ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഞെട്ടിക്കുന്ന പരാജയം. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരും പുറത്താക്കല്‍ ഭീഷണി നേരിടുന്നവരുമായ ക്യൂപിആറാണ് കരുത്തരായ ചെല്‍സിയെ അട്ടിമറിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ക്യൂപിആറിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ന്യൂകാസിലും പരാജയം രുചിച്ചപ്പോള്‍ കരുത്തരായ ലിവര്‍പൂള്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി. ന്യൂകാസില്‍ എവര്‍ട്ടനോട് പരാജയപ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ സണ്ടര്‍ലാന്റിനെയാണ് കീഴടക്കിയത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 78-ാം മിനിറ്റില്‍ ഇംഗ്ലീഷ് മിഡ് ഫീല്‍ഡര്‍ ഷോണ്‍ റൈറ്റ് ഫിലിപ്സാണ് ചെല്‍സിക്കെതിരെ ക്യൂപിആറിനെ വിജയത്തിലേക്ക് നയിച്ച ഗോള്‍ നേടിയത്. ഉജ്ജ്വലമായി പൊരുതിയിട്ടും ക്യൂപിആറിന്റെ ബ്രസീലിയന്‍ ഗോളി ജൂലിയോ സെസാറിനെ കീഴടക്കുന്നതില്‍ ചെല്‍സിയുടെ ലംപാര്‍ഡും ടോറസും ഉള്‍പ്പെട്ട താരങ്ങള്‍ പരാജയപ്പെട്ടതാണ് നീലപ്പടക്ക് തിരിച്ചടിയായത്. മത്സരത്തിലെ ഹീറോയും സെസാറാണ്. ഈ അപ്രതീക്ഷിത തോല്‍വിയോടെ ചെല്‍സി നാലാം സ്ഥാനത്ത് തുടരുകയാണ്.
സണ്ടര്‍ലാന്റിനെതിരായ പോരാട്ടത്തില്‍ ഉറുഗ്വെ താരം ലൂയി സുവാരസിന്റെ ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് മികച്ച വിജയം സമ്മാനിച്ചത്. ജമൈക്കന്‍ താരം റഹീം സ്റ്റര്‍ലിംഗാണ് 19-ാം മിനിറ്റില്‍ ലിവര്‍പൂളിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 26, 52 മിനിറ്റുകളിലാണ് സുവാരസ് രണ്ട് തവണ ലിവര്‍പൂളിന് വേണ്ടി സണ്ടര്‍ലാന്റ് വല കുലുക്കിയത്. ഈ സീസണില്‍ 17 ഗോളുകള്‍ ലിവര്‍പൂളിനായി നേടിക്കഴിഞ്ഞ സുവാരസ് മികച്ച ഫോമിലാണ്. വിജത്തോടെ ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
എവര്‍ട്ടനെതിരായ പോരാട്ടത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ന്യൂകാസില്‍ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ സിസ്സെയിലൂടെയാണ് ന്യൂകാസില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച എവര്‍ട്ടന്‍ 43-ാം മിനിറ്റില്‍ ലെയ്റ്റണ്‍ ബെയ്ന്‍സിലൂടെ സമനില പിടിച്ചു. പിന്നീട് 60-ാം മിനിറ്റില്‍ വിക്ടര്‍ അനിച്ചെബെയിലൂടെ എവര്‍ട്ടന്‍ വിജയഗോള്‍ നേടി.
ലീഗില്‍ 21 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 52 പോയിന്റുമായി യുണൈറ്റാണ് ഒന്നാം സ്ഥാനത്ത്. 45 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 39 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തുമാണ്. 20 മത്സരങ്ങളില്‍ നിന്നായി 38 പോയിന്റുമായി ചെല്‍സി നാലാംസ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: