ഇന്ത്യയിലെ പ്രമുഖനായ ഒരു ദൃശ്യ-പത്രമാധ്യമപ്രവര്ത്തകനെ അടുത്തിടെ ദല്‍ഹിയിലെ ഒരുകൂട്ടം മാധ്യമവിദ്യാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അവര്‍ ഒരു ചോദ്യം ചോദിച്ചു. താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്ത വായനക്കാരന് ആരാണെന്ന്. എന്‍.ഡി.ടി.വിയിലേയോ സി.എന്‍.എന്‍ ഐ.ബി.എന്നിലേയോ ടൈംസ് നൗവിലേയോ ഏതെങ്കിലും വാര്ത്താവായനക്കാരന്റെ പേര് പ്രതീക്ഷിച്ചിരുന്ന മാധ്യമക്കുട്ടികളോട് പ്രമുഖനായ ആ ജേര്‍ണലിസ്റ്റ് ഒരു നിമിഷം പോലും ആലോചിക്കാതെ ഉത്തരം പറഞ്ഞു – ആര്.ബാലകൃഷ്ണന്. തിരുവനന്തപുരം ദൂരദര്‍ശനിലെ വാര്‍ത്താവായനക്കാരന്‍.
ദല്‍ഹിയിലെ മാധ്യമക്കുട്ടികള്‍ക്ക് അപരിചിതമായിരുന്നു ആ പേര്. അവരുടെ അമ്പരപ്പ് കണ്ട് ആ പ്രമുഖ ജേര്‍ണലിസ്റ്റ് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു – വാര്‍ത്ത, അത് ഏറ്റവും വ്യക്തമായി അഭിനയമികവുകളില്ലാതെ, നീട്ടിക്കുറുക്കി വലിച്ചുനീട്ടാതെ കാഴ്ചക്കാരനിലേക്ക് എത്തിക്കുകയെന്നതാണ് ഓരോ വാര്‍ത്ത വായനക്കാരന്റേയും ധര്‍മം. നിങ്ങള്‍ ഒരു ദിവസം മുഴുവന്‍ ഓടിനടന്ന് തപ്പിയെടുത്ത് കൊണ്ടുവരുന്ന വാര്‍ത്ത ലോകമറിയുന്നത് വാര്ത്തവായനക്കാരിലൂടെയാണ്. അതുകൊണ്ട് വ്യക്തമായി, അക്ഷരസ്ഫുടതയോടെ, ഭാവഭേദങ്ങളില്ലാതെ ആര്‍ക്കും കേട്ടാല്‍ മനസ്സിലാകുന്ന തരത്തിലുളള മോഡുലേഷനിലൂടെ വാര്‍ത്ത അവതരിപ്പിക്കണം.
ഞാനീ പറഞ്ഞ ബാലകൃഷ്ണന് അക്കൂട്ടത്തില്‍ പെടുന്നയാളാണ്. ഒന്നോ രണ്ടോ കൊല്ലമല്ല, കഴിഞ്ഞ 25 വര്‍ഷത്തോളമായി ഞാനാ ശബ്ദം കേള്‍ക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം സ്വരം. ഇത് കേള്‍ക്കൂ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ മൊബെയിലില്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടുളള തിരുവനന്തപുരം ദൂരദര്‍ശനിലെ ആര്.ബാലകൃഷ്ണന്റെ വാര്‍ത്തയുടെ ക്ലിപ്പിംഗ് തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. ദല്‍ഹിയിലെ മാധ്യമക്കുട്ടികളുടെ ഹൃദയത്തില്‍ അപ്പോള്‍ ദൈവത്തിന്റെ സ്വന്തം സ്വരം നിറഞ്ഞു. നമുക്കേറെ പരിചിതമായ ആ ശബ്ദം..
അതെ, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ ശബ്ദം നമ്മള്‍ക്ക് സുപരിചിതമാണ്. അതുപോലെതന്നെ രൂപവും. വാര്‍ത്താവായനയുടെ ലോകത്ത് അനുകരിക്കാനായി ആരുംതന്നെ ഇല്ലാതിരുന്നപ്പോള്‍ തന്റേതായ ശൈലിയില്‍ വാര്‍ത്തകള്‍ വായിച്ച് മലയാളിക്ക് ഏറെ സുപരിചിതനായിരുന്നു ആര്.ബാലകൃഷ്ണന്. വാര്‍ത്തകളെ കാണുകയും വാര്‍ത്തയുടെ സ്വഭാവത്തിനനുസരിച്ച് ഭാവഭേദങ്ങള്‍ ഇല്ലാതെ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന അപൂര്‍വ വ്യക്തിത്വം.
ടെലിവിഷന്‍ തന്നെ അപൂര്‍വമായിരുന്ന കാലത്താണ് ദൂരദര്ശന് ചാനല്‍ തുടങ്ങുന്നത്. ആദ്യകാലത്ത് കേരളത്തില്‍ത്തന്നെ എല്ലായിടത്തും പരിപാടികള്‍ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. ദൂരദര്‍ശനില്‍ വാര്‍ത്തകള്‍ ആരംഭിക്കുന്നത് അപ്പോഴാണ്. മലയാളത്തിലെ ആദ്യ വാര്‍ത്താവായനക്കാരില്‍ പ്രമുഖര്‍ ജി.ആര്.കണ്ണന്, ഹേമലത, മായ ശ്രീകുമാര്‍, രാജേശ്വരി മോഹന്‍, ആര്.ബാലകൃഷ്ണന് എന്നിവരായിരുന്നു. ഇതില്‍ ചുരുക്കം ചിലരൊഴിച്ച് ബാക്കി പലരും ഇന്ന് മറ്റു സ്വകാര്യ ചാനലുകളിലാണ്. മലയാളത്തിലെ എണ്ണം പെരുകിയപ്പോള്‍, ഓരോ ചാനലിലേയും വാര്‍ത്താ ബുള്ളറ്റിനുകളുടെ എണ്ണം കൂടിയപ്പോള്‍, വാര്‍ത്താ അവതരാകരുടെ എണ്ണം കൂടിയപ്പോള്‍ ജനമനസ്സുകളില്‍ വാര്‍ത്താ അവതാരകര്ക്കുളള ഇടം പതിയെ നഷ്ടമായി. എന്നാല്‍ ഇന്നും കേരളീയ മനസ്സുകളില്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന പേരാണ് ആര്.ബാലകൃഷ്ണന് എന്നത്.
നാട്യശാസ്ത്രത്തിലെ അഭിനയപാഠങ്ങള്‍ പഠിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയ പുതിയതലമുറയിലെ വാര്‍ത്താഅവതാരകര്‍ കണ്ടു പഠിക്കേണ്ട വ്യക്തിത്വമാണ് ആര്.ബാലകൃഷ്ണന്റേത്. കണ്ടില്ലെങ്കില്‍ പോലും ബാലകൃഷ്ണന്റെ വാര്‍ത്ത കേട്ടാല്‍ മതി എല്ലാം മനസ്സിലാക്കാനെന്ന് പലരും പറയാറുണ്ട്. റേഡിയോ വാര്‍ത്തകള്‍ കേട്ട് ശീലിച്ച ഒരു തലമുറ പെട്ടന്ന് ടെലിവിഷന്‍ വാര്‍ത്തകളിലേക്ക് മാറിയപ്പോള്‍ അവര്‍ക്ക് രുചിക്കുന്ന തരത്തില്‍ തന്നെ വാര്‍ത്താശൈലി വേണമെന്ന് ദൂരദര്ശന് നിശ്ചയിച്ചിരുന്നു. അതിനാല്‍ അധികം ഗിമ്മിക്കുകളൊന്നുമില്ലാതെ തന്നെ ദൂരദര്‍ശനിലെ വാര്‍ത്താ അവതാരകര്‍ നമുക്ക് മുന്നിലെത്തി. അവരുടെ വാര്‍ത്തകള്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ് സംപ്രേഷണം ചെയ്തത്.
വാര്‍ത്താ അവതരണത്തിലെ സാധാരണത്വത്തിനപ്പുറം ദൂരദര്ശന് കാണുന്ന സാധാരണക്കാരുടെ പ്രതിനിധി കൂടിയായിരുന്നു ബാലകൃഷ്ണന്. ജനങ്ങളുമായി അടുത്തിടപഴകുമ്പോള്‍ കിട്ടുന്ന ഇംപാക്ടുകളാണ് പലപ്പോഴും ഒരു വാര്‍ത്താ അവതരാകനെന്ന നിലയില്‍ അദ്ദേഹത്തിന് തുണയായിട്ടുള്ളത്.
വാര്‍ത്താ അവതാരകന് എന്ന പ്രൊഫഷണിലേക്ക് അവിചാരിതമായാണ് ബാലകൃഷ്ണന് കടന്നുവരുന്നത്. ബാലകൃഷ്ണന് പതിയെ ആ ഓര്‍മകളിലേക്ക് ലയിച്ചു…
“പത്രപ്രവര്ത്തകനാകുവാനായിരുന്നു മോഹം. കോളേജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്ത് ഒരു പരസ്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണെങ്കിലും അച്ഛന് ബി.ആര്.മേനോന് തൃശൂര്‍ ജില്ലയിലെ കൊരട്ടി മദുരകോട്സിലെ മാനേജരായിരുന്നതിനാല്‍ കൊരട്ടിയിലാണ് സ്ഥിരതാമസം. ഒരു ദിവസം ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ദൂരദര്‍ശനില്‍ വാര്‍ത്താ അവതരണത്തിന് ആളുകളെ എടുക്കുന്ന വിവരം റോഡിയോയിലെ തൊഴിലവസരങ്ങളില്‍ കേട്ട് അച്ഛന് അപേക്ഷ അയക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത്. അപ്പോള്‍ ജന്മഭൂമിയില് സബ് എഡിറ്ററായി ജോലി നോക്കുകയായിരുന്നു.
ജന്മഭൂമിയിലെ ജോലിയാണ് തന്നെ ഏറെ സ്വാധീനിച്ചതും തന്നിലെ കഴിവുകള്‍ പുറത്തുവരാന്‍ സഹായിച്ചതും. ആദ്യമായി സിനിമാ അവലോകനം എഴുതി നേരിട്ട് ജന്മഭൂമി കൊച്ചി ഓഫീസില്‍ എത്തിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. മുഖ്യപത്രാധിപരായിരുന്ന വി.എം.കൊറാത്ത് സാറിന്റെ ശിക്ഷണമാണ് തന്റെ ഒപ്പമുണ്ടായിരുന്ന പലര്‍ക്കും ഏറെ ഗുണം ചെയ്തിട്ടുള്ളത്. കെ.കുഞ്ഞിക്കണ്ണന്, കാവാലം ശശികുമാര്‍, അനില്‍ജി, എം.ജയചന്ദ്രന്, ആര്.കൃഷ്ണന്, ടി.കെ.സുനില്‍കുമാര്‍, സി.എം.കൃഷ്ണനുണ്ണി, രമേശ് കുറുപ്പ് തുടങ്ങിയ വലിയ ഒരു നീണ്ട നിരതന്നെ അന്ന് ജന്മഭൂമിയില് സജീവമായിരുന്നു. ഇവരില്‍ പലരും പല പത്ര-ദൃശ്യമാധ്യമങ്ങളില്‍ മുന്നേറുകയാണ്…”
സുഹൃത്തുക്കളെയും ഗുരുനാഥന്മാരേയും കുറിച്ച് വാചാലനായ ബാലകൃഷ്ണന് വീണ്ടും ഓര്‍മകളിലേക്ക് തിരിച്ചെത്തി…
“വാര്‍ത്താ അവതാരകനായി അപേക്ഷ സ്വീകരിച്ചതിനെത്തുടര്‍ന്ന് ഒഡീഷനും, ടെസ്റ്റും മറ്റും കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തോളം സമയം കഴിഞ്ഞാണ് പരിശീലനവും മറ്റും നല്‍കിത്. 1987 ഒക്ടോബര്‍ 23നാണ് ആദ്യമായി ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ചുതുടങ്ങിയത്. ആദ്യദിവസം ക്യാമറയെ അഭിമുഖീകരിച്ച് വാര്‍ത്ത വായിച്ചപ്പോള്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ദിവസം ആയപ്പോഴേക്കും ആകെ ടെന്‍ഷനായി. ആളുകള്‍ കുറേശ്ശെ അറിഞ്ഞു തുടങ്ങിയപ്പോഴാണ് ടെന്‍ഷനും മറ്റും തുടങ്ങിയത്. പിന്നീട് അതെല്ലാം മാറി. വാര്‍ത്ത വായനയും ജന്മഭൂമിയിലെ ജോലിയും ഒന്നിച്ച് കൊണ്ടുപോവുകയായിരുന്നു. മാസത്തില്‍ ആറോ, എട്ടോ ദിവസമായിരിക്കും വാര്‍ത്തകള്‍ വായിക്കേണ്ടി വരിക. ബാക്കി സമയം ജന്മഭൂമിയിലാണ്. ആദ്യമായി സിനിമാവലോകനം, സ്പോര്‍ട്സ് അവലോകനം തുടങ്ങി ഒളിമ്പിക്സ്, ലോകകപ്പ് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അവലോകനം തയ്യാറാക്കിയിരുന്നു. ജന്മഭൂമിയില്വച്ചാണ് സിനിമാ-സ്പോര്‍ട്സ് ലേഖനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ അവാര്‍ഡുകള്‍ ലഭിച്ചത്. പി.പരമേശ്വര്‍ജി,അന്തരിച്ച കെ.ജി.മാരാര്‍ജി തുടങ്ങിയവരുടെ ഉപദേശങ്ങളും അവരുടെ അനുഭവങ്ങളും മറ്റും കേള്‍ക്കാനും അവസരങ്ങള്‍ ജന്മഭൂമിയിലൂടെ ലഭിച്ചിരുന്നു. കുരുക്ഷേത്ര പ്രകാശന്റെ എഡിറ്ററായിരുന്നപ്പോഴാണ് കെ.കുഞ്ഞിക്കണ്ണന് രചിച്ച “കെ.ജി.മാരാര്‍ രാഷ്ട്രീയത്തിലെ സ്നേഹസാഗരം” എന്ന പുസ്തകം എഡിറ്റ് ചെയ്ത് പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത്. അത് ഏറെ ഭാഗ്യമായി കരുതുന്നു.
ആദ്യകാലത്ത് തന്റെയൊപ്പം വാര്‍ത്തകളുടെ ലോകത്ത് എത്തിയ പലരും സ്വകാര്യ ചാനലുകളില്‍ പോയെങ്കിലും പലപ്പോഴും മറ്റു പല ചാനലുകളില്‍നിന്ന് ക്ഷണം വന്നപ്പോഴും സ്നേഹപൂര്‍വം അവ നിരസിക്കുകയായിരുന്നു. സാമ്പത്തികമായി നേട്ടം ഉണ്ടാക്കാമായിരുന്നുവെങ്കിലും ദൂരദര്‍ശനില്‍ നില്ക്കുമ്പോള് ലഭിക്കുന്ന മാനസികസുഖം മേറ്റ്വിടെയും ലഭിക്കുകയില്ല. ദൂരദര്‍ശന്റെ ആധികാരികതയും നിഷ്പക്ഷതയും എല്ലാം മേറ്റ്വിടെയും ഉണ്ടാവുകയില്ല. ദൂരദര്ശന് വാര്‍ത്ത ആരംഭിച്ച കാലം മുതല്‍ ലൈവാണ്. ഇന്നുവരെ വായിച്ച ഒരു വാര്‍ത്ത തിരുത്തി വായിക്കേണ്ടി വന്നിട്ടില്ല. വാര്‍ത്തകളുടെ നിജസ്ഥിതി അറിഞ്ഞതിനുശേഷം, ആധികാരികത ഉറപ്പാക്കിയ വാര്‍ത്തകളെ വായിക്കാറുള്ളൂ. എന്നാല്‍ ഇപ്പോള്‍ അതുകൊണ്ട് പലപ്പോഴും ദൂരദര്‍ശനില്‍ വാര്‍ത്തകള്‍ അവസാനമാണ് അറിയുന്നത് എന്നാണ് ജനങ്ങളുടെ വിശ്വാസം. ഊഹാപോഹങ്ങള്‍ കൊടുക്കാറില്ല. വാര്‍ത്തകളെ ആഘോഷിക്കാറുമില്ല. ഇന്ന് ഇതെല്ലാം മറിച്ചാണ്. ദുഃഖമായാലും സന്തോഷമായാലും എല്ലാ വാര്‍ത്തകളും എല്ലാവരും ആഘോഷിക്കുകയാണ്. മത്സരത്തില്‍ ആര് മുന്നേറുന്നു എന്നതിലാണ് ഇപ്പോള്‍ ചിന്ത….”
പുതുതലമുറയിലെ എല്ലാവര്ക്കും അനുകരിക്കാനായി പലരും ഉള്ളപ്പോള്‍ ആരേയും അനുകരിക്കാന്‍ ഇല്ലാത്ത കാലത്ത് സ്വന്തമായി ശൈലി ഉണ്ടാക്കി ജനമനസ്സുകളില്‍ ഇത്രമാത്രം ഇടംനേടുക സാധാരണകാര്യമല്ല. കാലത്തിനനുസരിച്ച് പല മാറ്റങ്ങളും ദൂരദര്‍ശനിലും വന്നുവെങ്കിലും പല പുതിയ വാര്‍ത്തവായനക്കാരും എത്തിയെങ്കിലും വാര്‍ത്തവായനയിലൂടെ പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരാളില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലം വാര്‍ത്ത വായനക്കിടയില്‍ പല സുപ്രധാന വാര്‍ത്തകളും വായിക്കാന്‍ അവസരം ലഭിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് ബാലകൃഷ്ണന്.
കൊരട്ടി ജംഗ്ഷന് സമീപം ‘മഞ്ജുഷ്’ എന്ന വീട്ടില്‍ അമ്മ ശാന്തയ്ക്കും, ഭാര്യ സന്ധ്യ, മക്കളായ അപര്‍ണ, അനഘ(വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ക്കുമൊപ്പം അദ്ദേഹം താമസിക്കുന്നു.
തുടങ്ങിയിടത്തേക്കുതന്നെ തിരിച്ചെത്താം..
ദല്‍ഹിയിലെ ഗോസായി കുടുംബങ്ങളില്‍ നിന്നുളള ന്യൂജനറേഷന് മാധ്യമക്കുട്ടികളോട് പ്രമുഖനായ ആ ജേര്‍ണലിസ്റ്റ് ഇത്ര കൂടി പറഞ്ഞു.. നിങ്ങള്‍ മാധ്യമവിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ആര്.ബാലകൃഷ്ണന്റെ വാര്‍ത്തകള്‍ കേള്‍ക്കണം. അതൊരു പാഠപുസ്തകമാണ്. വരും തലമുറകള്‍ക്കായുള്ള പാഠപുസ്തകം.
** ഷാലി മുരിങ്ങൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: