സമുദായ സൗഹാര്‍ദ്ദം തകരുന്നു എന്ന കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പെരുന്നയില്‍ നടത്തിയ പ്രസംഗം സമയോചിതമാണ്. ഒരുകാലത്ത് സാമുദായിക സൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ ഇന്ന് വര്‍ധിക്കുന്നത് പരസ്പര അവിശ്വാസവും സ്പര്‍ധയുമാണ്. മന്നത്ത് പത്മനാഭന് സ്വന്തം സമുദായത്തിന്റെ താല്പര്യം മാത്രമല്ല സംരക്ഷിക്കാന്‍ ശ്രമിച്ചത്, ഇതര സമുദായങ്ങളെയും കരുതലോടെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ സാമുദായിക അന്തരീക്ഷം എങ്ങനെ കലുഷിതമായി എന്ന ചിന്തയിലേക്ക് ആന്റണി കടക്കാത്തത് എന്തുകൊണ്ടാണ്? പണ്ട് മുന്നോക്കക്കാര്‍ പിന്നോക്കക്കാരെ സാമൂഹികമായി ഉയര്‍ത്താനാണ് ശ്രമിച്ചതെങ്കില്‍ ഇന്ന് മുസ്ലീംലീഗ് ഭരണം നിയന്ത്രിക്കുന്ന കേരളത്തില്‍ മുന്നോക്കക്കാര്‍ അവഗണിക്കപ്പെടുന്നു എന്ന ധാരണ ശക്തിപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ എല്ലാ അവകാശങ്ങളും കരസ്ഥമാക്കുമ്പോള്‍ ഭൂരിപക്ഷ സമുദായം രണ്ടാംകിട പൗരന്മാരായി മാറുന്നു. ഈ സാഹചര്യത്തിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും സമൂഹത്തില്‍ അവസരം ലഭിക്കുന്നതിനും ഇന്ന് മുന്നോക്കക്കാര്‍ക്ക് കഠിനപ്രയത്നം വേണ്ടിവരുമ്പോള്‍ ന്യൂനപക്ഷമെന്ന അടിസ്ഥാനത്തില്‍ മറ്റ് സമുദായങ്ങള്‍ യഥേഷ്ടം അവകാശങ്ങള്‍ നേടിയെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആന്റണി പറഞ്ഞപോലെ സ്പര്‍ധ വര്‍ധിക്കുക സ്വാഭാവികമാണ്. താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സാമുദായിക നീതിയും സാമൂഹികനീതിയും ഉറപ്പാക്കണമെന്നും വ്യത്യസ്തമായ സാമുദായിക സാഹചര്യങ്ങള്‍ മനസിലാക്കി വേണം പ്രവര്‍ത്തിക്കാനെന്നും ആന്റണി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സംവരണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണം ന്യൂനപക്ഷ സമുദായം ശക്തമാക്കുന്ന പശ്ചാത്തലത്തിലായിരിക്കണം ആന്റണിയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: