സൈബര്‍ കാലത്തെ ചിത്രകലയില്‍ നന്മയുടെ വര്‍ണങ്ങള്‍ ചാലിച്ചുചേര്ക്കുകയാണ് ജയശ്രീ വേണുഗോപാല്‍. ചിത്രകലാരംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ട ഡിജിറ്റല്‍ പെയിന്റിംഗുകള്‍ കൂടുതല്‍ ആസ്വാദകരിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജയശ്രീ ആവിഷ്ക്കരിച്ച ‘നന്മയുടെ നറുമൊഴികള്‍ ‘ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഇന്റര്‍നെറ്റിലെ ഡിജിറ്റല്‍ എക്സിബിഷന്റെ പത്താം വാര്‍ഷിക ദിനമായ 2012 ഫെബ്രുവരി പതിനാറിനാണ് വിദ്യാലയങ്ങളില്‍ ഈ ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന് ജയശ്രീ തുടക്കമിട്ടത്.
“മാനവരാശിയുടെ വഴികാട്ടിയാണ് പഴമൊഴികള്‍. ഏതെങ്കിലുമൊരു തിന്മയെ തിരുത്താന്‍ ശ്രമിയ്ക്കുന്നതിനെക്കാള് എളുപ്പമാണ് കുരുന്നുപ്രായത്തില്ത്തന്നെ മനസ്സില്‍ നന്മകള് വേരോടാന്‍ സഹായിക്കുന്നത്. ഒരാളെ അറിയുന്നത് അയാളുടെ സുഹൃത്തുക്കളിലൂടെയാണ് എന്ന ഇംഗ്ലീഷ് പഴമൊഴി മനസ്സിലുണ്ടെങ്കില്‍ നമ്മുടെ കുട്ടികള്‍ ചീത്ത കൂട്ടുകെട്ടിലെത്താന് മടിയ്ക്കും”- എന്നാണ് മതഗ്രന്ഥങ്ങളേയും അവയിലെ മഹദ് വചനങ്ങളേയും ആത്മാനുഭവങ്ങളേയും ആധാരമാക്കി ഒരുക്കിയിട്ടുള്ള നന്മയുടെ നറുമൊഴികളെക്കുറിച്ച് ജയശ്രീക്ക് പറയാനുള്ളത്.
ഡിജിറ്റല്‍ പെയിന്റിംഗുകളിലൂടെ ഗാന്ധിസത്തെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിനൊന്ന് വര്‍ഷം മുമ്പ് കേരളത്തിലാദ്യമായി ജയശ്രീ ഗ്യാലറി എക്സിബിഷനുകള്‍ തുടങ്ങിയത്. “മനസ്സില്‍ ഒരാശയം വിരിയുമ്പോള്‍ തത്സമയം തന്നെ അത് ചിത്രീകരിക്കാനാകും എന്നതാണ് ഡിജിറ്റല്‍ ആര്‍ട്ടിന്റെ സവിശേഷത. ഒരുമയ്ക്ക് പ്രാധാന്യം കൊടുക്കാനാണ് മതഗ്രന്ഥങ്ങളിലെ വാക്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്”-ജയശ്രീ വിശദീകരിക്കുന്നു.
ഡിജിറ്റല്‍ പെയിന്റിംഗ് ഗ്യാലറി എക്സിബിഷന്റെ പതിനൊന്നാം വാര്‍ഷിക ദിനമായ 2012 ഡിസംബര്‍ 14 വരെയാണ് നന്മയുടെ നറുമൊഴികള്‍ എന്ന ഏകാംഗ ചിത്രപ്രദര്‍ശനം നടത്താന്‍ ജയശ്രീ തീരുമാനിച്ചതെങ്കിലും വിദ്യാര്‍ത്ഥികളില്‍നിന്നും ലഭിച്ച നല്ല പ്രതികരണം ചിത്രകാരിയുടെ മനസ്സ് മാറ്റി. നന്മയുടെ നറുമൊഴികള്‍ തുടരാന്‍ തന്നെ അവര്‍ തീരുമാനിച്ചു.
കല ദൈവദത്തമാണെന്ന് അറിയുന്ന ജയശ്രീ സൈബര്‍ ജനറേഷന് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പരിശിലീപ്പിക്കാനുള്ള പ്രചോദനം നല്കാന് തന്റെ ഡിജിറ്റല്‍ പെയിന്റിംഗ് എക്സിബിഷനുകള്‍ സഹായകമാകുമെന്ന് വിശ്വസിക്കുന്നു. കൊച്ചിന് യൂണിവേഴിസിറ്റി ഡപ്യൂട്ടി രജിസ്ട്രാറായ ജയശ്രീ ഏത് തിരക്കിനിടയിലും സ്കൂള്‍ അധികൃതരുടെ ക്ഷണം അനുസരിച്ച് ഡിജിറ്റല്‍ എക്സിബിഷന് നടത്താന്‍ സന്നദ്ധയാണ്. പതിനൊന്ന് വര്‍ഷമായി തുടരുന്ന ഇന്റര്‍നെറ്റ് പെയിന്റിംഗും ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷനുകളും ജയശ്രീ എന്ന ചിത്രകാരിയെ സമകാലികരില്‍നിന്നും വ്യത്യസ്തയാക്കുന്നു. കാഴ്ചയും അനുഭൂതിയും പകര്ന്നുനല്കുന്ന ചിത്രകലയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയുമുണ്ടെന്ന തിരിച്ചറിവ് മറ്റാരേക്കാളും ജയശ്രീയ്ക്കുണ്ട്.
** കെ.പി.എം
പ്രതികരിക്കാൻ ഇവിടെ എഴുതുക: