കൊല്ലം: നഗരത്തില്‍ ഇരുമ്പുപാലത്തിന് സമീപത്തെ സ്ലാട്ടര്‍ ഹൗസില്‍ നിന്ന് അഷ്ടമുടിക്കായലില്‍ നിന്ന് മൃഗാവശിഷ്ടങ്ങള്‍ ഒഴുക്കിയത് വന്‍ പ്രതിഷേധത്തിന് കാരണമായി. സ്ലാട്ടര്‍ഹൗസില്‍ നിന്ന് ഒഴുകിയെത്തിയ അഴുകിയ രക്തം ഇന്നലെ ഇരുമ്പുപാലത്തിന് അടിവശം വരെ എത്തി. ഇതുകാരണം പരിസരമാകെ ദുര്‍ഗന്ധം നിറഞ്ഞു. കായലിന്റെ ഒരുഭാഗം പൂര്‍ണമായും മാലിന്യം നിറയുകയും ചെയ്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്ലാട്ടര്‍ഹൗസില്‍ നിന്നുള്ള മൃഗാവശിഷ്ടങ്ങളും മലിനജലവും അഷ്ടമുടിക്കായലിലേക്ക് ഒഴുകുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ബയോഗ്യാസ് പ്ലാന്റ് വഴിയുടെ മാലിന്യസംസ്കരണം ഫലപ്രദമായി നടക്കാത്തതാണ് ഇതിന് പ്രധാന കാരണം. ഇന്നലെയാണ് പ്രശ്നം അതിരൂക്ഷമായത്. സമീപത്തെ ലേക്ദര്ശന് നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ രാവിലെ തന്നെ മേയറെയും കോര്പ്പറേഷന് അധികാരികളെയും ധരിപ്പിച്ചു. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. സമീപത്തെ കിണറുകളിലും മലിനജലം ഒഴുകി എത്തുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. സ്ലാട്ടര്‍ഹൗസില്‍ നിന്നുള്ള മാലിന്യങ്ങള്‍ എല്ലാദിവസവും സംസ്കരിച്ചില്ലെങ്കില്‍ ഇവിടെ ആടുമാടുകളെ കശാപ്പുചെയ്യുന്നത് സംഘടിതമായി തടയുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കി. പ്രശ്നത്തിന് അടിയന്തിരമായി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അവര്‍ കോര്പ്പറേഷന് അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: