ലോസാഞ്ജലസ്: അമേരിക്കയില്‍ ഹോളിവുഡ് സിറ്റിയ്ക്ക് സമീപം 10 കോടി ഡോളര്‍ (544 കോടി രൂപ) ചെലവഴിച്ച് പണിത ക്ഷേത്ര സമുച്ചയം തുറന്നു. വാസ്തു ക്ഷേത്ര ശില്പ കലയുടെ മകുടോദാഹരണമായി എടുത്തു കാട്ടാവുന്നതാണ് 20 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ശ്രീ സ്വാമി നാരായണ്‍ ക്ഷേത്രം.
ഇറ്റാലിയന്‍ കരാര മാര്‍ബിളിലും ഇന്ത്യന്‍ പിങ്ക് സാന്‍ഡ് സ്റ്റോണിലും കെട്ടിപ്പൊക്കിയ ചുവരുകള്‍, ചുവരിലും മേല്‍ക്കൂരകളിലും സുന്ദര ശില്പങ്ങള്, 129 കമാന വഴികള്‍, 5 പ്രസാദ ശിഖരങ്ങള്‍, 6 മകുടങ്ങള്‍, 4 ബാല്‍ക്കണികള്‍, 122 സ്തൂപങ്ങള്‍ തുടങ്ങിയവ ഈ വന്‍ കേന്ദ്രത്തെ ദര്‍ശന മാത്രയില്‍ ആരാധകരുടെ വിസ്മയ കേന്ദ്രമാക്കിയിരിക്കുന്നു.
660ലേറെ ശില്പങ്ങള് ക്ഷേത്ര ചുവരുകളില്‍ കൊത്തിയിട്ടിട്ടുണ്ട്. ഗജവീരന്മാരുടെയും ഭക്ത മീരയുടെയും യക്ഷകിന്നര ഗന്ധര്വ്വാദികളുടെയുമെല്ലാം രൂപങ്ങള്‍ ശില്പികളുടെ കരവിരുതിന്റെ മാസ്മരിക പ്രതീകങ്ങളായി നില്ക്കുന്നു.
കള്‍ചറല്‍ സെന്റര്‍, ജിംനേഷ്യം, പാഠശാലകള്‍ എന്നിവ ക്ഷേത്ര സമുച്ചയത്തിലുണ്ട്. ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ അടിസ്ഥാനം 40 ബേസ് ഐസൊലേറ്റര് യൂണിറ്റുകളായി പണിതിരിക്കുന്നു. സൗരോര്‍ജ്ജമാണ് വൈദ്യുതി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: