ഒരു ശിശുവിനെ ത്യാഗസത്യം പഠിപ്പിക്കുക സാദ്ധ്യമല്ല. ശിശു ജന്മനാ ശുഭവാദിയാണ്. അവന്റെ ജീവിതം മുഴുക്കെ അവന്റെ ഇന്ദ്രിയങ്ങളിലത്രേ. അവന്റെ ജീവിതം മുഴുക്കെ ഇന്ദ്രിയസുഖങ്ങളുടെ സംഘാതമാണ്. ഓരോ സമുദായത്തിലുമുണ്ട് ശിശുപ്രകൃതികളായ മനുഷ്യര്‍; കുറേ അനുഭവങ്ങള്‍, കുറേ സുഖങ്ങള്‍, കൈവന്നിട്ടേ അവയുടെ ശൂന്യത അവര്‍ക്കു കണ്ടറിയാന്‍ കഴിയൂ. എന്നിട്ടുവേണം അവര്‍ക്ക് സന്ന്യാസം സാദ്ധ്യമാകുക. അവര്‍ക്ക് പറ്റിയ നിബന്ധനകള്‍ വേണ്ടുവോളം നമ്മുടെ മതഗ്രന്ഥങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, അര്വാചീനകാലങ്ങളില് എല്ലാവരെയും ഒരുപോലെ സന്ന്യാസിയുടെ നിയമങ്ങള്‍ക്കൊണ്ടു കെട്ടിമുറുക്കാന്‍ ഒരു വാസന തെളിഞ്ഞു കാണായി. അതൊരു വലിയ പിശകാണ്. അതില്ലായിരുന്നെങ്കില്‍ ഭാരതത്തില്‍ കാണുന്ന ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഗണ്യമായ ഒരുഭാഗം ഉണ്ടാകുമായിരുന്നില്ല.
ഒരു ദരിദ്രന്റെ ജീവിതത്തെ അവനാവശ്യമില്ലാത്ത വമ്പിച്ച അദ്ധ്യാത്മികനിയമങ്ങളും ധാര്‍മിക നിബന്ധനകളുമാണ് മുറുകെ കെട്ടിച്ചുറ്റിവെച്ചിട്ടുള്ളത്. അവനെ തൊട്ടുപോകരുത്. ആ പാവത്തിന് കുറച്ചൊക്കെ സുഖഭോഗങ്ങള്‍ കൈവരട്ടെ. അപ്പോഴവന് തനിയെ ഉയരും, സന്ന്യാസം വരികയും ചെയ്യും. ഈ വിഷയത്തില്‍, ഒരുപക്ഷേ, പാശ്ചാത്യര്‍ക്ക് നമ്മെ കുറേയൊക്കെ പഠിപ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ നന്നെ സൂക്ഷിച്ചുവേണം നമുക്ക് ഇതൊക്കെ പഠിക്കാന്‍. പാശ്ചാത്യരുടെ ആശയങ്ങള്‍ ഗ്രഹിച്ചിട്ടുള്ളവരുടെ പ്രതിനിധികളായി ഈയിടെ കണ്ടുമുട്ടുന്നവരില്‍ അധികംപേരും ഏറെക്കുറെ പരാജയമടഞ്ഞവരാണെന്ന് പറയേണ്ടിവരുന്നതില്‍ എനിക്ക് ഖേദമുണ്ട്.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: