കൊട്ടാരക്കര: കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് മാറ്റുന്നതിന് ഉപകാരപ്പെടുന്ന റിംഗ് റോഡ് നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പുതുതായി നിര്‍മിച്ച മെയിലം പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റിംഗ് റോഡിന്റെ സാങ്കേതിക പഠനം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ഭരണാനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ചെട്ടിയരഴികത്ത് പാലത്തിന് 13 ലക്ഷം രൂപ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. വെങ്ങാംപുഴ പാലത്തിന് ഈ ആഴ്ച തന്നെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ടിപി പദ്ധതിയുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പില്‍ പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതിന് പതിനയ്യായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. റോഡുകള്‍ നിര്‍മിച്ചാല്‍ അഞ്ചു വര്‍ഷത്തെ ഗ്യാരന്റി നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനും കരാറുകാരനും ബാധ്യസ്ഥരാണ്. പ്രവര്‍ത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ലാബ് പരിശോധന കര്‍ശനമാക്കും. ഇതിനായി 14 ജില്ലകളിലും ലാബുകള്‍ ആരംഭിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ കാര്യവട്ടത്തെ ലബോറട്ടറി ആധുനികവത്ക്കരിക്കും. ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് വിശിഷ്ടാതിഥിയായിരുന്നു. അഡ്വ.പി. അയിഷാപോറ്റി എംഎല്‍എ അധ്യക്ഷത വഹിച്ചു. മരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് സ്വാഗതം ആശംസിച്ചു. ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജെയ്ക്ക് ജോസഫ്, ജില്ലാ പഞ്ചായത്തംഗം പാത്തല രാഘവന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ മോള്, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി ജയകുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജാ മുരളീധരന്, ഗീതാ വിജയരാജന്‍, ഡോ. എ. യൂനുസ് കുഞ്ഞ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: