എനിക്ക് ഇപ്പോഴും നിന്റെ പേരറിയില്ല, നിന്നെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. പക്ഷേ ഇന്ന് ഞാനുള്‍പ്പെടുന്ന സ്ത്രീ സമൂഹത്തിന്റെയാകെ നൊമ്പരമാണ് നീ . തലസ്ഥാന നഗരിയില്‍ ഓടുന്ന ബസിനുള്ളില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയായ മെഡിക്കല്‍ വിദ്യാര്ത്ഥിനിയ്ക്കുവേണ്ടി ഒരു രാജ്യം മുഴുവന്‍ നിലകൊള്ളുമ്പോഴും, നാളെ ഇത്തരത്തിലൊരു ദുരനുഭവം ഒരാള്‍ക്കും ഉണ്ടാകാതിരിക്കുവാന്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്നതില്‍ വ്യക്തമായ ഉത്തരം നല്കുവാന് രാജ്യം ഭരിക്കുന്നവര്‍ക്കോ നീതിന്യായ വ്യവസ്ഥയുടെ കാവലാളുകള്ക്കോ സാധിക്കുന്നില്ല എന്നത് ഒരു അപ്രിയ സത്യമാണ്.
സ്ത്രീയ്ക്കുനേരെയുള്ള അതിക്രമങ്ങള്‍ ലോകത്തിന്റെ ഏത് കോണില്‍ നടന്നാലും അതെല്ലാം സ്ത്രീ സമൂഹത്തിന്റെയാകെ പ്രശ്നമായി കണക്കാക്കേണ്ടിവരും. ശക്തമായ നിയമ വ്യവസ്ഥ നിലനില്‍ക്കാത്ത ഏത് സമൂഹത്തിലും ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യും. ഈ കാടത്തം ചെയ്യുന്നതാരായാലും അവര്‍ക്കും അതിന് ഒത്താശ ചെയ്യുന്നവര്‍ക്കും മരണത്തില്‍ കുറഞ്ഞൊരു ശിക്ഷ നല്കാന് പാടില്ല. ഇന്ന് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയില്‍ ഒരുവന് തെറ്റുകാരനെന്ന് ബോധ്യപ്പെട്ടാലും രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെയുണ്ട്. പിഴയൊടുക്കിയോ അതല്ലെങ്കില്‍ ഏതാനും വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമോ പുറത്തിറങ്ങുന്നവരുടെ ജീവിതം വീണ്ടും സാധാരണ നിലയില്‍ മുന്നോട്ടുപോകും. സമൂഹത്തില്‍ കുറച്ചുപേര്‍ ഒറ്റപ്പെടുത്തിയാലും അവര്‍ അതൊന്നും കാര്യമാക്കാറുമില്ല. എന്നാല്‍ ഇത്തരം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന പെണ്‍കുട്ടികളുടെ അവസ്ഥയോ? ~ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി അവര്‍ക്ക് ഈ ജീവിതം ജീവിച്ചുതീര്‍ക്കേണ്ടി വരില്ലെ? സമൂഹത്തിന് മുന്നില്‍ ഏതെങ്കിലുമൊരു സ്ഥലനാമത്തിന്റെ പേരില്‍ അറിയപ്പെടാന്‍ വിധിക്കപ്പെടുന്നവളുടെ ഭാവിയെപ്പറ്റി ആരാണ് ചിന്തിക്കുക.
സ്ത്രീയുടെ ശരീരത്തെ വെറും ഉപഭോഗവസ്തുവായി മാത്രം കാണുന്ന കാമഭ്രാന്തരുടെ എണ്ണം അനുദിനം കൂടുന്നതിന് പിന്നിലും ഒരു കാരണം കാണുമല്ലോ? അവന്റെ കണ്ണിലൂടെ മനസ്സിലേക്ക് പതിക്കുന്ന കാഴ്കളെ ഒന്ന് വിശകലനം ചെയ്യാം. നിത്യവും കാണുന്ന പരസ്യത്തിലും സിനിമയിലുമെല്ലാം സ്ത്രീ സൗന്ദര്യം ചൂഷണം ചെയ്യുപ്പെടുന്നു. ഇതിനെ കച്ചവട തന്ത്രമെന്നോ എന്ത് പേരിട്ട് വിളിച്ചാലും ഒരു വിഭാഗം ആളുകളില്‍ ഇത്തരം ദൃശ്യങ്ങള്‍ വിപരീത സ്വാധീനമാണ് ചെലുത്തുക എന്ന വസ്തുത തള്ളിക്കളയാനാവില്ല, താരങ്ങളെ ആരാധനയോടെ കാണുകയും പ്രശസ്തിയുടെ ദന്തഗോപുരങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
ലൈംഗിക അരാജകത്വത്തിലേക്ക് വഴിതെളിക്കുന്നതില്‍ സിനിമയ്ക്കും മറ്റും പങ്കുണ്ടെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. വ്യക്തികളുടെ കാഴ്ചപ്പാടുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ്. ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ലൈംഗികതയുടെ അതിപ്രസരമല്ല മറിച്ച് ആഘോഷമാണ് കാണുന്നത്. ജീവിതം ആസ്വദിക്കേണ്ടതാണെന്ന സന്ദേശമല്ലെ ഇതിലൂടെ വെളിപ്പെടുന്നത്.
വെല്‍ത്ത്, വൈന്‍, വുമണ്‍ എന്നതിലേക്ക് ലക്ഷ്യം മാറുമ്പോള്‍ ഇതിനായി അന്യന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയും കാമപൂര്‍ത്തിയ്ക്കായി മകളോ, സഹോദരിയോ, അമ്മയോ ആരുമായിക്കൊള്ളട്ടെ അവരെ പോലും പ്രാപിക്കുന്നവരും മനുഷ്യ സമൂഹത്തിനാകെ അപമാനമാണ്.
കൗമാരത്തില്‍ പിതാവിനാലും യൗവനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ പുത്രനാലും ഒരു സ്ത്രീ സംരക്ഷിക്കപ്പെടണം എന്നാണ് മനുസ്മൃതിയില്‍ പറയുന്നത്. എന്നാല്‍ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. പവിത്രമായി കരുതിയിരുന്ന ബന്ധങ്ങള്‍ക്ക് പോലും കളങ്കം സംഭവിച്ചിരിക്കുന്നു, പിതാവിനാലും സഹോദരനാലും അന്യപുരുഷനാലും സ്ത്രീത്വം പിച്ചിച്ചീന്തപ്പെടുന്നു, രക്ഷിക്കുവാന്‍ കടപ്പെട്ടവരില്‍ നിന്നുതന്നെ സ്വരക്ഷ നേടേണ്ട അവസ്ഥയിലേക്ക് പെണ്‍കിടാങ്ങളുടെ ജീവിതം മാറിയിരിക്കുന്നു.
ജീവിതം ആരംഭിച്ച് അവസാനിക്കുന്നത് വരെ മറ്റുള്ളവരുടെ കനിവിലല്ലേ നാം ഓരോരുത്തരും ജീവിക്കുന്നത്. ഒരാളുടെ ഒരു നിമിഷത്തെ തെറ്റായ തോന്നല്‍ മതിയാവില്ലെ ജീവിതം തകരാന്‍. അത്തരം തോന്നലുകളുടെ ഇരയല്ലേ പീഡനത്തിനിരയായ ഓരോ പെണ്‍കുട്ടിയും. എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ വസിക്കുന്നു എന്നതാണ് ഭാരതീയ സങ്കല്പം. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പുരുഷന്റെ മനസ്സില്‍ വെറുമൊരു ഭോഗവസ്തുവിന്റെ സ്ഥാനത്തേക്ക് എന്നാണ് അവള്‍ക്ക് സ്ഥാനചലനം സംഭവിച്ചതെന്ന് കൃത്യമായി പറയുക വയ്യ.
ആളൊഴിഞ്ഞ ഇടവഴികളില്‍, ബസില്‍, എല്ലായിടത്തും പകല്‍ പോലും ധൈര്യത്തോടെ സഞ്ചരിക്കുവാന്‍ സാധിക്കാത്ത വിധം അന്തരീക്ഷം മോശമായിരിക്കുന്നു. ഇത്തരം അവസ്ഥയിലേക്ക് സമൂഹം മാറിയെങ്കില്‍ നാം ഓരോരുത്തര്‍ക്കും പങ്കുണ്ട്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ സമൂഹം ഇരുവര്‍ക്കും തുല്യ സ്വാതന്ത്ര്യമാണ് നല്‍കുന്നത്. സഞ്ചരിക്കുവാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനും ഇവിടെ ആര്‍ക്കും വിലക്കില്ല. നമുക്ക് ഉണ്ടെന്ന് നാം അവകാശപ്പെടുന്ന, വിശ്വസിക്കുന്ന സ്വാതന്ത്ര്യത്തിന് ഒരു പരിധി സ്ത്രീയും പുരുഷനും നിശ്ചയിക്കേണ്ടത് മാറുന്ന കാലഘട്ടത്തില്‍ ഒരു അനിവാര്യതയായി മാറിയിരിക്കുന്നു.
നമ്മുടെ കൊച്ചുകേരളത്തില്‍ പോലും ജീവിക്കുന്ന പ്രത്യേകിച്ചും നഗരങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികളുടെ വസ്ത്രധാരണ ശൈലിയില്‍ വന്ന മാറ്റം അതിശയിപ്പിക്കുന്നതാണ്. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും എല്ലാം എക്സ്പോസ് ചെയ്ത് കാണിക്കുന്നതാണ് ഇന്ന് ഫാഷനായി കരുതുന്നത്. അത്തരം വസ്ത്രങ്ങള്‍ സ്വന്തം ശരീരത്തിന് ഇണങ്ങിയാലും ഇല്ലെങ്കിലും അവ ധരിക്കാനാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. ഈ സ്വാതന്ത്ര്യം കുറച്ച് അതിര് കടന്നതല്ലേ? ഇത് ആരെങ്കിലും ചോദ്യം ചെയ്താല്‍ തന്നെ വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നേറ്റമായി വിലയിരുത്തപ്പെടും. തങ്ങളുടെ മക്കള്‍ എത്തരത്തില്‍ വസ്ത്രം ധരിക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്ദ്ദേശിക്കാവുന്നതല്ലേയുള്ളു.
അതേപോലെ എവിടേക്കും ഏത് സമയത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് അവകാശപ്പെടുമ്പോഴും തനിച്ചുള്ള യാത്രകള്‍ സ്ത്രീയെ സംബന്ധിച്ച് ഒട്ടും സുരക്ഷിതമല്ല. കൂടെ ആണ് തുണയുണ്ടെങ്കില്‍ പോലും തരം കിട്ടിയാല്‍ അവളെയൊന്ന് തോണ്ടാന്‍ മടിയില്ലാത്തവരുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ഏത് സമയത്തും എവിടെ വച്ചെങ്കിലും ഏതെങ്കിലുമൊരു സ്ത്രീ ആക്രമിക്കപ്പെടാനുള്ള സാധ്യത നിലനില്ക്കുന്നു എന്നതാണ് രാജ്യത്ത് പല ഭാഗത്തുനിന്നും നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡന വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്.
തെറ്റ് ചെയ്താല്‍ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപെടുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പ് ഇല്ലാതെ പോകുന്നതാണ് അതിക്രമങ്ങള്‍ പെരുകുന്നതിന് കാരണം. ഇത്തരം കേസുകളില്‍ വിചാരണ നടപടികള്‍ നീണ്ടുപോകുന്നതും ഒരു പോരായ്മയായി വിലയിരുത്തണം. അതിവേഗ കോടതികള്‍ സ്ഥാപിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.
2012 സപ്തംബര്‍ വരെ 715 ബലാത്സംഗ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേരള പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മലപ്പുറത്താണ് ബലാല്‍സംഗ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെ ഇക്കാലയളവില്‍ നടന്നിട്ടുള്ള പലവിധത്തിലുള്ള അതിക്രമങ്ങളുടെ ആകെ എണ്ണം 9,758 ആണെന്നും ചൂണ്ടിക്കാട്ടുന്നു. പുറത്തറിയാത്ത എത്രയോ സംഭവങ്ങള്‍ ഇനിയും ഉണ്ടാകും.
ഓര്‍ക്കുന്നില്ലെ കൃഷ്ണപ്രിയയുടെ അച്ഛന് ശങ്കരനാരായണനെ. തന്റെ മകളെ ബലാല്‍സംഗം ചെയ്ത് കൊന്ന അഹമ്മദ് കോയയെ ശങ്കരനാരായണനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് വെടിവച്ചുകൊല്ലുകയായിരുന്നു. മഞ്ചേരി അതിവേഗ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചുവെങ്കിലും ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ശങ്കരനാരായണനേയും മറ്റ് മൂന്ന് പേരെയും വെറുതെ വിടുകയായിരുന്നു. നിയമം കൈയിലെടുക്കുകയായിരുന്നുവെങ്കില് തന്നെയും മകളെ ജീവനുതുല്യം സ്നേഹിച്ച ആ അച്ഛനോട് കേരള ജനതയ്ക്ക് വെറുപ്പ് തോന്നിയിരുന്നില്ല, നെറികേട് കാട്ടിയവന് കിട്ടിയ അര്‍ഹമായ ശിക്ഷ എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം.
ഇതുപോലെ മനസ്സില്‍ കനല് സൂക്ഷിക്കുന്ന അച്ഛന്മാര് ഇനിയും ഉണ്ടാകാതിരിക്കണമെങ്കില്‍, സഹോദരനെ, അച്ഛനെ, സുഹൃത്തിനെ എല്ലാം ഭയന്ന് ഓടിയൊളിക്കേണ്ട അവസ്ഥ പെണ്‍കിടാങ്ങള്‍ക്ക് ഉണ്ടാകാതിരിക്കണമെങ്കില്‍ സ്ത്രീക്ക് സ്വാതന്ത്ര്യത്തോടൊപ്പം സുരക്ഷയും ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഒഎന്‍വിയുടെ പെങ്ങള് എന്ന കവിതയില്‍ പറയുന്നപോലെ വെറുമൊരു വാര്‍ത്തയായി കെട്ടടങ്ങേണ്ടതല്ല പെണ്ണിന്റെ ജീവിതം.
>> വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: