കൊച്ചി: ശബരിമല കയറുന്നതിന് മുമ്പ് ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര് സ്നാനം ചെയ്യുന്ന പമ്പാനദി അപകടകരമായ രീതിയില്‍ മലീമസമായിരിക്കുന്നതിനാല് ശുചീകരണത്തിന് അടിയന്തര നടപടികള്‍ എടുക്കണമെന്ന് ആലങ്ങാട് യോഗത്തിന്റെയും അയ്യപ്പസേവാസംഘത്തിന്റെയും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പമ്പയില്‍ മുങ്ങിക്കുളിക്കുന്നവര്‍ക്ക് മാലിന്യരോഗങ്ങള് പിടിപെടുമെന്ന അവസ്ഥയാണുള്ളത്. സന്നിധാനത്ത് പര്യാപ്തമായ ട്രീറ്റ്മെന്റ്പ്ലാന്റും പമ്പയിലെ നിലവിലുള്ള പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുമെന്നുമുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നിട്ടും ഓക്സിജന്‍ അളവ് പൂജ്യമായി കുറഞ്ഞിട്ടും മുന്‍കാലങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കിയ ശുദ്ധീകരണ പ്രക്രിയ പ്രാവര്‍ത്തികമായിട്ടില്ല. ജലജന്യ രോഗങ്ങളുടെ പ്രവാഹകേന്ദ്രമായി മാറി. ലക്ഷക്കണക്കിനെത്തുന്ന ഭക്തജനങ്ങളില്‍ 80 ശതമാനത്തോളം അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്.
ഇവരാണ് ഇതിന്റെ ഇരയായി മാറുന്നത്. അയ്യപ്പസേവാസംഘത്തിന്റെയും ആലങ്ങാട് യോഗത്തിന്റെയും പ്രതിനിധികള്‍ പമ്പാനദിയും പ്രദേശങ്ങളും സന്ദര്‍ശിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
പമ്പയെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും ഇവര്‍ വ്യക്തമാക്കി. അയ്യപ്പസേവാസംഘം ഏലൂര്‍ യൂണിറ്റ് പ്രസിഡന്റ് വി.വി. സുബ്രഹ്മണ്യന്, സെക്രട്ടറി എ.ജി. രവീന്ദ്രന്, ആലങ്ങാട് പ്രതിനിധികളായ ബി.ആര്. സുധീഷ്കുമാര്‍, പി.ബി. മുകുന്ദന്, എ.കെ. സുബ്രഹ്മണ്യന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: