തൃശൂര്‍ : കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പ്രതിമയോട് കോണ്‍ഗ്രസ്സുകാരും സര്‍ക്കാരും കാണിക്കുന്ന അവഗണന പ്രതിഷേധമുയരുന്നു. സര്‍ക്കാര്‍ ചെലവില്‍ സാംസ്കാരിക തലസ്ഥാനവും ലീഡറുടെ തട്ടകവുമായ തൃശൂരില്‍ ടൗണ്‍ ഹാളിന് മുന്നിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് കെ.കരുണാകരന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ലീഡറുടെ ചരമവാര്‍ഷിക ദിനമായ കഴിഞ്ഞ 31ന് മുഖ്യമന്ത്രിതന്നെയെത്തി പ്രതിമ അനാച്ഛാദനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ ഇതിനിടയിലാണ് കെപിസിസി പുനസംഘടനയും തുടര്‍ന്നുണ്ടായ കലഹങ്ങളും വന്നത്. ലീഡറുടെ തട്ടകത്ത് വര്‍ഷങ്ങളോളം ഡിസിസി പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്ന ഐ ഗ്രൂപ്പില്‍ നിന്നും തട്ടിയെടുത്ത് എ ഗ്രൂപ്പിന് നല്‍കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഐ ഗ്രൂപ്പിന്റെ പ്രതിഷേധം ഭയന്ന് തൃശൂരിലേക്ക് കടക്കാതായി. സംസ്ഥാന കേരളോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനിന്ന മുഖ്യമന്ത്രി നാലുദിവസത്തെ മേളയിലേക്ക് ഒന്നെത്തി നോക്കിയതുപോലുമില്ല.
പിന്നീടാണ് ഡിസംബര്‍ 31ന് രാവിലെ ലീഡറുടെ പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് ജില്ലാകളക്ടറും തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എയും പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. എന്നാല്‍ ഇതിന് പിന്നാലെയാണ് പരിപാടി മാറ്റിയതായി പ്രഖ്യാപനം വന്നത്. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്ന ലീഡറുടെ പ്രതിമ മൂടിപ്പൊതിഞ്ഞ് വെച്ച് അപമാനിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതുവരെയും എന്ന് അനാച്ഛാദനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഡിസിസി പ്രശ്നങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം തൃശൂരിലെത്താനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രിയെന്നറിയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡണ്ട് സ്ഥാനം എഗ്രൂപ്പ് നേതാവ് ഒ.അബ്ദുറഹ്മാന്‍കുട്ടി ഏറ്റെടുത്തെങ്കിലും ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചിരുന്നു. ഇനിയുള്ള ഡിസിസി പ്രസിഡണ്ടിന്റെ എല്ലാ പരിപാടികളും ബഹിഷ്കരിക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ലീഡറുടെ പ്രതിമ അനാച്ഛാദനവും ഗ്രൂപ്പുവഴക്കില്പെട്ട് വൈകുമെന്നാണ് അറിയുന്നത്.
>> കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: