ല. ഭാഷാവികാരം രൂഢമൂലമായിട്ടുള്ളവരാണ് തമിഴ് വംശജര്‍. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള തമിഴ് ഭാഷക്കാരില്‍ അത് കാണാം. ശ്രീലങ്കയില്‍ അതുമൂലം അനുഭവിച്ച പ്രയാസങ്ങള്‍ വിവരണാതീതമാണ്. ഇന്ത്യയില്‍ പ്രത്യേകിച്ച് ഇടുക്കിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിച്ചുപോരുന്നതിന്റെ ഒന്നാന്തരം തെളിവാണ് സിഡിയിലൂടെ കാണാനായത്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകള്‍ ഇതിന് പിന്തുണ നല്‍കാനുണ്ടാകാം. കൂടംകുളത്തിന്റെ കാര്യത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതതാണ്. അതുകൊണ്ടുതന്നെ തമിഴ്-മലയാളി സംശയങ്ങളും തര്‍ക്കങ്ങളും വളര്‍ന്നുവരാതിരിക്കാന്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ എല്ലാഭാഗത്തുനിന്നും ഉണ്ടാവുകതന്നെ വേണം. സര്‍ക്കാറും സന്നദ്ധ സംഘടനകളും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളുമെല്ലാം ഇതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം.
ദുരൂഹത നീക്കണം
കഴിഞ്ഞമാസം 16ന് ദല്‍ഹിയില്‍ ബസ്സില്‍ പീഡനത്തിന് ഇരയായി യുവതി മരണപ്പെട്ടതിനുശേഷം ഉടലെടുത്തത് ഒരുപാട് ദുരൂഹതകളാണ്. പോലീസും സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളികളും നടപടികളും നാള്‍ക്കുനാള്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല. ഒടുവില്‍ യുവതിയുടെ പിതാവ് പേര് വെളിപ്പെടുത്തുക മാത്രമല്ല തന്റെ മകളുടെ പേര് ഇന്ത്യയിലും അറിയപ്പെടണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സണ്‍ഡെ പീപ്പിള്‍ എന്ന വിദേശ പത്രത്തോട് സംസാരിക്കവെയാണ് പിതാവ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. പെണ്‍കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രക്ഷിതാക്കള്ക്കുമാത്രമല്ല കൂടെയുള്ള യുവാവിനും ഉത്തമബോധ്യമുണ്ട്. മാത്രമല്ല ബസ്സില്‍ അക്രമികളെ ചെറുത്തുനില്ക്കാനുള്ള മനോബലവും അവര്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അക്കാര്യങ്ങള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നേര്‍വഴിക്ക് കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം വളഞ്ഞവഴി അവലംബിക്കുകയാണ് ഇതുവരെയും ചെയ്തിട്ടുള്ളത്. യുവതിക്ക് ചികിത്സ നല്കുന്നതുമുതല് തുടങ്ങിയ കള്ളക്കളി ഒടുവില്‍ യുവതിയുടെ സുഹൃത്തിനെതിരെ കേസെടുക്കുന്നതുവരെ എത്തിനില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ ആറുപ്രതികളില്‍ രണ്ടുപേര്‍ മാപ്പുസാക്ഷികളാകണമെന്ന് അഭ്യര്‍ത്ഥിച്ചതായും വെളിവായിട്ടുണ്ട്. ഇതിലെല്ലാം എന്തോ പന്തികേട് പ്രകടമാകുകയാണ്. സര്‍ക്കാരിന്റെ വീഴ്ചയും പോലീസിന്റെ നിരുത്തരവാദിത്വവുമെല്ലാം തെളിഞ്ഞ ഈ സംഭവം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതിനു മുമ്പ് ദുരൂഹത നീക്കാന്‍ തയ്യാറായെ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: