കൊച്ചി: കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് രൂപം നല്കിയ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി ‘വിദ്യാജ്യോതി’ ഇന്ന് രാവിലെ 10-ന് കേന്ദ്ര മാനവ വിഭവശേഷിമന്ത്രി പല്ലം രാജു എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച എറണാകുളം, കൊച്ചി, വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 266 വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതി പ്രകാരം ടാബ്ലറ്റ് കമ്പ്യൂട്ടര്‍ സൗജന്യമായി സമ്മാനിക്കും.
വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ സഹായകമാകുന്ന തരത്തില്‍ പാഠ്യഭാഗങ്ങളും ചോദ്യബാങ്കുകളും മറ്റ് പഠന സഹായികളും ടാബ്ലറ്റില് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 8500 രൂപയാണ് ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെ വില. ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വിതരണത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആറു കേന്ദ്രങ്ങളില്‍ വച്ച് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. കമ്പ്യൂട്ടര്‍ പരിശീലനത്തിന് പുറമെ സൈബര്‍ നിയമങ്ങളെ കുറിച്ചുള്ള ക്ലാസുകളും ഇതിന്റെ ഭാഗമായി നടത്തി. വിവിധ കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വിദ്യാജ്യോതി പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ടാബ്ലറ്റുകള്‍ക്ക് ടു ജി ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എടുക്കുന്നതിന് ബിഎസ്എന്‍എല്ലിന്റെ പ്രത്യേക കൗണ്ടറും സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കും. ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും മേല്‍വിലാസം തെളിയിക്കുന്ന രേഖകളുമായി മാതാപിതാക്കളോടൊപ്പം ചടങ്ങിന് എത്തിച്ചേരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: