പേരറിയാത്തൊരു പെണ്‍കുട്ടി ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി അകാല മൃത്യുവരിച്ചതുണ്ടാക്കിയ വികാരപ്രകടനം മുമ്പില്ലാത്തതായിരുന്നു. സ്ത്രീപീഡനങ്ങള്‍ക്കെതിരെ നടപടിയും നിയമനിര്‍മ്മാണവും നടത്താനുള്ള പ്രയത്നത്തില്‍ അതൊരു വഴിത്തിരിവാകേണ്ടതാണ്. ജനങ്ങളിളകിയപ്പോള് അധികാരിവര്‍ഗ്ഗത്തിനും നില്‍ക്കപ്പൊറുതിയില്ലാതായി. അതുകൊണ്ടുതന്നെ പതിനെട്ടാംനാള്‍ കുറ്റപത്രവും സമര്‍പ്പിച്ചിരിക്കുന്നു. പതിനെട്ടിന് ഒരുപാട് പ്രത്യേകതകളുണ്ട്. അടവുകള്‍ പതിനെട്ടാണല്ലൊ. ഭഗവത്ഗീതയ്ക്ക് അധ്യായവും പതിനെട്ട്. പതിനെട്ടാം പടികയറി വേണം ശാസ്താവിനെ തൊഴാന്‍.
അതുകൊണ്ടുതന്നെ പതിനെട്ടാംനാള്‍ നല്കിയ കുറ്റപത്രം പ്രസക്തവും പ്രാധാന്യമേറിയതുമാണ്. ദല്‍ഹിയിലെ ദാരുണമായ മാനഭംഗത്തെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന ആവശ്യം കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ്. എല്ലാ വനിതാ സംഘടനകളും മുഖ്യരാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിക്കുന്നു. ആദ്യമാദ്യം കോണ്‍ഗ്രസ്സും ഇതിനെ അംഗീകരിച്ചതാണ്. ‘അണ്ടിയോടടുക്കുമ്പോഴറിയാം മാങ്ങയുടെ പുളിപ്പ്’ എന്ന് പറഞ്ഞപോലെ നടപടിയിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസ്സിന് മനംമാറ്റം സംഭവിക്കുകയാണോ? ദല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ കോണ്‍ഗ്രസ് മലക്കംമറിയുകയാണെന്നാണ് തോന്നുന്നത്. പുതിയ കരട് നിയമത്തില്‍ വധശിക്ഷ വേണമെന്ന് നിര്‍ബന്ധമില്ല. ഷണ്ഡത്വം കല്‍പിക്കേണ്ടതില്ലെന്നുമാണ് ഭരണകക്ഷിയുടെ അഭിപ്രായം. നിയമഭേദഗതിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.എസ്.വര്‍മ്മയ്ക്ക് കോണ്‍ഗ്രസ് നല്കിയ നിര്‍ദ്ദേശത്തിലാണ് വധശിക്ഷയും ഷണ്ഡത്വം കല്പിക്കുന്നതും ഒഴിവാക്കിയിട്ടുള്ളത്. നിര്‍ദ്ദേശം എന്തുസമര്പ്പിച്ചാലും നിയമം നിര്‍മ്മിക്കേണ്ടത് പാര്‍ലമെന്റാണ്. പാര്‍ലമെന്റില്‍ എത്രപേര്‍’ബലാത്സംഗത്തിന് വധശിക്ഷ’ എന്ന വ്യവസ്ഥയ്ക്കുവേണ്ടി നിര്‍ബന്ധം പിടിക്കും? കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അതിനുമുതിരുമോ? പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് അതിനു വഴങ്ങുമോ? വഴങ്ങിയില്ലെങ്കില്‍ പുതിയ നിയമത്തിന് പല്ലും നഖവുമുണ്ടാകുമോ? അതില്ലാത്ത നിയമനത്തിന് പുല്ലുവിലയല്ലെ ഉണ്ടാകൂ.
പതിനായിരക്കണക്കിന് ജനങ്ങള്‍ ദല്‍ഹിയില്‍ രാവും പകലും സമരത്തിനിറങ്ങി ബലാത്സംഗത്തിന് വധശിക്ഷ നല്‍കണമെന്ന മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍ വൃന്ദാകാരാട്ട് എന്ന വനിതാനേതാവ് അവര്‍ക്കൊപ്പമായിരുന്നു. ആ മുദ്രാവാക്യം ഏറ്റുവിളിക്കുകയും ചെയ്തതാണ്. എന്നാല്‍ പിബി മെമ്പറായ വനിതാനേതാവിനോടൊപ്പം പാര്‍ട്ടിയില്ലെന്നാണ് ഏറ്റവും ഒടുവില്‍ വ്യക്തമാകുന്നത്. കൂട്ടബലാല്‍സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, പൊലീസ് കസ്റ്റഡിയിലെ ബലാല്‍സംഗം തുടങ്ങിയ കടുത്തകുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. ആയുഷ്കാലം മുഴുവന്‍ തടവ് നല്കണമെന്നാണ്് സിപിഐ എം നിര്‍ദ്ദേശം. ഇത്തരം കുറ്റകൃത്യത്തിന് ജീവിതകാലം മുഴുവന്‍ കഠിനതടവ് നല്‍കണം. മറ്റു രൂപത്തിലുള്ള ബലാല്‍സംഗത്തിന് പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് സിപിഐ എം നല്‍കിയിട്ടുള്ളത്.
കടുത്ത സ്ത്രീവിരുദ്ധമായ സ്വഭാവത്തോടെ സ്ത്രീശരീരത്തെ കച്ചവടച്ചരക്കാക്കി മാത്രം ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തടയാനും നടപടി വേണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലിംഗബോധം ഉള്‍ക്കൊള്ളാനാകും വിധത്തിലുള്ള കോഴ്സുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാഠ്യഭാഗങ്ങളില്‍ ഉണ്ടാകണം. ഇത് നിയമം മുലം നിര്‍ബ്ബന്ധമാക്കണമെന്നും സിപിഐ എം നിര്‍ദേശിച്ചിട്ടുണ്ട്. ഇനി കൈരളിയിലും ദേശാഭിമാനി ഉള്‍പ്പെടെ പാര്‍ട്ടി ജിഹ്വകളിലും സ്ത്രീകളെ പ്രദര്‍ശിപ്പിച്ചുള്ള പരസ്യങ്ങള്‍ കാണുമോ എന്തൊ?
ജനപ്രതിനിധികളാണ് നിയമനിര്‍മ്മാണം നടത്തേണ്ടത്. അവര്‍തന്നെ പ്രതിക്കൂട്ടിലാണെങ്കിലോ? വേലിതന്നെ വിളവുതിന്നു കാഴ്ചയല്ലെ ഉള്ളത്. ബലാല്‍സംഗക്കേസില്‍ ആറുപേരുള്‍പ്പടെ രാജ്യത്തെ 42 എംഎല്‍എമാരും രണ്ട് എംപിമാരും സ്ത്രീ പീഡനകേസുകളില്‍ അന്വേഷണം നേരിടുന്നതായാണ് ഒടുവില്‍ വന്ന വാര്‍ത്ത. ഇതില്‍ നാലുപേര്‍ തലസ്ഥാനമായ ദല്‍ഹിയില്‍ നിന്നുള്ളവരാണ്. ഏറ്റവും കൂടുതല്‍ നിയമസഭാ സാമാജികര്‍ പ്രതികളായത് ഉത്തര്‍പ്രദേശില്‍ നിന്നാണ്; എട്ടുപേര്‍. ആറ് എംഎല്‍എമാര്‍ക്കെതിരെ ബലാല്‍സംഗമാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ രണ്ടുപേര്‍ സമാജ്വാദിപാര്‍ട്ടിയിലാണ്. പീഡനകേസില്‍ പ്രതികളായ ജനപ്രതിനിധികള്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രചാരണമാരംഭിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നാമനിര്‍ദേശപത്രികയില്‍ നല്‍കിയിട്ടുള്ള സത്യവാങ്ങ്മൂലത്തില്‍ നിന്നുമെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രചാരണം. കേസില്‍ പ്രതികളായവര്‍ ഈ റിപ്പബ്ലിക് ദിനത്തിനു മുന്‍പു രാജിവയ്ക്കണമെന്നാണ് ആവശ്യം.
ബലാത്സംഗത്തിനിടയില്‍ കൊല്ലപ്പെട്ടാല്‍ അതിന് കടുത്തശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ സംശമില്ല. കേസ് കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കിയാല്‍ തക്കതായ ശിക്ഷ ഉറപ്പാക്കാം. ദല്‍ഹിയില്‍ കുറ്റപത്രം നല്കിയ ദിവസം തന്നെ കേരളത്തില്‍ നിന്നുള്ള ശിക്ഷാവിധി അതിന് തെളിവാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥി ആര്യയെ ബലാത്സംഗം ചെയ്തശേഷം കൊന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച ഓട്ടോഡ്രൈവര്‍ക്കാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിന് നടന്ന സംഭവത്തിലാണ് ഒന്‍പതുമാസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ദല്‍ഹിയില്‍ കൂട്ടമാനഭംഗം എന്ന വ്യത്യാസമേയുള്ളു. അതുപോലെ തന്നെ നിഷ്ഠൂരമായിരുന്നു ആര്യയ്ക്കുമുണ്ടായത്. ദല്‍ഹി ഇളകിയതുപോലെ എന്തുകൊണ്ടോ അന്ന് തിരുവനന്തപുരം ഇളകിയില്ല. ജനകീയ സമ്മര്‍ദ്ദവും സമരവുമുയര്ന്നില്ല. അതുണ്ടായെങ്കില് പ്രതിക്ക് വധശിക്ഷ ലഭിക്കാന്‍ ഇത്രയും മാസം കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. ദല്‍ഹി വച്ചുനോക്കുമ്പോള്‍ സ്ത്രീപീഡനത്തിന് കേരളവും ഒട്ടും പിന്നിലല്ലെന്ന് കാണാന്‍ പ്രയാസമില്ല. സ്ത്രീപീഡനങ്ങളും കൂട്ടമാനഭംഗവും തുടര്‍ന്നുള്ള കൊലപാതകങ്ങളും കേരളത്തില്‍ പുതുമയുള്ളതല്ല. എന്നാല്‍ ശിക്ഷ വിധിക്കുന്നതിനും വാങ്ങിക്കൊടുക്കുന്നതിനും നീതിന്യായ രംഗത്തുള്ളവര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കുന്നു എന്നുള്ളതാണ് പ്രതീക്ഷ നല്‍കുന്നത്. ശാസ്ത്രീയമായ അന്വേഷണ രീതികളും തെളിവുതേടലും അവലംബിച്ച പോലീസിനും ഇക്കാര്യത്തില്‍ അഭിമാനിക്കാം. കഴിഞ്ഞ നവംബര്‍ ആദ്യവാരത്തിലാണ് ആര്യാവധക്കേസിന്റെ വിചാരണ ആരംഭിച്ചത്. ഈ കസില് വിചാരണയുടെ തുടക്കം തന്നെ പ്രതിക്ക് പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതായിരുന്നു. പ്രതിഭാഗം വക്കീല്‍ കേസില്‍ നിന്നും പിന്മാറിയതിനാല് ആദ്യദിവസം വിചാരണ നടന്നില്ല. തുടര്‍ന്ന് മറ്റൊരു വക്കീല്‍ ഹാജരായെങ്കിലും തെളിവുകളെല്ലാം പ്രതിക്ക് എതിരായിരുന്നു. പ്രധാനസാക്ഷി ഒറ്റനോട്ടത്തില്‍ തന്നെ പ്രതിയെ തിരിച്ചറിഞ്ഞു. 67 സാക്ഷികളും 35 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് നിരത്തി. തെളിവു നശിപ്പിക്കല്‍ കുറ്റത്തിന് ശിക്ഷയില്‍ നിന്നൊഴിവാക്കിയെങ്കിലും വധശിക്ഷയ്ക്കുപുറമെ 23 വര്‍ഷം കഠിനതടവും പ്രതിക്ക് ശിക്ഷയാണ്.
തിരുവനന്തപുരം ജില്ലയില്‍ നിഷ്ഠുരമായ ബലാത്സംഗവും കൊലപാതകവും നടത്തിയ പ്രതികള്‍ക്ക് കടുത്തശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷക സംഘമാണ് ആര്യാകേസും വാദിച്ചതെന്നഭിമാനിക്കാം. പ്രത്യേകിച്ചും പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.കെ.അശോക്കുമാറിന്. എട്ടുവയസ്സുള്ള ഷീബയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി ശിഖാമണിക്ക് വധശിക്ഷ വാങ്ങിച്ചു കൊടുത്തത് ഈ എപിപിയുടെ നേതൃത്വത്തിലാണ്. കല്ലമ്പലം പോലീസ് ചാര്‍ജ് ചെയ്ത കേസാണിത്. വിഴിഞ്ഞം പോലീസ് ചാര്‍ജ്ജ് ചെയ്ത ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലും പ്രതിക്ക് ലഭിച്ചത് വധശിക്ഷ തന്നെ. മറിയ എന്ന ഈ കുട്ടിയെ ശ്വാസംമുട്ടിച്ചുകൊന്നതിനാണ് പ്രതി ഗില്‍ബര്‍ട്ടിന് പരമാവധി ശിക്ഷ കിട്ടിയത്. ആറുവര്‍ഷം മുമ്പ് സാന്ദ്ര എന്ന പെണ്‍കുട്ടിയെ സമാനരീതിയില്‍ കൊന്ന നിജില്‍ ഫര്ണാണ്ടസിനും കിട്ടിയത് വധശിക്ഷ തന്നെ. സൗമ്യവധക്കേസില്‍ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിക്കും വധശിക്ഷയാണ് കിട്ടിയത്. അതിന് മുന്‍പ് അമ്മയെയും മകളെയും ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ വണ്ടിപ്പെരിയാറിലെ രാജേന്ദ്രനെ തൂക്കിലേറ്റാനാണ് തൊടുപുഴ കോടതി വിധിച്ചത്. ഓച്ചിറ സ്വദേശി വിശ്വരാജിന് മാവേലിക്കര സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത് സ്മിതയെന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിനാണ്. 2011 ഒക്ടോബറിലായിരുന്നു ഇത്. 24 കാരി സ്മിതയെ ബലംപ്രയോഗിച്ച് വയലില്‍ തള്ളിയിട്ട് അവിടെവച്ച് ക്രൂരകൃത്യം ചെയ്യുകയായിരുന്നു പ്രതി.
മൃഗീയ വാസനയും പേറി നടക്കുന്നവര്‍ നമ്മുടെ ഇടയിലുമുണ്ടെന്ന് തിരിച്ചറിയാന്‍ ഈ സംഭവങ്ങളെല്ലാം സഹായിക്കുകയാണ്. ഇത്തരക്കാരെ ഓര്‍മ്മിപ്പിക്കാനും മുന്നറിയിപ്പു നല്‍കാനും ഇത്തരം കടുത്ത ശിക്ഷാവിധികള്‍ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദല്‍ഹി സംഭവത്തിലെ പ്രതികള്‍ തങ്ങളെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ടതായാണ് വാര്‍ത്ത. പ്രതികള്‍ തെറ്റ് ചെയ്തെങ്കില്‍ ഏതു കടുത്ത ശിക്ഷ നല്‍കുന്നതിനും പൂര്‍ണ്ണ യോജിപ്പാണെന്ന് പ്രതികളുടെ ബന്ധുക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
നിയമങ്ങള്‍കൊണ്ട് എല്ലാമായി എന്നു കരുതാനാവില്ല. പൗരബോധവും പൗരധര്‍മ്മവും അറിയുകയും അറിയിക്കുകയുമാണനിവാര്യം. കൊലപാതകത്തിന് കടുത്ത ശിക്ഷയ്ക്ക് നിയമമുണ്ട്. എന്നുകരുതി കൊലപാതകം നടക്കാതിരിക്കുന്നില്ല. പുകവലി ശിക്ഷാര്‍ഹമാണെന്നത് നേര്. എന്നിട്ടും പൊതുസ്ഥലത്ത് പുകവലി നിര്‍ബാധം നടക്കുന്നു. കള്ളനോട്ട് കൊണ്ടുനടക്കുന്നതും കൈമാറുന്നതും കുറ്റകരമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതും വിപണനം നടത്തുന്നതും ശിക്ഷാര്‍ഹമാണ്. എന്നിട്ടും മയക്കുമരുന്ന് വില്‍ക്കുന്നു. ഉപയോഗിക്കുന്നു. ഏട്ടിലെ പശു പുല്ലുതിന്നുകയില്ല. നിയമം വേണം. അത് കര്‍ശനമായി നടപ്പാക്കാന്‍ സംവിധാനവും സന്നദ്ധതയും വേണം. കടുത്തശിക്ഷാവിധി വന്നാലും അത് നടപ്പാക്കാനുള്ള ഇഛാശക്തിയില്ലെങ്കില്‍ എല്ലാം വൃഥാവിലാവില്ലെ? നിയമനിര്‍മ്മാണത്തില്‍ തന്നെ ചാഞ്ചാട്ടമുണ്ടായാല്‍ പിന്നെ എങ്ങിനെ ആ നിയമം നടപ്പാക്കും?
>> കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: