മുംബൈ: കേരള, ഗുജറാത്ത് വികസനമാതൃകകളെക്കുറിച്ച് താരതമ്യപഠനം വേണമെന്നും ഇവയില്‍ പ്രായോഗിതലത്തില്‍ കൂടുതല്‍ ഫലപ്രദം ഗുജറാത്തില്‍ നരേന്ദ്ര മോദി നടപ്പിലാക്കിവരുന്ന വികസനനയമാണെന്നും ലോകപ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞന് ജഗദീശ് ഭഗവതി.
പ്രമുഖ സാമ്പത്തിക ദിനപത്രമായ ‘ഇക്കണോമിക് ടൈംസി’ന് അനുവദിച്ച അഭിമുഖത്തിലാണ് കൊളമ്പിയ സര്‍വകലാശാലയിലെ ധനതത്വശാസ്ത്രവിഭാഗത്തിന്റെ മേധാവികൂടിയായ ഭഗവതി ഗുജറാത്ത് മാതൃക കേരളത്തിന് മാത്രമല്ല, ഇന്ത്യക്കാകെ അനുകരണീയമാണെന്ന് അഭിപ്രായപ്പെട്ടത്. അടുത്തകാലത്തായി അറിഞ്ഞോ അറിയാതെയോ കേരളത്തിലും പിന്തുടര്‍ന്നുവരുന്നത് ഗുജറാത്ത് മാതൃകതന്നെ. കേരള സംസ്ഥാനം കേരളമാതൃകയോട് വിടപറഞ്ഞതുപോലെയാണ് ഇപ്പോള്‍ അമര്‍ത്യസെന്‍ മാത്രമാണ് ഇന്നും കേരളമാതൃക ഉയര്‍ത്തിപ്പിടിക്കുന്നത്.
സാമ്പത്തിക നയത്തിന്റെയും നടപടികളുടെയും കാര്യത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വം ശ്ലാഘനീയമാണെന്ന് ജഗദീശ് ഭഗവതി പ്രസ്താവിക്കുന്നു. ഗുജറാത്തിന് ഒരു വാണിജ്യ, വ്യാവസായിക പാരമ്പര്യം ഉണ്ടെന്നും കേരളത്തിന് അങ്ങനെയൊന്നില്ലെന്നും മറ്റുമുള്ള അടുത്തകാലത്തെ ചിലരുടെ വാദങ്ങള്‍ അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശരാഷ്ട്രങ്ങളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടതിന്റെ നീണ്ട ചരിത്രമാണ് കേരളത്തിന്റേത്. ആഗോളീകരണം ആദ്യം ആരംഭിച്ചത് മലയാളികളാണ്. ലോകത്തിന്റെ ഏത് ഭാഗത്തും മലയാളി സാന്നിധ്യമുണ്ട്. ഓരോ മലയാളി കുടുംബത്തിനും വിദേശത്ത് ഒരു പ്രതിനിധിയെങ്കിലും ഉണ്ടാവും, ഭഗവതി ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്തില്‍ സാമ്പത്തികവളര്‍ച്ച മാത്രമാണ് സംഭവിക്കുന്നതെന്നും വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് സംസ്ഥാനം പിന്നോക്കമാണെന്നും പറയുന്നത് അസംബന്ധമാണെന്ന് ജഗദീശ് ഭഗവതി വാദിക്കുന്നു. വികസനത്തിന്റെ അളവുകോലായ സാമൂഹ്യസൂചികകളുടെ കാര്യത്തില്‍ ഗുജറാത്ത് അടുത്തകാലത്തായി വളരെ മുന്നിലാണ്. സാമ്പത്തികവിദഗ്ധര്‍ ഈ പ്രതിഭാസത്തെ ‘ആദ്യവ്യത്യാസം’ എന്നാണ് വിശേഷിപ്പിക്കുന്നത്. സാക്ഷരതാനിരക്ക് 22 ശതമാനമായിരുന്നത് ഇന്ന് 79 ശതമാനമാണ്. ശിശുമരണ നിരക്ക് 144 ല്‍നിന്ന് 41 ആയി കുറഞ്ഞു, ഭഗവതി വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: