ചെന്നൈ: ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമിടയില്‍ പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി രംഗത്തെത്തി.ഇന്നലെ സ്റ്റാലിനൊപ്പം പങ്കെടുത്ത ഒരു പൊതുപരിപാടിയിലായിരുന്നു കരുണാനിധിയുടെ പ്രഖ്യാപനം.
തന്റെ ജീവിതത്തിലുടനീളം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയതായും തനിക്ക് ശേഷം ആരെന്ന ചോദ്യത്തിന് സ്റ്റാലിന് എന്നായിരിക്കും ഉത്തരമെന്നുമായിരുന്നു പ്രഖ്യാപനം. ഇക്കാര്യം മറക്കരുതെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു. കരുണാനിധിയുടെ മറ്റൊരു മകനും കേന്ദ്രമന്ത്രിയുമായ എം.കെ അഴഗിരിയും സ്റ്റാലിനും തമ്മില്‍ ദീര്‍ഘനാളായി പാര്‍ട്ടിക്കുള്ളില്‍ നടന്നുവരുന്ന അധികാരവടംവലി രൂക്ഷമാക്കുന്നതാണ് കരുണാനിധിയുടെ പരസ്യപ്രഖ്യാപനം. സ്റ്റാലിന് അധികാരം കൈയടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അഴഗിരിയുടെ നേതൃത്വത്തില്‍ വിമതപ്രവര്‍ത്തനങ്ങളും സജീവമായിരുന്നു.
ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കുമെന്നു പോലും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഴഗിരി പറഞ്ഞിരുന്നു. മകള്‍ കനിമൊഴിയും പാര്‍ട്ടി സ്ഥാനത്തിനുവേണ്ടി വടംവലി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഡിഎംകെയുടെ ട്രഷററും, യൂത്ത് വിംഗ് സെക്രട്ടറിയുമാണ് സ്റ്റാലിന്. എന്റെ അവസാന ശ്വാസം വരെയും ജനങ്ങളുടെ പുരോഗതിക്കും, ക്ഷേമത്തിനുംവേണ്ടി പ്രവര്‍ത്തിക്കുമെന്നും കരുണാനിധി പറഞ്ഞു. കരുണാനിധിക്കുശേഷം പാര്‍ട്ടിയുടെ നേതാവായി സ്റ്റാലിനെ നിയമിക്കുന്നതിനോടാണ് അനുയായികള്‍ക്കും താല്‍പ്പര്യം. എന്നാല്‍ പാര്‍ട്ടി പിന്‍ഗാമി ആരായിരിക്കണം എന്നതു സംബന്ധിച്ച് ഇതുവരെ ഡിഎംകെയില്‍ യാതൊരു ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടില്ല.
കരുണാനിധിക്കുശേഷം ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിനെത്തന്നെയാണ് മാധ്യമങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: