ആലപ്പുഴ: സിപിഎം നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഭൂസംരക്ഷണ സമരം പൊതുജനങ്ങളില്‍ നിന്ന് യാതൊരു പ്രതികരണവുമില്ലാതെ നനഞ്ഞ പടക്കമായി. കോര്പറേറ്റ്വല്ക്കരിച്ച് ബൂര്‍ഷ്വാ പാര്‍ട്ടിയായി അധഃപതിച്ച സിപിഎമ്മില്‍ നിന്ന് അകന്ന അടിസ്ഥാന വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം മിച്ചഭൂമി സമരവുമായി രംഗത്തിറങ്ങാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത്.
1970ല്‍ എകെജിയുടെയും എ.വി.കുഞ്ഞമ്പുവിന്റെയും വി.എസ്.അച്യുതാനന്ദന്റെയും നേതൃത്വത്തില്‍ നടന്ന സമരം പാര്‍ട്ടിക്ക് ജനപിന്തുണ നേടികൊടുക്കുന്നതില്‍ വന്‍വിജയം കണ്ടിരുന്നു. നീലേശ്വരത്ത് തോപ്പ് കയ്യേറിയും ആലപ്പുഴ കുട്ടനാട്ടില്‍ റാണിചിത്തിര മാര്‍ത്താണ്ഡം കായല്‍ നിലങ്ങളിലും തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തിന്റെ ഭൂമിയിലും കൊടിനാട്ടിയാണ് അന്ന് പ്രതീകാത്മക സമരം നടന്നത്. ഈമാസം 1ന് ആരംഭിച്ച സമരത്തിന്റെ രീതിയും ഇതുതന്നെയാണെങ്കിലും നേതൃത്വത്തിന്റെ ആര്മാര്ഥത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണുള്ളത്.
ജനുവരി ഒന്നിന് കയ്യേറി കൊടിനാട്ടിയ ഭൂമിയില്‍ നിത്യവും സിപിഎമ്മുകാര്‍ സമ്മേളനം നടത്തി ഭക്ഷണവും കഴിച്ച് പകല്‍ ചിലവഴിക്കുന്ന വെറും ചടങ്ങായി സമരം മാറി. കൊടിനാട്ടിയ ഭൂമികള്‍ പലതുമായും ബന്ധപ്പെട്ട് നിലവില്‍ കോടതിയില്‍ കേസുകളുമുണ്ട്. പോലീസ് അറസ്റ്റ് ചെയ്യാന്‍ തയാറാകാത്തതിനാല്‍ അക്രമങ്ങള്‍ നടത്തിയാല്‍ മാത്രമേ സമരത്തിന് ജനശ്രദ്ധ ലഭിക്കുകയുള്ളൂവെന്ന ഗതികേടിലാണ് പാര്‍ട്ടി.
ടൂറിസത്തിന്റെ മറവിലും അല്ലാതെയും വന്‍കിട കുത്തകകള്‍ കയ്യടക്കിവെച്ചിട്ടുള്ള ഭൂമികള്‍ കണ്ടില്ലെന്ന് നടിച്ചാണ് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഭൂസമരവുമായി സിപിഎം രംഗത്തിറങ്ങിയത്. നിലം നികത്തുന്നതിനും നിയമവിരുദ്ധമായി ഭൂമി കയ്യടക്കുന്നതിനും ഒത്താശ ചെയ്ത് ലക്ഷപ്രഭുക്കളായ സിപിഎം നേതാക്കളുടെ എണ്ണം വളരെ വലുതാണ്. കടല്‍ത്തീരങ്ങളും കായലോരങ്ങളും വന്‍കിട ടൂറിസം ലോബികള്‍ കയ്യടക്കിക്കഴിഞ്ഞു. ഇവിടങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കും പ്രദേശവാസികള്‍ക്കും അന്യമായി കഴിഞ്ഞു.
1970ലെ മിച്ചഭൂമി സമരത്തെ തുടര്‍ന്ന് അച്യുതമേനോന് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഭൂപരിഷ്ക്കരണ നിയമത്തിലെ അപാകതകളും നടപ്പാക്കുന്നതിലെ വീഴ്ചകളുമാണ് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും സംസ്ഥാനത്ത് ഭൂരഹിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായി വര്‍ധിക്കാന്‍ കാരണം. ഇക്കാലയളവില്‍ ഭരണം നടത്തിയ ഇടതുസര്‍ക്കാരുകളും ഇതില്‍ തുല്യ പങ്കാളികളാണ്. സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന ഭൂമികള്‍ പോലും അന്യാധീനപ്പെട്ടപ്പോള്‍ കാഴ്ചക്കാരായിരുന്നു ഇടതു-വലത് മുന്നണികള്‍.
സര്‍ക്കാരിന്റെ കൈവശം ഏതാണ്ട് ഒന്നേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ നാലിലൊന്ന് പോലുമില്ലെന്നതാണ് വസ്തുത. ഔദ്യോഗിക കണക്ക് പ്രകാരമുള്ള സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതരായവര്‍ക്കും മൂന്നുസെന്റ് ഭൂമി വീതം നല്കാന് 4,000 ഏക്കര്‍ ഭൂമി മതിയാകും. ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഭൂരഹിതരായ ഒരു കുടുംബവും സംസ്ഥാനത്തുണ്ടാകില്ല. അധികാരത്തിലിരുന്ന കാലയളവില്‍ ഇതിനായി യാതൊന്നും ചെയ്യാതിരുന്ന സിപിഎമ്മിന്റെ ഭൂസമരം ചരിത്രത്തില്‍ പോലും ഇടംപിടിക്കാതെ പോകാനാണ് സാധ്യത.
>> പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: