പള്ളുരുത്തി: പള്ളുരുത്തി കോര്പ്പറേഷന് സോണല്‍ ഓഫീസില്‍ കഴിഞ്ഞ മൂന്ന് മാസമായി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ അമ്പതിലധികം ജീവനക്കാരും നിത്യേന ഇവിടെയെത്തുന്ന നൂറുകണക്കിന് നാട്ടുകാരും ദുരിതത്തില്‍. മൂന്ന് മാസത്തിന് മുമ്പ് ഇവിടെ സ്ഥാപിച്ചിരുന്ന മോട്ടോര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ബോര്‍വെല്‍ വഴിയുള്ള വെള്ളം ശേഖരിച്ചുവെക്കാന്‍ കഴിയാത്തതെന്ന് ജീവനക്കാര്‍ പറഞ്ഞു.
കോര്പ്പറേഷന് ഓഫീസിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും അടിയന്തര ഘട്ടത്തില്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റൊരു സ്ഥലവുമില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ആഹാരം കഴിച്ചതിനുശേഷം കൈകഴുകുന്നതിനും മറ്റും കുപ്പിവെള്ളത്തിനെ ആശ്രയിച്ചുവെങ്കിലും ഭീമമായ ചെലവായതിനാല്‍ ഇതും ഒഴിവാക്കുകയായിരുന്നു. പള്ളുരുത്തി അഗതി മന്ദിരത്തിലെ ടോയ്ലറ്റുകളാണ് ജീവനക്കാര്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.
വെള്ളമില്ലാത്തതിനാല്‍ ടോയ്ലറ്റുകളില്‍നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജീവനക്കാര്‍ തന്നെ ഇത് അടച്ചുപൂട്ടുകയായിരുന്നു. കോര്പ്പറേഷന് ആരോഗ്യക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനോട് പരാതി പറഞ്ഞുവെങ്കിലും നടപടികളൊന്നുമില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. വെള്ളമില്ലാത്തതിനാല്‍ പല സെക്ഷനുകളിലും ജീവനക്കാര്‍ അവധിയെടുത്തിരിക്കുകയാണ്. ഇതുമൂലം കോര്പ്പറേഷന് ഓഫീസിന്റെ സേവനം തേടുന്നവരും കടുത്ത ദുരിതത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: