കൊല്ലം: നിരവധി വാഗ്ദാനങ്ങള്‍ നല്കി കേന്ദ്ര റെയില്‍വേ സഹമന്ത്രി കൊട്ല ജയസൂര്യപ്രകാശ് റെഡ്ഡി മടങ്ങി. ഇന്നലെ ഉച്ചക്ക് മൂന്നിനാണ് കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എം.പിയോടൊപ്പം കൊട്ല കൊല്ലത്തെത്തിയത്. പുതുതായി നിര്‍മിച്ച കായംകുളം ചെങ്ങന്നൂര്‍ ഇരട്ടപ്പാതയുടെയും മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെ പുതിയ ഐലന്റ് പ്ലാറ്റ് ഫോമിന്റെയും കല്ലുമല മേല്പാലത്തിന്റെയും സമര്‍പ്പണ ചടങ്ങില്‍ ഉദ്ഘാടകനായി എത്തിയ കൊട്ലയുടെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ അഭ്യര്‍ഥന പ്രകാരം സ്പെഷ്യല്‍ ട്രെയിനില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. എന്‍. പീതാംബരകുറുപ്പ് എം.പി, കെ.എന്‍. ബാലഗോപാല്‍ എം.പി., മേയര്‍ പ്രസന്ന ഏണസ്റ്റ്, പ്രതാപവര്‍മ തമ്പാന് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്നു ജനങ്ങളുടെ പരാതി കേട്ടു. നിരവധി ആവശ്യങ്ങല്‍ ഉന്നയിച്ച് റെയില്‍വേ യൂസേഴ്സ് അസോസിയേഷന്, പാസഞ്ചേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍, മേയര്‍, മറ്റു ജനപ്രതിനിധികള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ നിവേദനങ്ങല്‍ നല്കി. നിവേദനങ്ങല്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ ശേഷം മന്ത്രി മറുപടി പറഞ്ഞു. കൊല്ലത്തിന്റെ റെയില്‍വേ വികസനത്തിനു കഴിവതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് രണ്ടാമതൊരു ടെര്‍മിനല്‍ സ്ഥാപിക്കുന്നകാര്യം പരിഗണിക്കുമെന്നും കൊല്ലം വരെ യാത്ര അവസാനിപ്പിക്കുന്ന മധുര പാസഞ്ചര്‍ പുനലൂരിലേക്കു നീട്ടാന്‍ നടപടിയെടുക്കുമെന്നും കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ സമയം മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം നല്കി. റെയില്‍വേയില്‍ സ്ത്രീ യാത്രക്കാരുടെ സുരക്ഷക്കായി പ്രത്യേക പരിഗണന നല്‍കുമെന്നും അതിനായി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 2015ന് മുന്‍പ് പുനലൂര്‍ ചെങ്കോട്ട ബ്രോഡ്ഗേജു പണിപൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 297 കോടി രൂപയുടെ ചെലവുവരുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലത്തു പണി പൂര്‍ത്തിയായ മെമുഷെഡിലേക്ക് ആവശ്യമുള്ള ജോലിക്കാരെ ലഭിച്ചാല്‍ മെയിന്റനര്സു പണികള്‍ ഇവിടെത്തന്നെ നടത്താമെന്നും തന്മൂലം ആഴ്ചയില്‍ ഒരു ദിവസത്തെ സര്‍വീസുമടക്കം അവസാനിപ്പിക്കാമെന്നുള്ള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം അനുദാവപൂര്വം പരിഗണിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്കി. ഒരു മണിക്കൂറോളം അദ്ദേഹം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തങ്ങിയ ശേഷം തിരുവനന്തപുരംത്തേക്കു തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: