പഴയൊരു ശാസ്ത്ര കഥ ഓര്‍മയില്‍ വരുന്നു. ആസന്നഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു ദുരന്തമാണ് കഥാവിഷയം. എങ്ങും ജലക്ഷാമം രൂക്ഷമായ നാളുകളിലാണ് കഥ നടക്കുന്നത്. പക്ഷെ ആളുകള്‍ക്കതില്‍ തെല്ലും വേവലാതിയില്ല. തങ്ങള്‍ മുട്ടിന് മുട്ടിന് മണ്ണുതുളച്ചിറക്കിയ കുഴല്ക്കിണറുകളെ അവര്‍ക്കത്രയ്ക്ക് വിശ്വാസമായിരുന്നു. കുടിക്കാനും കുളിക്കാനും കൃഷി ചെയ്യാനും ഇഷ്ടംപോലെ ഭൂഗര്‍ഭജലം! മലിനീകരണമാണെങ്കില്‍ തീരെയില്ല താനും….
പക്ഷെ ഒരു ദിവസം അത് സംഭവിച്ചു. കുഴല്‍ വെള്ളമാകെ മലിനമായി. കുടിവെള്ളം ഉപ്പുവെള്ളമായി മാറി. കൃഷിയിടങ്ങള്‍ ഉണങ്ങി വരണ്ടു. കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലഞ്ഞു. ഒടുവില്‍ വിദഗ്ദ്ധര്‍ ഒരു സത്യം വെളിപ്പെടുത്തി. വറ്റി വരണ്ടുകൊണ്ടിരുന്ന ഭൂഗര്‍ഭജല ശേഖരത്തിലേക്ക് അകലെ കടലില്‍നിന്നും ഉപ്പുവെള്ളം കയറിക്കൂടിയിരിക്കുന്നു. ഇനി അന്നാട്ടില്‍ സാധാരണ ജീവിതം അസാധ്യം. കൈയും കണക്കുമില്ലാതെ ഭൂമിയിലെ ജലം വലിച്ചൂറ്റിയവര് അവ റീച്ചാര്‍ജ്ജ് ചെയ്യാന്‍ ശ്രദ്ധിക്കാതിരുന്നതാണത്രെ അപകടത്തിന് വഴിയൊരുക്കിയത്.
ആ കഥ നമ്മുടെ നാട്ടിലും ആവര്‍ത്തിക്കുമെന്ന ഭീഷണിയാണ് ഇപ്പോള്‍ ശാസ്ത്രലോകം നമുക്ക് മുന്നിലേക്ക് എറിഞ്ഞു തന്നിരിക്കുന്നത്. രാജ്യത്തെ പ്രമുഖ നഗരങ്ങളായ ഹൈദരാബാദ്, ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലൊക്കെ ഭൂഗര്‍ഭജലം വറ്റിക്കൊണ്ടിരിക്കയാണത്രെ. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിലെ കുഴല്‍ക്കിണറുകള്‍ കേവലം മൂന്ന് വര്‍ഷത്തിനുള്ളില്‍ വറ്റിവരളുമത്രെ. പ്രസിദ്ധ ശാസ്ത്ര സ്ഥാപനമായ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്സ്റ്റിറ്റിയൂട്ടിന്റെതാണീ മുന്നറിയിപ്പ്.
കുടിവെള്ളവും കൃഷിയും മുട്ടിയാല്‍ പിന്നെ ജനവും ജനപഥങ്ങളുമുണ്ടാവില്ല. സംസ്കാരങ്ങളുമുണ്ടാവില്ല. പുരാണപ്രസിദ്ധമായ മായന്‍ സംസ്ക്കാരത്തിന്റെ നാശംപോലും ജലക്ഷാമം മൂലമായിരുന്നെന്ന് ചില ഗവേഷകര്‍ പറയുന്നു.
മണ്ണിനടിയിലേക്ക് വെള്ളം കനിഞ്ഞിറങ്ങിയാല് മാത്രമേ അവിടെ അമൂല്യമായ ജലശേഖരം റീച്ചാര്‍ജ് ചെയ്യപ്പെടുകയുള്ളൂ. അതിന് മഴവെള്ളം മാത്രം പോരാ. വെള്ളത്തിന് ആഴ്ന്നിറങ്ങാന്‍ വേണ്ട സൗകര്യവും ഉണ്ടാകണം. 2011 ലെ കാലവര്‍ഷകാലത്ത് ഹൈദരാബാദില്‍ സാമാന്യം നല്ല മഴ കിട്ടിയതാണ്. പക്ഷെ വെള്ളം താണിറങ്ങിയില്ല. നിറയെ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നഗരത്തില്‍ മഴവെള്ളത്തിന് കിനിഞ്ഞിറങ്ങാന്‍ സ്ഥലം എവിടെ? വെള്ളമിറങ്ങിയില്ലെങ്കില്‍ പിന്നെ ഭൂഗര്‍ഭത്തില്‍ ജലമെങ്ങനെ ഉണ്ടാവാന്‍?
ഭൂമിയുടെ ഉപരിതലത്തിന് താഴെ മണ്ണിലെ സുഷിരങ്ങളിലും ഭൂപാളികളിലെ വിടവുകളിലോ കുടികൊള്ളുന്ന വെള്ളത്തെയാണ് നാം ‘ഭൂഗര്‍ഭജലം’ അഥവാ ‘ഗ്രൗണ്ട് വാട്ടര്‍’ എന്നു വിളിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ലഭിക്കുന്നത് മഴയില്‍നിന്നാണ്. ആ പെയ്ത്ത് വെള്ളം അരിച്ചിറങ്ങി മണ്മേഖല അഥവാ ‘സോയില്‍ സോണി’ലെത്തും. അവിടം പൂരിതമാവുമ്പോള്‍ വീണ്ടും താഴേക്ക് കിനിഞ്ഞിറങ്ങുന്ന വെള്ളം ശിലാമേഖലവരെയെത്തും. ആ യാത്ര നിയന്ത്രിക്കാന്‍ ഒട്ടേറെ ഘടകങ്ങളുണ്ട്. സ്ഥലത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പും അവിടത്തെ വാര്‍ഷിക ജലപാതവും ചതുപ്പുനിലങ്ങളുടെ സമൃദ്ധിയും അവയില്‍ പ്രധാനം. പക്ഷെ ജലലഭ്യത മുട്ടില്ലാതെ തുടരണമെങ്കില്‍ ഭൂമിയെ നിരന്തരമായി റീച്ചാര്‍ജ് ചെയ്യണം. മൊബെയില്‍ ഫോണില്‍ ഇടക്കിടെ വൈദ്യുതി കയറ്റി ഫോണിന് ശക്തി നല്കുന്നതുപോലെ. ഇത് സംഭവിക്കുന്നത് മഴക്കാലത്താണ്. അപ്പോഴാണ് മണ്ണിന്റെ ദാഹമകറ്റി ജലമയ പാളികളിലേക്ക് വെള്ളത്തുള്ളികള്‍ അമൃതകണങ്ങളായി എത്തുന്നത്. മഴക്കാലം മോശമായാല്‍ ആ വെള്ളത്തിന്റെ അളവും കുറയും. എങ്കിലും ഒന്നോ രണ്ടോ വട്ടം മഴ കുറഞ്ഞെന്ന് കരുതി ഭൂഗര്‍ഭത്തില്‍ നിന്നുള്ള നീരൊഴുക്ക് വറ്റില്ല. പക്ഷെ അശാസ്ത്രീമായ ഭൂവികസനവും അനിയന്ത്രിതമായ കെട്ടിടനിര്‍മാണവും നിന്ത്രണമില്ലാത്ത വനനശീകരണവും ഭൂജലത്തിന്റെ പുനഃസംഭരണത്തെ പ്രതികൂലമായി ബാധിക്കും.
കാടുകള്‍ കുറ്റിയറ്റു വീഴുമ്പോള്‍ ജലത്തെ തടഞ്ഞുനിര്‍ത്തി മണ്ണിലേക്കിറക്കാനുള്ള മണ്ണിന്റെ അത്ഭുതകരമായ കഴിവ് നഷ്ടമാവും. വ്യാപകമായ മണ്ണൊലിപ്പ് ഫലം. അപ്പോള്‍ മേല്‍മണ്ണിനൊപ്പം മഴവെള്ളവും ഒഴുകിയകലും. പുഴകളിലെ മണല്‍ മെത്തകള്‍ മാന്തിയെടുക്കുന്നതോടെ ജലവിതാനത്തെ രക്ഷിക്കാനുള്ള അവയുടെ കഴിവും നശിക്കും. നഗരത്തില്‍ മുട്ടിന് മുട്ടിന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുയര്‍ത്തുന്ന കോണ്‍ട്രാക്ടര്‍മാര്‍ അവയുടെ പരിസരസ്ഥലം പോലും കോണ്‍ക്രീറ്റ് ചെയ്തുറപ്പിക്കുന്നത് കണ്ടിട്ടില്ലേ. അങ്ങനെപോലും ഒരു തുള്ളിവെള്ളം ഭൂമിയിലേക്കിറങ്ങരുതെന്നാവും അവരുടെ കണക്കുകൂട്ടല്‍.കുന്നുകളില്‍നിന്ന് പെയ്തൊഴുകിയെത്തുന്ന വെള്ളമത്രയും അടിഞ്ഞുകൂടിയിരിക്കുന്നത്. വിശാലമായ പാടങ്ങളിലും ചതുപ്പുനിലങ്ങളിലുമായിരുന്നു. അവയായിരുന്നു ഭൂജലത്തിന്റെ ഏറ്റവും വലിയ റീചാര്‍ജര്‍. പക്ഷെ ചതുപ്പും വയലും മൂടി കെട്ടിടം കെട്ടിയതോടെ അങ്ങനെയും വെള്ളം താഴ്ന്നിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ വന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഭൂജലം റീച്ചാര്‍ജ് ചെയ്യാന്‍ ഒരു മാര്‍ഗവുമില്ല. അകത്തേക്കെത്തുന്ന വെള്ളത്തിന്റെ അളവ് തീരെ കുറയുകയും പുറത്തേക്ക് ഊറ്റുന്ന വെള്ളത്തിന്റെ അളവ് പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥ. ലക്ഷക്കണക്കിന് കുഴല്‍ക്കിണറുകളാണ് നമുക്ക് ചുറ്റും. അവക്കെല്ലാം അതിശക്തമായ പമ്പുകളുണ്ട്. കുടിവെള്ളത്തിന് വേണ്ടി മാത്രമാണെങ്കില്‍ സഹിക്കാം. പക്ഷെ കൃഷിക്കും കെട്ടിടനിര്‍മാണത്തിനും വ്യവസായത്തിനും മുനിസിപ്പല്‍ ശുചീകരണത്തിനുമൊക്കെ വെള്ളത്തെ വലിച്ചൂറ്റുമ്പോള് പാവം ഭൂമി നിസ്സഹായയാവുന്നു.
ഭൂഗര്‍ഭജലത്തിന്റെ ലഭ്യത ആഗോളതലത്തില്‍ത്തന്നെ കുറഞ്ഞുവരികയാണ്. അതിനൊപ്പം മലിനീകരണ ഭീഷണിയും വ്യാപകമായുണ്ട്. രാസവളങ്ങള്‍, കീടനാശിനികള്‍, വ്യാവസായിക മാലിന്യങ്ങള്‍, മുനിസിപ്പല്‍ വിസര്‍ജ്യങ്ങള്‍ തുടങ്ങിയവയൊക്കെ നന്മ നിറഞ്ഞ ഭൂഗര്‍ഭ ജലത്തില്‍ വിഷം കലര്‍ത്തുന്നു. നിലം നികത്താനും ചതുപ്പുകള്‍ മൂടാനും ഉപയോഗിക്കുന്ന പേരറിയാ മാലിന്യങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ വേറെ. ഭൂമിയുടെ അപക്ഷയം മൂലം പല സ്ഥലങ്ങളിലും അപകടകാരികളായ ഫ്ലൂറിന്‍ , ആഴ്സനിക്, കാഡ്മിയം, നിക്കല്‍ തുടങ്ങിയവയുടെ രാസക്കൂട്ടുകള്‍ ഭൂജലത്തില്‍ കലരുന്നുണ്ടെന്നതും ഓര്‍ക്കുക. അതിനൊക്കെ പുറമേയാണ് വന്‍ വ്യവസായങ്ങള്‍, വിഷം വമിക്കുന്ന രാസമാലിന്യങ്ങള്‍ ഭൂമിക്കടിയിലേക്ക് പമ്പ്ചെയ്ത് കയറ്റുന്നത്. കരയിലോ കടലിലോ തുറന്ന് വിടാന്‍ പറ്റാത്തതിനാല്‍ ആയിരക്കണക്കിനടി ആഴത്തിലുള്ള ഭൂഗര്‍ഭത്തിലെ പാറക്കെട്ടുകളിലേക്ക് അടിച്ചു കയറ്റുന്ന ഈ വിഷം ഭൂഗര്‍ഭജലത്തിന് ഭീഷണിയുയര്‍ത്തുന്നു. അമേരിക്കയില്‍ മാത്രം ഇത്തരം ഏഴ് ലക്ഷത്തോളം ഇന്ജക്ഷന് കിണറുകള്‍ ഉണ്ടത്രെ. ഭൂഗര്‍ഭജലത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ആശാസ്യമല്ല. രാജ്യത്തിന്റെ പല ഭാഗങ്ങളും ജലക്ഷാമത്തിന്റെ ഭീഷണിയിലാണെന്നത് ഉപഗ്രഹ ചിത്രങ്ങള്‍ പ്രവചിക്കുന്നു. ഈ അവസ്ഥയെ തരണം ചെയ്യാന്‍ ഒരു കര്‍മ പദ്ധതിയാണ് നമുക്ക് വേണ്ടത്. മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങാന്‍ പരമാവധി അവസരമുണ്ടാക്കുക. വനത്തെ കൊല്ലാതെ, നിലത്തെ നിരത്താതെ, പുഴയെ ശ്വാസംമുട്ടിക്കാതെ മണ്ണിനെ കോണ്‍ക്രീറ്റുകൊണ്ട് മൂടാതെ നമുക്കത് സാധിക്കാം. ആവശ്യത്തിനും അനാവശ്യത്തിനും ആഴത്തില്‍ കുഴലുകള്‍ കുത്തിയിറക്കി ജീവജലമൂറ്റുന്ന ധൂര്‍ത്തിന് കിടഞ്ഞാണ്‍ വീഴുകയും വേണം. ഇല്ലെങ്കില്‍ കുടിവെള്ളം മുട്ടും. കുടിവെള്ളമില്ലെങ്കില്‍ ജീവിതത്തിന്റെ താളം നിലയ്ക്കും. പൊന്മുട്ടയിടുന്ന താറാവിനെ വെട്ടിക്കൊന്നശേഷം പൊട്ടിക്കരയുന്നതുകൊണ്ടെന്ത് പ്രയോജനം?
** ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: