രഞ്ജിത്ത് സംവിധാനം ചെയ്ത, പ്രേക്ഷക പ്രശംസ നേടിയ പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ് എന്ന ചലച്ചിത്രം വരണ്ടുണങ്ങിയ മലയാള സിനിമയുടെ മണ്ണിലേക്കു പെയ്ത കുളിര്‍മഴയായിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ ആശ്വാസവും ഉയര്‍ന്ന ആസ്വാദന നിലവാരവും സമ്മാനിക്കാന്‍ പ്രാഞ്ചിയേട്ടനു കഴിഞ്ഞു. എപ്പോഴും സജീവ ചര്‍ച്ചയ്ക്കു വിധേയമാക്കാവുന്ന ചില സാമൂഹ്യ പ്രശ്നങ്ങളാണ് പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ് വിഷയമാക്കിയത്.
കയ്യില്‍ പണമേറെയുള്ള, എന്നാല്‍ സമൂഹത്തില്‍ നിന്ന് അതിനനുസരിച്ചുള്ള ആദരവോ, സ്ഥാനമോ ലഭിക്കാത്ത തൃശ്ശൂര്‍ക്കാരനായ വ്യവസായിയായ പ്രാഞ്ചിയേട്ടന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ആ ചിത്രത്തിലവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രം നമ്മുടെ സമൂഹത്തിലെ ചില ജീവിതങ്ങളുടെ ഓര്‍മ്മപ്പെടുത്തലായിരുന്നു. പ്രാഞ്ചിയേട്ടന്മാര് ഒരുപാടുള്ള സമൂഹത്തിനു മുന്നില്‍ പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ് എന്ന ചലച്ചിത്രം വിജയിക്കാതിരുന്നാലെ അദ്ഭുതപ്പെടാനുള്ളു.
കയ്യില്‍ കുറെയധികം പണം വന്നുകഴിഞ്ഞാല്‍ പ്രശസ്തിവേണമെന്നു കരുതുന്ന ‘പണക്കാരുടെ’ നാടാണിത്. അത്തരക്കാരനാണ് സിനിമയിലെ പ്രാഞ്ചിയേട്ടനും. പ്രശസ്തനാകാന് വേണ്ടി പലതും ചെയ്യുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം മുതല്‍ പണം കൊടുത്തു സ്വീകരണം സംഘടിപ്പിക്കല്‍ വരെ ഇത്തരക്കാര്‍ ചെയ്യാറുണ്ട്. പുരസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതും ഇങ്ങനെയുള്ളവരുടെ പതിവാണ്. പുരസ്കാരം ലഭിക്കാന്‍ പണം എത്രവേണമെങ്കിലും ചെലവിടുന്നു. രഞ്ജിത്തിന്റെ സിനിമയിലെ പ്രാഞ്ചിയേട്ടന് പത്മശ്രീ എന്ന സര്‍ക്കാര്‍ ബഹുമതി സംഘടിപ്പിക്കാനാണ് പണം ചെലവഴിക്കുന്നത്. എങ്ങനെയും പ്രശസ്തനാകുക എന്ന ലക്ഷ്യത്തിനായി കോടികള്‍ തന്നെ ചെലവിടാന്‍ അദ്ദേഹം തയ്യാറാകുന്നു. പണം മുടക്കാനുണ്ടെങ്കില്‍ പത്മശ്രീ സംഘടിപ്പിച്ചു നല്കുന്ന ഏജന്റും ഇല്ലാത്ത അപദാനങ്ങള്‍ ഉണ്ടെന്ന് എഴുതിപ്പിടിപ്പിക്കുന്ന ‘ചരിത്രകാരനു’മെല്ലാം സിനിമയിലെ കഥാപാത്രങ്ങളാകുന്നുണ്ട്. കോടികള്‍ മുടക്കിയിട്ടു പക്ഷേ, സിനിമയിലെ പ്രാഞ്ചിയേട്ടന് പത്മശ്രീ ലഭിക്കുന്നില്ല. പണം പോകുകയും ചെയ്തു.
ഇത്തരമൊരുകഥാപാത്രത്തെ സൃഷ്ടിക്കാന്‍ രഞ്ജിത്തിന് പ്രചോദനമായത് നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ പത്മശ്രീ പുരസ്കാരങ്ങള്‍ സംഘടിപ്പിക്കാന്‍ ചിലര്‍ നടത്തിയ നെട്ടോട്ടങ്ങളാണ്. സംഘടിപ്പിക്കാന്‍ നടന്നവരില്‍ ചിലര്‍ വിജയിക്കുകയും ചിലര്‍ പരാജയപ്പെടുകയും ചെയ്തു. പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ പത്മപുരസ്കാരങ്ങള്‍ വരെ നേടിയെടുക്കാമെന്ന് കേരളത്തില്‍ കുറച്ചാളുകള്‍ പത്മശ്രീയും മറ്റും നേടിയെടുത്തപ്പോള്‍ മലയാളിക്കു മനസ്സിലായി. പത്മശ്രീ ലക്ഷ്യം വച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉത്സവങ്ങളും മറ്റും നടത്തിക്കൊണ്ടിരുന്നവര്‍, പുരസ്കാരം നേടിക്കഴിഞ്ഞപ്പോള്‍ എല്ലാ കാരുണ്യപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുകയും ചെയ്തു.
ഇത്തരം പ്രാഞ്ചിയേട്ടന്മാര് എല്ലാക്കാലത്തും വാഴുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലെ ചില പണക്കാര് പത്മപുരസ്കാരങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ സാധാരണക്കാര്‍ അദ്ഭുതപ്പെട്ടു. എന്നാല്‍ പിന്നാമ്പുറക്കഥകള്‍ പുറത്തു വന്നപ്പോള്‍ ലജ്ജതോന്നി. ഭാരതം ഏറ്റവും പ്രാധാന്യത്തോടെ നല്കി വരുന്ന പത്മ പുരസ്കാരങ്ങള്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് ഇങ്ങനെയാണോ എന്നോര്‍ത്തു സങ്കടപ്പെട്ടു.
പത്മ പുരസ്കാരങ്ങള്‍ നേടിയ പ്രമുഖര്‍ നിരവധിയുണ്ട്. അവരെല്ലാം ഇത്തരത്തില്‍ പുരസ്കാരം സംഘടിപ്പിച്ചെടുത്തതാണെന്ന് കരുതുന്നില്ല. എങ്കിലും പിന്നാമ്പുറക്കഥകളിലൂടെ ചില നാണംകെട്ട കളികള്‍ പരസ്യമായത് പത്മ പുരസ്കാരങ്ങളുടെ അന്തസ് കെടുത്തുന്നതായി.
പുതിയ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അവ നേടിയെടുക്കാന്‍ ശ്രമിക്കുന്നവരുടെ ചരടുവലികളുടെ വാര്‍ത്തകള്‍ ഇത്തവണയും പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ കൊടുക്കാന്‍ അര്‍ഹതപ്പെട്ടവരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുകയും കേന്ദ്രം അതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് പുരസ്കാരം നല്കുന്നതുമാണ് പതിവ്. ഇത്തവണയും പത്മപുരസ്കാരങ്ങള്‍ നല്‍കേണ്ടവരുടെ പട്ടിക കേരളം തയ്യാറാക്കി കേന്ദ്രത്തിനയച്ചു. പട്ടിക നോക്കിയാല്‍ തന്നെ ഇടപടലുകള്‍ വ്യക്തമാകും. നടന് മധുവിന് പത്മഭൂഷണ്‍ നല്‍കണമെന്നും മറ്റ് 41 പേര്‍ക്ക് പത്മശ്രീ നല്‍കണമെന്നുമാണ് സംസ്ഥാനം ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
മധുവിനെ കേരളം പലതരത്തിലും അവഗണിക്കുകയായിരുന്നുവെന്ന് മലയാളിക്കാകെ അറിയാം. പത്മ പുരസ്കാരങ്ങള്‍ മുന്‍കാലങ്ങളില്‍ സംഘടിപ്പിച്ച നെയ്ത്തുകാരും വ്യവസായികളും രാഷ്ട്രീയക്കാരും കേരളത്തില്‍ സുലഭമായുണ്ട്. അപ്പോഴൊന്നും മധുവെന്നൊരു മഹാനടന് ഇവിടെയുണ്ടെന്ന് ആരും ശ്രദ്ധിച്ചില്ല. മലയാള സിനിമയില്‍ നിന്നുതന്നെ ഇളമുറക്കാര്‍ക്കു വരെ പത്മപുരസ്കാരം ലഭിച്ചപ്പോഴും മധു തഴയപ്പെട്ടു. ഇപ്പോള്‍ മധുവിനെ ഓര്‍ത്തതു നന്ന്. ഒരു പുരസ്കാരത്തിനായും ആരുടെയും മുന്നില്‍ മട്ടുമടക്കി നില്‍ക്കുന്നയാളല്ല മധു. അതിനാല്‍ തന്നെ, പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മധുവിന് പത്മഭൂഷണ്‍ കിട്ടുമോ എന്നു വ്യക്തമല്ല. മധുവിന് പത്മഭൂഷണ്‍ നല്കിയാല് കേരളം അദ്ദേഹത്തോട് കാട്ടുന്ന വലിയ നന്ദിയായിരിക്കുമത്.
പലപ്പോഴും കേരളം അര്ഹതപ്പെട്ടവരോട് അനാദരവുകാട്ടിയിട്ടുണ്ട്. നടന് ജയറാമിന് പത്മശ്രീ ലഭിച്ചത് കേരളം ശുപാര്‍ശ ചെയ്തതുവഴിയല്ല. തമിഴ്നാടിന്റെ ശുപാര്‍ശയിലാണ് പെരുമ്പാവൂരുകാരനായ ജയറാം പത്മ നേടിയത്. ഒസ്കാര്‍ ജേതാവ് റസൂല്‍പ്പൂക്കുട്ടി പത്മപുരസ്കാരം നേടിയതും കേരളം കേന്ദ്രത്തിനു നല്കിയ പട്ടികയിലൂടെയല്ല. മഹാരാഷ്ട്ര സര്‍ക്കാരാണ് റസൂലിന്റെ പേര് പത്മപുരസ്കാരത്തിന് ശുപാര്‍ശ ചെയ്തത്.
മധുവിനെ ഒഴിച്ചു നിര്‍ത്തി കേരളം നല്കിയ പട്ടിക പരിശോധിച്ചാല്‍ പലപേരുകളും (എല്ലാ പേരുകളുമല്ല) സമ്മര്‍ദ്ദത്തെ തുടര്‍ന്നും രാഷ്ട്രീയ പരിഗണനകളാലും പട്ടികയില്‍ കടന്നു കൂടിയതാണെന്ന് ബോധ്യമാകും. പത്മ പുരസ്കാരങ്ങള്‍ ലഭിക്കുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും പ്രയോജനം ഉള്ളതായി അറിവില്ല. തീവണ്ടിയാത്രയ്ക്ക് മുന്‍ഗണന കിട്ടുന്നതും പൊതു പരിപാടികളില്‍ പ്രോട്ടോകോള്‍ പ്രകാരം മുന്‍നിരയില്‍ ഇരിപ്പിടം കിട്ടുമെന്നതുമൊഴിച്ചാല്‍ ഈ പുരസ്കാരത്തിനായി ഇത്രയധികം പിടിവലി നടത്തുന്നതിനു സമമായി വലിയ പ്രയോജനമൊന്നുമില്ല. പേരിനൊപ്പം പത്മശ്രീയെന്നു കൂടി എഴുതിചേര്‍ക്കുകയും ചെയ്യാം. കൂടാതെ മരിക്കുമ്പോള്‍ മൃതദേഹത്തിനു ചുറ്റും നിന്ന് പോലീസുകാര്‍ ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്യും. ഇത്രയും കാര്യത്തിനുവേണ്ടിയാണ് കോടികള്‍ മുടക്കി പത്മശ്രീയോ പത്മഭൂഷണോ നേടിയെടുക്കാന്‍ ‘പ്രാഞ്ചിയേട്ടന്മാര്’ രംഗത്തുവരുന്നത്.
പത്മപുരസ്കാരങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കാമെന്ന വാഗ്ദാനവുമായി ആവശ്യക്കാര്ക്കുമുന്നിലെത്തുന്ന ഏജന്റന്മാരുണ്ട്. രഞ്ജിത്തിന്റെ സിനിമയിലെപ്പോലെ പ്രാഞ്ചിയേട്ടന്മാരുടെ പക്കല്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് അവരുടെ ലക്ഷ്യം. കേന്ദ്രത്തിലും കേരളത്തിലുമെല്ലാം അധികാരകേന്ദ്രങ്ങളില്‍ അവരുടെ ആള്‍ക്കാരുണ്ട്. ഏജന്റുവാങ്ങുന്ന പണത്തിന്റെ ഒരു വിഹിതം അവരുടെ പക്കലുമെത്തും. അങ്ങനെ കോടികള്‍ മറിയുന്ന വലിയ വ്യാപാരമായി പത്മപുരസ്കാരങ്ങള്‍ മാറുകയാണ്.
അടിയന്തിരാവസ്ഥയ്ക്കു ശേഷം ഇന്ത്യയില്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ പത്മപുരസ്കാരങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. എല്ലാപൗരന്മാരെയും ഒരു പോലെ കാണണമെന്നും എല്ലാവര്ക്കും ഒരേ അവകാശങ്ങളാണെന്നുമുള്ള കാഴ്ചപ്പാടിലാണ് അന്നത്തെ സര്‍ക്കാര്‍ അത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കുറച്ചു പേര്‍ക്കു പ്രത്യേക ബഹുമതികള്‍ നല്കി സമൂഹത്തിലെ ഉന്നതരാക്കി പ്രതിഷ്ഠിക്കുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജനതാ സര്‍ക്കാരിന്റെ നടപടി.
എന്നാല്‍ പിന്നീട് വന്ന ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ പത്മപുരസ്കാരങ്ങള്‍ പുനഃസ്ഥാപിച്ചു. പിന്നിങ്ങോട്ട് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയവരുടെ ആശ്രിതര്‍ക്കു നല്കുന്ന പുരസ്കാരമായി പത്മപുരസ്കാരങ്ങള്‍ അധഃപ്പതിക്കുകയാണുണ്ടായത്. പുരസ്കാരങ്ങള്‍ വിലയ്ക്കു വാങ്ങാന്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. പണവും സ്വാധീനവുമുള്ള ആര്‍ക്കും ഏതു പുരസ്കാരവും വേഗത്തില്‍ കിട്ടും. മാനദണ്ഡങ്ങളെയെല്ലാം കാറ്റില്‍ പറത്തി നല്കുന്ന പത്മപുരസ്കാരങ്ങള്‍ നിര്‍ത്തലാക്കുകയാണ് വേണ്ടത്. അതിനുള്ള തന്റേടം ഇപ്പോഴത്തെ ഭരണക്കാര്ക്കുണ്ടാകില്ല. പ്രാഞ്ചിയേട്ടന്മാരുടെ പണവും സ്വാധീനവും ആഗ്രഹിക്കുന്നവരാണ് ഭരിക്കുന്നത്. പ്രാഞ്ചിയേട്ടന്മാരെ സുഖിപ്പിക്കാന്‍ ഇത്തരം ചില ചെപ്പടിവിദ്യകള്‍ പുരസ്കാരങ്ങളായി അവര്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കും.
റിപ്പബ്ലിക് ദിനത്തലേന്ന് ദില്ലിയില്‍ നിന്നു വരുന്ന പ്രഖ്യാപനത്തിനും റിപ്പബ്ലിക് ദിനത്തിലെ പത്രങ്ങളുടെ മുന്‍പേജില്‍ വരുന്ന ചിത്രത്തിനുമായി വന്‍തുക മുടക്കി കാത്തിരിക്കുന്നവര്‍ ഭരിക്കുന്നവരുടെ ഇഷ്ടക്കാര്‍ മാത്രമാണ്. അവര്‍ക്കുവേണ്ടിയാണ് പുരസ്കാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ദരിദ്രരാഷ്ട്രമായ ഭാരതത്തിലെ മഹാഭൂരിപക്ഷത്തിന് അതിലെന്തുകാര്യം.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: