പറവൂര്‍: ബിജെപി കര്‍ഷകമോര്‍ച്ച പറവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കൈതാരം കോതകുളം ചിറവക്കാട്ട് വീട്ടില്‍ അനില്‍ കുമാറിന്റെ വീട് അക്രമിസംഘം അടിച്ചുതകര്‍ത്തു. അനില്‍ കുമാര്‍ വീട്ടിലില്ലായിരുന്നു. കഴിഞ്ഞദിവസം രാത്രി 9.30 ഓടെയാണ് അക്രമികള്‍ വീട്ടിലേക്ക് ഓടിക്കയറിയത്. അനില്‍ കുമാറിന്റെ ഭാര്യ ഷൈലയും രണ്ട് കൊച്ചുകുട്ടികളും പ്രായമായ ചെറിയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞദിവസം ബിജെപി പറവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരെ വാഹന പ്രചരണജാഥ സംഘടിപ്പിച്ചിരുന്നു. കോതകുളം ജംഗ്ഷനില്‍ നടന്ന സ്വീകരണയോഗത്തില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം അനുഭാവിയായ ഒരു കടയുടമയുമായി ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായതായും ഇരുകൂട്ടരും പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നതും കണ്ടാല്‍ തിരിച്ചറിയാവുന്നതുമായ ഏതാനും ഗുണ്ടകളുടെ നേതൃത്വത്തിലാണ് വീട് ആക്രമിച്ചതെന്ന് അനില്‍ കുമാറിന്റെ ഭാര്യ ഷൈല പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: