കോലഞ്ചേരി: എറണാകുളം റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങാന്‍ ഒരു പകല്‍ മാത്രം ബാക്കിനില്‍ക്കെ ഹൈസ്കൂള്‍ വിഭാഗത്തില്‍ 255 പോയിന്റ് നേടി ആലുവ ഉപജില്ല മുന്നേറ്റം തുടരുകയാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 217 പോയിന്റ് നേടി തൃപ്പൂണിത്തുറ ഉപജില്ല മുന്നേറുന്നു. യു പി വിഭാഗത്തില്‍ 108 പോയിന്റ് നേടി മട്ടാഞ്ചേരി ഉപജില്ലയാണ് മുന്നില്‍. 229 പോയിന്റോടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ഉപജില്ലയും,ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 206 പോയിന്റോടെ നോര്ത്ത്പറവൂരും, യു പി വിഭാഗത്തില്‍ 100 പോയിന്റോടെ തൃപ്പൂണിത്തുറ ഉപജില്ലയും രണ്ടാം സ്ഥാനത്താണ്. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ 89 പോയിന്റോടെ ആലുവ ഉപജില്ലയും 88 പോയിന്റോടെ പെരുമ്പാവൂര്‍ തൊട്ടുപുറകിലുമുണ്ട്. യു പി സംസ്കൃതോത്സവം അവസാനിക്കുമ്പോള്‍ 88 പോയിന്റോടെ ആലുവയും 84പോയിന്റോടെ തൃപ്പൂണിത്തുറയും പെരുമ്പാവൂരും തൊട്ടുപുറകിലെത്തി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ അങ്കമാലി ഡി പോള്‍ 77 പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്, 56 പോയിന്റോടെ മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂള്‍ രണ്ടാം സ്ഥാനത്താണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 98 പോയിന്റോടെ മൂത്തുകുന്നം എസ് എന്‍ എം സ്കൂള്‍ ഒന്നാം സ്ഥാനത്തും 79 പോയിന്റോടെ ആലുവ വിദ്യാധിരാജ രണ്ടാം സ്ഥാനത്തും നില്ക്കുമ്പോള് യു പി വിഭാഗത്തില്‍ 30 പോയിന്റോടെ ഉപ്പുകണ്ടം സര്‍ക്കാര്‍ സ്കൂളും എടവനക്കാട് ഇദായത്തുള് ഇസ്ലാമിക് സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 29 പോയിന്റ് നേടിയ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
ചില വേദികളിലെ വിധികര്‍ത്താക്കളെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ ഒഴികെ കലോത്സവ വേദികളില്‍ സമാധാന അന്തരീക്ഷത്തിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്. 295 വിദ്യാലയങ്ങളില്‍ നിന്നായി ഏഴായിരം കലാപ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കലോത്സവത്തിന് ഇന്ന് വൈകിട്ട് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: