ഒരു പേരില്‍ എന്തിരിക്കുന്നു എന്നാണ് വിശ്വോത്തരനാടകകൃത്ത് ചോദിച്ചത്. മറുപടികിട്ടിയോ എന്നറിയില്ല. ഒരു പേരില്‍ പലതുമിരിക്കുന്നു എന്നാണ് ആധുനികകാലത്തെ മഹാന്മാരും (മഹതികളും) പറയുന്നത്. പേര് പലതും കൊണ്ടുവരും. പലസ്ഥാനങ്ങളും കിട്ടിയെന്നുവരും, ചിലപ്പോള്‍ പോയെന്നും. നന്നായി ആംഗലത്തില്‍ എഴുതാനും സംസാരിക്കാനും അറിയുന്ന ബഹുമുഖപ്രതിഭയാണ് ഐക്യരാഷ്ട്രസഭയുടെ അണിയറയില്‍നിന്ന് തിര്വന്തോരത്തെ സാധാരണക്കാരെ സേവിക്കാന്‍ ഇറങ്ങിത്തിരിച്ച നമ്മുടെ തരൂരെ ശശി. അദന്നെ, ശശിതരൂര്‍ അദ്യം.
ടിയാന് ഇപ്പോള്‍ കടുത്ത പ്രശ്നം എന്താണെന്നു വെച്ചാല്‍ ട്വീറ്റ് ചെയ്യുമ്പോള്‍ ഒരു പേര് എഴുതാനാവുന്നില്ല. അടുത്തിടെ ഇന്ദ്രപ്രസ്ഥത്തില്‍നിന്ന് കടിച്ചുപറിക്കപ്പെട്ട് അങ്ങ് സിംഗപ്പൂരില്‍നിന്ന് ഉയിരുപോയ പെണ്‍കുട്ടിയുടെ പേര് പുറത്തു പറയണം. ആരുമതിന് തയാറാകാത്തതില്‍ ശശിയദ്യത്തിന് പെരുത്തുണ്ട് ദേഷ്യം. അതദ്ദേഹം ട്വീറ്റ് ചെയ്ത് തീര്‍ക്കുകയാണ്. ഇതാ ഇങ്ങനെ: ആ പെണ്‍കുട്ടിയുടെ പേര് ഇനിയും രഹസ്യമാക്കി വെക്കുന്നതിലൂടെ ഏത് ലക്ഷ്യമാണ് സാധൂകരിക്കപ്പെടുകയെന്ന് അറിയില്ല. എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുകയും സ്വന്തം വ്യക്തിത്വമുള്ള ഒരാളെന്ന നിലയില്‍ ആദരിക്കുകയും ചെയ്തുകൂടാ? ഈ ചോദ്യം പലരും ചോദിക്കുന്നുണ്ട്. സാധാരണഗതിയില്‍ ഒരാള്‍ മരിച്ചാല്‍ ഫോട്ടോയും വിവരവും മാധ്യമങ്ങളില്‍ വരും. പേരും പ്രശസ്തിയുമനുസരിച്ച് കൊടുക്കുന്ന സ്ഥലവും വിശദീകരണവും വ്യത്യസ്തതരത്തിലാവും എന്നേയുള്ളൂ.
ക്രൗര്യം കൊത്തിപ്പിളര്‍ന്ന ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ പേരുപോലും ഭരണകക്ഷിയേയും സര്‍ക്കാരിനെയും ഞെട്ടിക്കുന്നുവത്രേ. തരൂര്‍ ശശി എന്തൊക്കെപ്പറഞ്ഞാലും പേരുവിവരങ്ങള്‍ ബ്ലാക്ക്ക്യാറ്റ് കമാണ്ടോകള്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അതങ്ങനെ പരസ്യപ്പെടുത്തുന്നത് വമ്പന്‍ അടിക്കുകാരണമായേക്കുമെന്നാണ് ഭരണകക്ഷിയുടെ ഉന്നതകണക്കപ്പിള്ളമാര് ശങ്കിക്കുന്നത്. വിവാദമുണ്ടാക്കാന്‍ മിടുക്കനും അതുവഴി സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്താന്‍ അതിലും മിടുക്കനുമായ ശശിതരൂരിന്റെ ട്വിറ്റര്‍ മഹാമഹം അങ്ങനെ തുടരും. നെയ്യാനറിയുന്നവനെ പാത്രമുണ്ടാക്കാനും പാത്രമുണ്ടാക്കുന്നവനെ കോണ്‍ക്രീറ്റ് പണിക്കും വിട്ടാല്‍ എന്താണ് സംഭവിക്കുക? ഇവിടെയും അങ്ങനെയേ സംഭവിച്ചിട്ടുള്ളൂ.
വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ പാവകണക്കെ നില്ക്കുന്നയാളെക്കുറിച്ച് എന്താണഭിപ്രായം. ഒരു മനുഷ്യനെന്ന നിലയ്ക്ക് ഇത്തിരിവികാര പ്രകടനമൊക്കെ നടത്തിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? എന്നു വിചാരിച്ച് അഭിനയകലയുടെ തമ്പുരാനായ മോഹന്‍ലാല്‍ ആവുകയൊന്നും വേണ്ട. ഇത്തിരി മനുഷ്യപ്പറ്റ് കാണിക്കാം. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ടിജെഎസ് ജോര്‍ജ്ജും അത്രയേ പറയുന്നുള്ളൂ. കുഡിന്റ് ദ പിഎം ഷോ സം ഫീലിങ്ങ്സ് ഇന്‍ എ ടൈം ഓഫ് സ്ട്രോങ്ങ് ഫീലിങ്ങ്സ്? എന്നാണ് ഡിസം 30 ന് ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ അദ്ദേഹമെഴുതിയ കുറിപ്പിന്റെ തലക്കെട്ട്. 2012 ല്‍ ഒട്ടേറെ ഞെട്ടലുണ്ടാക്കിയ സംഭവങ്ങള്‍ ഉണ്ടായെന്ന് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. അതിലേറ്റവും ഭീകരം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ബലാത്സംഗപ്രസംഗം (റേപ് സ്പീച്ച് എന്ന് ജോര്‍ജ്) ആണത്രെ. ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന, ഇന്ത്യയില്‍ അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതികരണങ്ങളുടെ ഉച്ചസ്ഥായിയില്‍ വികാരരഹിതനായി മന്മോഹന്സിങ്ങെന്ന പ്രധാനമന്ത്രിക്ക് ഠീഖെ എന്ന അവസാന വാചകത്തോടെയുള്ള പ്രസംഗം എങ്ങനെ നടത്താനായി എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മാനവികതയുടെ മഹാസംസ്കാരത്തിന്റെ ഗരിമ സിരകളിലൂടൊഴുകുന്ന ഏതെങ്കിലും ഇന്ത്യക്കാരന് ഇത്ര നിസ്സംഗനായി സംസാരിക്കാന്‍ കഴിയുമോ എന്ന് ജോര്‍ജ് ആശ്ചര്യപ്പെടുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശക്തി മൊഴിമാറ്റിയാല്‍ ചോര്‍ന്നുപോകുമെന്ന ഭയംകൊണ്ട് അങ്ങനെതന്നെ ചേര്‍ക്കുന്നു; ക്ഷമിക്കുക: Manmohan Singh’s rape speech will be remembered as the grand tragedy of 2012. Perhaps he had no choice. The presence of the highcommand is so overpowering that only an expressionless, opinionless, emotionless primeminister can be theek hai. ഇങ്ങനെയുള്ള വികാരരഹിതനായതുകൊണ്ടാവാം ഏറെ പരിക്കേല്‍ക്കാതെ ഇന്ത്യാമഹാരാജ്യത്തെ അദ്യം നയിച്ചുകൊണ്ടു പോവുന്നത്. സാമ്പത്തിക ശാസ്ത്രത്തിന്റെ മറുകരകണ്ട ബഹുമാനിതനായതുകൊണ്ട് ഓരോന്നിന്റെയും വാണിജ്യ സാധ്യതകള്‍ കണ്ടെത്താനും ഫലപ്രദമായി ഉപയോഗിക്കാനും സര്‍ദാര്‍ജിക്കറിയാം. എങ്കിലും ജോര്‍ജിന്റെ ഒരു ചോദ്യം നമ്മെ വല്ലാതെ അസ്വസ്ഥരാക്കും. ഒരു മിനിറ്റ് നീളുന്ന പ്രസംഗത്തില്‍ കടലാസില്‍ ഉറ്റുനോക്കുന്നതിനു പകരം ഒന്ന് ക്യാമറയിലേക്ക് നോക്കാമായിരുന്നില്ലേ? എങ്കില്‍ ഓരോ ഇന്ത്യക്കാരനോടുമാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന ആശ്വാസമുണ്ടാവുമായിരുന്നില്ലേ? പ്രധാനമന്ത്രിയുടെ മേപ്പടി പ്രസംഗത്തിന് ശശിതരൂര്‍ കൊടുത്ത പണിയാവുമോ ആ പെണ്‍കുട്ടിയുടെ പേര് പരസ്യപ്പെടുത്തണമെന്ന ആവശ്യം? എന്തോ.
എഴുത്ത് ലഹരിയായും ലഹരി എഴുത്തായും തീരാറുണ്ടോ? ആവോ എന്നാണോ പറയാന്‍ വരുന്നത്. ലഹരിയുടെ വിഭ്രാമകമായ അവസ്ഥാവിശേഷങ്ങളുടെ നൂല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുന്നവര്‍ അങ്ങനെ പലതും പറയാറുണ്ട്. ഇത്തിരി മദ്യം അകത്തു ചെന്നാലേ കാവ്യം പുറത്തുവരൂ എന്ന്. ഇതൊക്കെ ആപേക്ഷികമാവാം. എന്നാല്‍ ലഹരിയുടെ മുന്തിരിപ്പാടങ്ങളില്‍ കാമനകള്‍ നൃത്തമാടുന്നത് കണ്ട് അവയ്ക്കൊപ്പം കൂട്ടുകൂടാന്‍ വെമ്പല്‍കൊണ്ട ഒരു കവിയുണ്ട്.
എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും എറണാകുളം മഹാരാജാസ് കോളജിലെ പിരിയന്‍ ഗോവണികളിലും അനേകം കോറിഡോറുകളിലും ഗുല്‍മോഹര്‍പൂക്കള്‍ പട്ടുവിരിച്ച ക്യാമ്പസിലും കരുത്തിന്റെ കവിതകള്‍ ഉയര്‍ന്നിരുന്നു.അതുവരെയില്ലാത്ത കവിതയുടെ നിമ്നോന്നത സൗന്ദര്യം അനുഭവിച്ചു നടന്ന യൗവനങ്ങള്‍ ആ കവിക്കു ചുറ്റും ഇയ്യാമ്പാറ്റകളെപോലെ പാറിനടന്നു. ആ കവിയാണ് ബാലചന്ദ്രന് ചുള്ളിക്കാട്. മദ്യത്തിന്റെ മദോന്മത്തവഴികള് മാത്രം അറിഞ്ഞിരുന്ന ആ കവി ഇതാ പറയുന്നു: ഇനി ഞാന്‍ കുടിക്കില്ല. ഇത് 2013 ല്‍ എടുത്ത പ്രതിജ്ഞയാണെന്ന് കരുതിയെങ്കില്‍ തെറ്റി. പതിനഞ്ചു വര്‍ഷമായി കവി ഈ തീരുമാനത്തിന്റെ നെഞ്ചുറപ്പുമായി കാവ്യപാരമ്പര്യത്തിന്റെ കണ്ണെത്താദൂരേക്ക് നടന്നുപോവുകയാണ്. അതിനെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ വിവരം തരുന്നു ദേശാഭിമാനി വാരാന്തപ്പതിപ്പ്. ഡിസം.30 ന് പ്രസിദ്ധീകരിച്ച സജീവ് പാഴൂരിന്റെ ഫീച്ചര്‍ ഒരനുഭവമാണ്. സജീവിന്റെ വരികളിലേക്ക്: ഒരു കാലഘട്ടത്തിന്റെ യൗവനം കവിതയുടെ ലഹരിയില്‍ നിറച്ച ബാലചന്ദ്രന് ചുള്ളിക്കാട്. കവിതയ്ക്കൊപ്പമോ അതിലധികമോ കവിയുടെ ലഹരിപൂണ്ട ജീവിതം ആഘോഷിച്ച ആരാധകവൃന്ദത്തിലെ ഏറെപ്പേര്‍ക്കും അറിയാത്തൊരു സത്യമുണ്ട്… ബാലചന്ദ്രന് ചുള്ളിക്കാട് മദ്യപാനവും പുകവലിയും നിര്‍ത്തിയിട്ട് വര്‍ഷം പതിനഞ്ചായി. ആത്മഹത്യക്കും അന്ധകാരത്തിനും ഇടയിലൂടെ ഊയലാടിയ ആ കവിജന്മം സൂര്യതേജസ്സിന്റെ പ്രഭയില്‍ ഇപ്പോള്‍ നില്ക്കാന് കാരണവും മറ്റൊന്നല്ല. മദ്യം ഒരെഴുത്തുകാരനെ നശിപ്പിക്കുമെന്നല്ലാതെ പുനര്‍ജനിപ്പിക്കില്ല. ആ സത്യം ഏതോ ധന്യമായ നിമിഷത്തിലാവാം ബാലനില്‍ പൊട്ടിമുളച്ചത്. അതിന് ബാലന് സമ്മതിക്കില്ലെങ്കിലും പ്രപഞ്ചശക്തിയോട് നമുക്ക് നന്ദി പറയാം. കവിതയുടെ ഓജസ്സും സ്വാധീനവും എങ്ങനെയാണ് ഉരുവം കൊള്ളുന്നതെന്ന് ബാലന്റെ കവിതകള്‍ നോക്കിയാല്‍ മതി. ആസ്വാദനതീവ്രത നിലാവുപോലെ തോന്നുമെങ്കിലും ജീവിതയാഥാര്ത്ഥ്യങ്ങളിലേക്കെത്തുമ്പോള് പൊള്ളിക്കുകതന്നെ ചെയ്യും. അത്തരം പാരമ്പര്യമുള്ള ഒരു കവിയെ മദ്യം നഷ്ടപ്പെടുത്തുമായിരുന്നു എന്നറിയുമ്പോഴോ? മദ്യപാനം മൂലം നാല് നഷ്ടങ്ങളാണുണ്ടാവുന്നതെന്ന് ബാലന് ചൂണ്ടിക്കാട്ടുന്നു. ധനനഷ്ടം, മാനനഷ്ടം, ആരോഗ്യനഷ്ടം, സമയനഷ്ടം. ഈ നഷ്ടങ്ങള്‍ പറ്റിയാല്‍ പിന്നെയെന്തുണ്ട് നീക്കിബാക്കി? ഒരമേരിക്കന്‍ പര്യടന വേളയില്‍ ഡോക്ടറുമായുള്ള സൗഹൃദമാണ് ബാലചന്ദ്രനെ ഈ തീരുമാനത്തില്‍ എത്തിച്ചത്. ആ ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ അമ്പു പോലെ ബാലന്റെ കരളില്‍ തറച്ചു; ഫലവുമുണ്ടായി. എടോ തനിക്ക് കള്ള്മേടിച്ചു തരാനും കമ്പനികൂടാനും ഒരു പാടാളുണ്ടാകും. ഹോസ്പിറ്റലില്കിടക്കുമ്പോള് പട്ടിപോലും തിരിഞ്ഞു നോക്കില്ല. ഞങ്ങളിതൊക്കെ എത്ര കാണുന്നതാ. ആ സത്യം ഇപ്പോഴും ബാലന്റെയുള്ളില്‍ വാത്സല്യത്തിന്റെ ഊഷ്മളനീരുറവയാകുന്നു.
മദ്യവും എഴുത്തുമായി എന്തു ബന്ധം? എന്നു ചോദിക്കുന്നു എഴുത്തുകാരനായ എന്‍.പി. ഹാഫിസ് മുഹമ്മദ് കലാകൗമുദി (ജന.6) യില്‍. ഏതു തരം സര്‍ഗസൃഷ്ടികള്‍ക്കും മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഒരു തരത്തിലുള്ള ഗുണവും ചെയ്യില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ഒരുവിധപ്പെട്ടവരൊക്കെ മദ്യത്തിന്റെ കൂട്ടുകാരായാണ് സാഹിത്യ സൃഷ്ടികളെ കാണുന്നത്. എന്തു ചെയ്യാം സത്യം ചെരിപ്പിടുന്നതിന് മുമ്പ് നുണ കാതങ്ങള്‍ താണ്ടിക്കഴിയുമെന്നാണല്ലോ. ഇന്ദുകേഷ് തൃപ്പനച്ചിയാണ് ഹാഫിസുമായി അഭിമുഖം നടത്തുന്നത്.
തൊട്ടുകൂട്ടാന്‍
പിറ്റേന്നു പുലര്‍ച്ചെ
ഭൂമിയില്‍ തലകുത്തിനില്ക്കുന്ന
ഒരു കരിമ്പനച്ചുവട്ടില്‍
രഹസ്യങ്ങളെല്ലാം വാര്‍ന്ന്
എല്ലും തോലുമായി
ഞാന്‍ കിടന്നു
ടി.പി. രാജീവന്
കവിത: യക്ഷി
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (ജനു.12)
** കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: