കോലഞ്ചേരി: സ്കൂള്‍ കലോത്സവത്തില്‍ പുതിയ ഇനമായതിനാലാകാം വഞ്ചിപ്പാട്ട് തീരെ നിലവാരം പുലര്‍ത്തിയില്ലെന്നാണ് വിധികര്‍ത്താക്കളുടെ അഭിപ്രായം. 13 ടീമുകള്‍ പങ്കെടുത്തതില്‍ ഒന്നൊ രണ്ടോ ടീമുകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും മെച്ചപ്പെടുത്തിയത്. കുട്ടനാടന്‍, ആറന്മുള വെച്ചൂര്‍ ശൈലികളാണ് കുട്ടികള്‍ സ്വീകരിച്ചത്. കൂടുതല്‍ പേരും കുട്ടനാട് ശൈലിയാണ് സ്വീകരിച്ചത്. എന്നാല്‍ കുട്ടനാടും ആറന്മുളയും സംഗമിച്ച് അവതരിപ്പിച്ച ടീമുകളും ഉണ്ട്. കുട്ടനാട് ശൈലിയോട് തീരെ നീതി പുലര്‍ത്താത്ത അവതരണമായിരുന്നുവെന്നാണ് വിധികര്‍ത്താക്കളായ ബോബന് സിതാരയുടെയും വിജയന് പുളികുന്നിന്റെയും അഭിപ്രായം. ആര്‍പ്പ് വിളിയും വായ്താരയും തോന്നിയപോലെയായിരുന്നു. വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഒരു ഗ്രേഡും ലഭിക്കാത്ത രണ്ട് ടീമുകള്‍ ഉണ്ടായിരുന്നു.
വഞ്ചിപ്പാട്ടിന് മുഖാവരണവും മേക്കപ്പും ആവശ്യമില്ല. എന്നാലും അധികം ടീമുകളും ശാസ്ത്രീയമായ രീതിയില്‍ അവതരിപ്പിച്ചുവെന്നാണ് വിധികര്‍ത്താക്കളുടെ അഭിപ്രായം. എന്നാല്‍ സ്കൂള്‍ കലോത്സവത്തില്‍ പുതിയ ഇനമായി ഉള്‍പ്പെട്ടതുകൊണ്ട് പല സ്കൂളുകള്‍ക്കും കുട്ടികള്‍ക്ക് വിശദമായ പരിശീലനം നല്കുവാന് കഴിഞ്ഞില്ല. പലരും ഇന്റര്‍ നെറ്റിലൂടെയാണ് വഞ്ചിപ്പാട്ട് പഠിച്ച് അവതരിപ്പിച്ചത്. അടുത്ത വര്‍ഷമാവുമ്പോഴേക്കും നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
ഇന്നലെ രാവിലെ വേദി 9ല്‍ നടന്ന വഞ്ചിപ്പാട്ട് മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. രോഹിത്.എം.ആര് ആയിരുന്നു ടീം ക്യാപ്റ്റന്‍. ഹരികൃഷ്ണന്.ടി.ആര്, അജയ്.സി.എസ്, കിരണ്‍ ജോഷി, ഫിറോസ് അലക്സ്, അഖില്‍, വരുണ്‍ ഭാസ്കര്‍, അനന്തു സാജന്, ഭഗത് പ്രകാശ്, ലിപിന്‍.ഇ.എസ് എന്നിവര്‍ പങ്കെടുത്തു. ചമ്പക്കുളം ബേബിയുടെ ശിക്ഷണത്തിലായിരുന്നു ഇവര്‍ വഞ്ചിപ്പാട്ട് അഭ്യസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: