കോഴിക്കോട്: തെരഞ്ഞെടുപ്പ് കണക്കുകളില്‍ കൃത്രിമം കാണിച്ച മുസ്ലീംലീഗ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന് കോഴിക്കോട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്കിയെന്നാണ്എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കണക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മുസ്ലിംലീഗിന്റെ 24 സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കണക്കില്‍ ഇത് വകയിരുത്തിയിട്ടില്ല.
പി.കെ.കുഞ്ഞാലിക്കുട്ടി 13.75 ലക്ഷം രൂപയുടെ ചെലവാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ പത്ത് ലക്ഷം രൂപ മുസ്ലിംലീഗ് നല്‍കിയെന്നാണ് കാണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നല്കിയ 10 ലക്ഷം രൂപ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നഗ്നമായ തെരെഞ്ഞെടുപ്പ്ചട്ട ലംഘനമാണ് മുസ്ലിംലീഗ് എംഎല്‍എമാര്‍ കാണിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന് രാഷ്ട്രീയസദാചാരവും ധാര്‍മ്മികതയും അല്പമെങ്കിലുമുണ്ടെങ്കില് കള്ളക്കണക്ക് കാണിച്ച മുസ്ലിംലീഗ് എംഎല്‍എമാരുടെ പിന്തുണയിലുള്ള ഭരണം രാജിവെച്ച് പുതിയ ജനവിധി തേടണം. മുസ്ലിലീഗ് എംഎല്‍എമാരുടെ തെരഞ്ഞെടുപ്പ് കൃത്രിമത്തെ നിയമപരമായി നേരിടാന്‍ പാര്‍ട്ടിയില്‍ നിന്ന് അനുവാദം തേടുമെന്ന് മഞ്ചേശ്വരത്ത് 3000 വോട്ടിന് തോറ്റ സുരേന്ദ്രന് അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് പി.രഘുനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: