കൊട്ടാരക്കര: കേരളത്തിന്റെ തനത് ക്ഷേത്രകലയായ പഞ്ചവാദ്യത്തില്‍ ഇത്തവണയും മാതാ അമൃതാനന്ദമയീ ദേവിയുടെ ശിക്ഷണത്തില്‍ വളരുന്ന കുരുന്നുകള്‍ അജയ്യരായി.
പന്ത്രണ്ട് വര്‍ഷമായി പാരിപ്പള്ളി അമൃതാ സംസ്കൃത ഹയര്‍സെക്കണ്ടറി സ്കൂള്‍ തുടരുന്ന ആധിപത്യത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല.
പഞ്ചവാദ്യം എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലാണ് അമൃതയിലെ കുട്ടികള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. എച്ച്എസ് വിഭാഗത്തില്‍ മത്സരിക്കാനെത്തിയ കുട്ടികള്‍ സ്കൂളിനോട് ചേര്‍ന്ന് അമ്മ നടത്തുന്ന അമൃതാ ബാലമന്ദിരത്തിലെ കുട്ടികളാണ്. ജീവിത വഴിയില്‍ ഒറ്റപ്പെട്ടുപോയവരെ അമ്മയും മഠവും കൈത്താങ്ങും വെളിച്ചവുമായി മുന്നോട്ട് നയിക്കുകയാണ്. ഇവിടെ അറുനൂറോളം കുട്ടികളെ മഠം ഇത്തരത്തില്‍ പഠന- ജീവിതച്ചെലവുകള്‍ വഹിച്ച് പഠിപ്പിച്ച് സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നുണ്ട്.
എച്ച്എസ് വിഭാഗത്തില്‍ മത്സരിച്ച നാഗേഷ്, സുധീഷ് കൃഷ്ണന്, നവനീത് എന്നിവര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. അബിന്‍ (വയനാട്), കൃഷ്ണന് (പാലക്കാട്), ശ്രീരാജ് (പത്തനംതിട്ട), നിധിന് (ഒറ്റപ്പാലം) ഇവരെല്ലാം ഒമ്പത്, പത്ത് ക്ലാസുകാരാണ്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ആര്യന്, മുഹമ്മദ് റാഫി, അബിജിത്ത്, ശ്രീഹരി, അഖില്‍, ആദര്‍ശ്, അജിന് എന്നിവരാണ് മത്സരിച്ചത്. കൊമ്പ്, കുഴല്‍, ഇലത്താളം, തിമില, മദ്ദളം, ശംഖ്, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങളില്‍ കുട്ടികള്‍ മൂന്നാംകാലം, ഇടകാലം, അഞ്ചാംകാലം, ത്രിപുട, തിമിലയിടച്ചില്‍ എന്നീ താളങ്ങളാണ് വേദിയിലവതരിപ്പിച്ചത്.
സാധാരണക്കാരായ കുട്ടികളെ മുഴുവന്‍ ചെലവും അമൃതാനന്ദമയീ മഠം വഹിച്ചാണ് ഈ കലകള്‍ പഠിപ്പിക്കുന്നതെന്ന് കുട്ടികളോടൊപ്പം എത്തിയ ശശിധരന് സ്വാമി പറഞ്ഞു. തായമ്പകയിലും പഞ്ചവാദ്യത്തിലും മേളത്തിലും വിദഗ്ധനായ മടിയന്‍ രാധാകൃഷ്ണമാരാരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. 1985ല്‍ തായമ്പകയില്‍ ഇദ്ദേഹം സംസ്ഥാന സ്കൂള്‍ കലോത്സവ ജേതാവാണ്. അമ്മയുടെ സ്നേഹം കുട്ടികള്‍ക്കും ഒപ്പം പാരമ്പര്യ കലകള്‍ക്കും വളര്‍ച്ച നല്‍കുന്നുവെന്ന് മാരാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: