കൊച്ചി: കുടുംബബജറ്റുകള്‍ തകിടംമറിച്ചുകൊണ്ട് സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് പൊതുവിപണിയിലെ കുത്തരിയുടെ വില കിലോക്ക് 42 രൂപയായി. പൊതുവിതരണ സംവിധാനം വഴി വിപണിയിലിടപെട്ട് വിലവര്‍ധന പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം ഫലം കണ്ടില്ല. സീസണ് അല്ലാത്തതിനാല്‍ ആന്ധ്ര, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍നിന്നും അരിയും നെല്ലും അടുത്ത രണ്ട് മാസത്തേക്കുകൂടി കേരളത്തിലെത്തില്ല. ഇതോടെ കുത്തരിയുടെ (മട്ട) വില കിലോ 60 വരെ എത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്ത് നെല്ല് സംഭരണം കാര്യക്ഷമമല്ലാത്തതും ഉല്പാദനം കുറഞ്ഞതുമാണ് വിലവര്‍ധനവ് റെക്കോഡ് ഭേദിക്കാന്‍ മുഖ്യകാരണം. കേരളത്തില്‍ ഏറ്റവും ഡിമാന്റുള്ളത് കുത്തരിക്കാണ്. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുമാണ് കുത്തരി (മട്ട) പ്രധാനമായും സംസ്ഥാനത്തെത്തുന്നത്. ഇവിടുത്തെ മില്ലുകളും ബ്രാന്റു ചെയ്തും അല്ലാതെയും അരി വിപണിയിലെത്തിക്കുന്നുണ്ട്. റേഷന്‍കടകള്‍ വഴിയും മറ്റ് പൊതുവിതരണ സംവിധാനങ്ങള്‍ വഴിയും കുത്തരി വില്‍പ്പന നടത്തുന്നുണ്ട്. വിവിധ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കായി 5.40 രൂപ മുതല്‍ 16.80 രൂപവരെയാണ് ഇതിന്റെ വില. എന്നാല്‍ ഗുണനിലവാരവും ആവശ്യത്തിനുള്ള ലഭ്യതയും ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ വലിയൊരു വിഭാഗം പേര് കുത്തരിക്കായി പൊതുവിപണിയെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. ഈ അവസരം പരമാവധി മുതലെടുക്കുവാനായി കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും രംഗത്ത് സജീവമാണ്.
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളാണ് കുത്തരിയുടെ ഏറ്റവും വലിയ വിപണി. സദ്യകള്‍ക്കും ഹോട്ടല്‍ ആവശ്യങ്ങള്‍ക്കും ഏറ്റവുമധികം ഉപയോഗിക്കുന്നത് മട്ട എന്നറിയപ്പെടുന്ന കുത്തരിതന്നെയാണ്. 2005 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ കിലോക്ക് 15 നും 20 നും ഇടക്കായിരുന്നു ഈ ഇനത്തിന്റെ വില.
എന്നാല്‍ തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ ഇത് 26 മുതല്‍ 28 വരെയായി ഉയര്‍ന്നു. 2011-12 വര്‍ഷങ്ങളിലാണ് വിലവര്‍ധനവ് ക്രമാതീതമായിത്തീര്ന്നത്. ഏറ്റവും ഒടുവില്‍ 2013 തുടക്കത്തില്‍ എല്ലാ റെക്കോഡുകളും ഭേദിച്ചുകൊണ്ട് കിലോക്ക് 42 രൂപ എന്ന നിലയിലെത്തിയിരിക്കുകയാണിപ്പോള്.
കുത്തരിക്കും ഒപ്പംതന്നെ മറ്റ് ഇനത്തില്‍പ്പെട്ട അരികള്‍ക്കും വിലകൂടിയത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലനിലവാരവും വര്‍ധിക്കാനിടയാക്കി. 15 മുതല്‍ 20 രൂപക്ക്വരെ ഹോട്ടലുകളില്‍ ഉച്ചയൂണ് ലഭിച്ചിരുന്ന സ്ഥാനത്ത് ചുരുങ്ങിയ കാലം കൊണ്ട് ഇത് 40 മുതല്‍ 50 രൂപവരെയായി ഉയര്‍ന്നു. വിവാഹസദ്യകള്‍ക്കും ഇല ഒന്നിന് 45 മുതല്‍ 55 രൂപവരെ ആയിരുന്നത് ഒറ്റയടിക്ക് 80 മുതല്‍ 100 രൂപ വരെയായി വര്‍ധിപ്പിച്ചു.
സംസ്ഥാനത്ത് നെല്ല് ഉല്പാദനം കുറഞ്ഞതുതന്നെയാണ് മലയാളിയുടെ മുഖ്യ ആഹാരമായ അരിയുടെ വില നാള്‍ക്കുനാള്‍ വര്ധിക്കുവാന് മുഖ്യകാരണം. ചരക്കുകൂലി അടിക്കടി കൂടുന്നതും വില ഉയരാന്‍ കാരണമാണ്. കാലാവസ്ഥ പ്രതികൂലമാകുന്നതിനാല്‍ നെല്ല് ഉല്പാദനത്തില് പലപ്പോഴും കുറവ് സംഭവിക്കുന്നതായി മില്ലുടമകള്‍ പറയുന്നു. കിലോക്ക് 42 എന്നത് 45 ലേക്കും അന്പതിലേക്കും ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് ചില്ലറ മൊത്തവ്യാപാരികളുടെ അഭിപ്രായം.
>> എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: