കൊല്ലം: നഗരത്തിലെ ബ്ലെയിഡ് മാഫിയാകള്ക്കെതിരെ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ് ഇന്നലെയും തുടര്‍ന്നു. ലക്ഷക്കണക്കിന് രൂപ അമിത പലിശയ്ക്ക് കടം കൊടുത്തിട്ടുള്ളതിന്റെ രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് വില്ലേജില്‍ ഉളിയക്കോവില്‍ പ്രതിഭ ജംഗ്ഷന് സമീപം വൃന്ദാവനം നഗര്‍ 262-ല്‍ പ്രിന്‍സിയുടെ വീട്ടിലാണ് ഇന്നലെ റെയിഡ് നടത്തിയത്. മുന്‍ദിവസങ്ങളിലെ റെയ്ഡ് വിവരങ്ങള്‍ അറിഞ്ഞ് പ്രിന്‍സി വീട്ടില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ആളുകളുടെ കൈയില്‍ നിന്നും കൈപ്പറ്റിയിട്ടുള്ള ഒപ്പിട്ട് തുകയെഴുതാത്ത ചെക്കുകളും, പ്രമാണങ്ങളും, പ്രോമിസറി നോട്ടുകളും ഈ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രിന്സിയെപ്പറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങി റെയ്ഡ് നടത്തിയത്. വിദ്യാഭ്യാസാവശ്യത്തിനായി 20 രൂപ പലിശ നിരക്കില്‍ പണം വായ്പ എടുത്ത കരിക്കോട് സ്വദേശിയെ ഫോണിലൂടെ ചീത്തവിളിക്കുകയും വായ്പ എടുത്ത തുകയുടെ നാലിരട്ടിയലിധികം മുതലായി കണക്കാക്കി ഉടന്‍ തിരിച്ചടക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് മുഖ്യമന്ത്രിക്ക്് പരാതി ലഭിച്ചത്.
അനുജത്തിയുടെ വിവാഹാവശ്യത്തിനായി ചന്ദനത്തോപ്പ് മാമൂട് ഉള്ള ഒരു സ്ത്രീ ഇവരില്‍ നിന്നും 2 ലക്ഷം രൂപ 20 രൂപ പലിശ നിരക്കില്‍ പണം വായ്പ എടുത്തു. കഴിഞ്ഞ ഒന്നര വര്‍ഷമായി മുടങ്ങാതെ പ്രതിമാസം 40,000 രൂപ വച്ച് ഏകദേശം അഞ്ചുലക്ഷം രൂപ പലിശ മാത്രമായി നല്‍കിയിട്ടും മുടക്കം വന്നപ്പോള്‍ മുതലായി നാലുലക്ഷം രൂപാ ഉടന്‍ നല്‍കണമെന്നും മറ്റും ഫോണിലൂടെ ഭീഷണി മുഴക്കിയതിന്റെ പേരില്‍ പോലീസിലും പരാതിയുണ്ട്. പരാതികളെക്കുറിച്ച് പോലീസ് രഹസ്യമായി അന്വേഷിച്ചതില്‍ ഇവരും കുണ്ടറയില്‍ ഉള്ള സോഫിയ എന്ന സ്ത്രീയുമായി സഹകരിച്ച് 20-ഉം, 25-ഉം രൂപ പലിശ നിരക്കില്‍ വന്‍തുകകള്‍ കടമായി നല്‍കാറുണ്ടെന്ന് ബോദ്ധ്യം വന്നു. കുടിശ്ശിക വരുത്തുന്നവരെ ഗുണ്ടകളെ ഉപയോഗിച്ചും, ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയും, ചെയ്യുകയാണ് പതിവ്. കൊല്ലം ഈസ്റ്റ് എസ്ഐ ജി. ഗോപകുമാര്‍, അഡീഷണല്‍ എസ്ഐ. പ്രകാശന്, ശ്രീലാല്‍ ഹരിലാല്‍, സജിത്, സുനി, ഡല്ഫിന്, ശ്രീലത, സജനി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡുകള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: