ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്. അവരുടെ ബാലറ്റിലൂടെയുള്ള വിധിയെഴുത്താണ് നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. എഴുത്തും വായനയുമറിയാത്ത കോടാനുകോടി വോട്ടര്‍മാര്‍ ബാലറ്റുയുദ്ധത്തിലെ വിധികര്‍ത്താക്കളാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ജനങ്ങളെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും അവകാശം അടിസ്ഥാനപരമായി ജനാധിപത്യബോധവല്ക്കരണ പ്രക്രിയയാണ്.
എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തുമ്പോള്‍ രാജനൈതിക രംഗവും സ്ഥാനാര്‍ത്ഥികളായി വരുന്നവരും പ്രചാരണരംഗത്ത് നിലവിലുള്ള നിയമത്തെ അനുസരിക്കുന്നതിനേക്കാള്‍ അത് ലംഘിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ചിലവുകളും പ്രചരണമര്യാദകളും സംബന്ധിച്ച വ്യവസ്ഥകള്‍ നമുക്കിടയില്‍ ലംഘിക്കപ്പെടാന്‍ വേണ്ടി നിര്മ്മിക്കപ്പെട്ടവയാണെന്നതാണ് അനുഭവം. തെരഞ്ഞെടുപ്പ് അഴിമതികള്‍ ഇവിടെ വര്‍ദ്ധിച്ചുവരികയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച് കോണ്‍ഗ്രസ് മുസ്ലീംലീഗിനും കേരള കോണ്‍ഗ്രസിനും നല്കിയ തുകകള്‍ അവരുടെ പ്രഖ്യാപിത കണക്കുകളിലില്ലെന്ന് വെളിപ്പെട്ടിരിക്കുന്നു. ഇതുസംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ബോധപൂര്‍വ്വം മറച്ചുവെച്ചിരിക്കുന്നു. ഇത് ഗുരുതരമായ വീഴ്ചയും നിയമലംഘനവുമാണ്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കായി 10 ലക്ഷം രൂപവീതം കോണ്‍ഗ്രസ് നല്‍കിയെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ നല്കിയ കണക്കില്‍ പറയുന്നു. എന്നാല്‍ ലീഗ് കമ്മീഷനു നല്കിയ കണക്കില്‍ ഇപ്രകാരം 2.40 കോടി കിട്ടിയ കാര്യം പറയുന്നുമില്ല. കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ഇത്തരം കള്ളക്കളികള്‍ രാഷ്ട്രീയ സദാചാരത്തിനും നിലവിലുള്ള നിയമങ്ങള്‍ക്കും കടുത്ത ദോഷമാണുണ്ടാക്കിയിട്ടുള്ളത്.
ജനപ്രാതിനിധ്യനിയമവും അനുബന്ധ വ്യവസ്ഥകളും ലംഘിച്ചതിന്റെ പേരില്‍ നിയമനടപടികള്‍ അനിവാര്യമാണ്. ജനങ്ങളെ കണക്കുകളില്‍ കൃത്രിമം കാട്ടി വഞ്ചിച്ച കുറ്റത്തിന് യുഡിഎഫ് ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. കേരളത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ അധാര്‍മ്മികതയുടെ ആഴവും പരപ്പുമാണ് ഇതെല്ലാം കാട്ടുന്നത്.
തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പരിധി നിശ്ചയിച്ചുകൊണ്ട് നിലവിലുള്ള നിബന്ധനകളും നിയമങ്ങളും പല്ലുകൊഴിഞ്ഞ സിംഹത്തെപ്പോലെയാണിവിടുള്ളത്. ഫലപ്രദമായി ചെലവ് പരിധി ഇവിടെ പാലിക്കപ്പെടുന്നില്ല. നിയമത്തേക്കാള്‍ പഴുതുകള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയാണ് ഇലക്ഷന് എക്സ്പന്‍സ് സീലിംഗ് വ്യവസ്ഥയിലുള്ളത്. ഈ വ്യവസ്ഥയുടെ ലംഘനം ഇന്ത്യന്‍ രാജനൈതിക രംഗത്ത് പൊതുവായതും പാലിക്കല്‍ അപവാദവുമാണ്. തെരഞ്ഞെടുപ്പ് ചിലവ് പരിധി ലംഘിക്കല്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ട തെരഞ്ഞെടുപ്പ് അഴിമതിയായി കരുതേണ്ടതുണ്ട്.
നമ്മുടെ ജനാധിപത്യ വ്യവസ്ഥ തിരഞ്ഞെടുപ്പധിഷ്ഠിതമാണ്. ജനപ്രാതിനിധ്യം യാഥാര്‍ത്ഥ്യമായിത്തീരാന്‍ തെരഞ്ഞെടുപ്പ് അഴിമതികള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം തന്നെ അഴിമതിയില്‍ അടിവേരുകള്‍ ആഴ്ത്തിക്കൊണ്ടുള്ളതാണ്. വെള്ളവും വളവും വലിച്ചെടുക്കാന്‍ ഇത്തരം അടിവേരുകളെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴികളില്ല. ഭാരതീയ ജനസംഘവും തുടര്പ്രസ്ഥാനമായ ബിജെപിയും തെരഞ്ഞെടുപ്പ് പരിഷ്ക്കരണത്തിനായി എക്കാലത്തും മറുവിളി കൂട്ടിയിട്ടുണ്ട്. എല്‍.കെ.അദ്ധ്വാനി ജനസംഘ അധ്യക്ഷനായിരുന്ന കാലത്ത് തിരഞ്ഞെടുപ്പ് പരിഷ്ക്കരണത്തിന് വേണ്ടി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെലവ് വഹിക്കുകയും ചെയ്യുക എന്നതായിരുന്നു ഒരു നിര്‍ദ്ദേശം. പണത്തിന്റെ സ്വാധീനം ജനവിധിയെ തട്ടിയെടുക്കാന്‍ അനുവദിച്ചുകൂടെന്നത് മറ്റൊരു നിര്‍ദ്ദേശമായിരുന്നു.
തെരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് പരിധിയെന്ന സങ്കല്പം തന്നെ ഇവിടെ പരിഹാസ്യമായിത്തീരുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമുള്ള ചിലവുകള്‍ക്ക് മാത്രമാണ് ഇവിടെ പരിധിയുള്ളത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും വശത്താക്കാനും വേണ്ടി നോട്ടിഫിക്കേഷനു മുമ്പ് വാരിക്കോരി പണം ചെലവഴിച്ചാല്‍ അതു തടയാന്‍ ഏത് നിയമമാണുള്ളത്? നോമിനേഷനു മുമ്പ് പാര്‍ട്ടിയും വ്യക്തിയും സംഘടനകളും ചിലവഴിക്കുന്ന വന്‍തുകകള്‍ക്ക് സ്ഥാനാര്‍ത്ഥി കണക്കുപറയേണ്ട ആവശ്യം തന്നെയില്ല. ഇത്തരം അപാകതകള്‍ പരിഹരിക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി അശാസ്ത്രീയമാണ്. 20 ലക്ഷം വോട്ടര്‍മാര്‍ ഉള്ള മണ്ഡലത്തിലും ഒരു ലക്ഷത്തില്‍ താഴെയുള്ള മണ്ഡലത്തിലും സ്ഥാനാര്‍ത്ഥി ചെലവാക്കാനായി നിശ്ചയിച്ചിട്ടുള്ള തുക ഒന്നാണ്. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ സ്ഥാനാര്‍ത്ഥി ഏത് ഘട്ടത്തില്‍ ചെലവാക്കുന്ന തുകയും കണക്കില്‍പ്പെടുത്തണമെന്ന നിബന്ധനയുണ്ട്. തെരഞ്ഞെടുപ്പ് ചിലവിന്റെ പരിധി വ്യവസ്ഥ കാലാനുസ്രുതമായി പുനഃക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. കളങ്കിത പണവും കള്ളപ്പണവും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഇന്നത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായം കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് നേരിടുക എന്നുള്ളതാണ്. ചുരുക്കത്തില്‍ തിരഞ്ഞെടുപ്പ് പരിഷ്ക്കരണത്തിനുള്ള അടിയന്തര നടപടികള്‍ക്കു തുടക്കം കുറിക്കാന്‍ ഇനി അമാന്തിച്ചുകൂടാ.
>> അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: