കൊട്ടാരക്കര: മോഹന നടനങ്ങള്‍ ചാരുത പകരുന്ന കലയുടെ പകലിലേക്ക് കൊട്ടാരക്കര ഇന്നുണരും. നൂപുരമുണരുന്ന വേദികള്‍ സജീവമാകുന്നതോടെ അമ്പത്തിമൂന്നാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിലേക്ക് ആസ്വാദകലോകം ഒഴുകിയെത്തും.
കലോത്സവത്തിനായി ഒരുക്കിയ ഒമ്പതു വേദികളിലും ഇന്ന് മത്സരങ്ങള്‍ കൊഴുക്കും. ഔപചാരികമായ ഉദ്ഘാടനം നേരത്തെ കഴിഞ്ഞതിനാല്‍ കലാമത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിലാണ് പ്രധാനവേദി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളുടെ മോഹിനിയാട്ട മത്സരങ്ങള്‍ രാവിലെ ഒമ്പതിന് തന്നെ ഈ വേദിയില്‍ തുടങ്ങും. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളുടെ കേരള നടനവും ഇന്ന് ഇതേവേദിയില്‍ അരങ്ങേറും. ഗവ. ജിവിഎച്ച്എസ്എസ് ഗ്രൗണ്ട്, എംപി ബില്‍ഡിംഗ്, ബ്രാഹ്മണസമൂഹമഠം ഹാള്‍, ബിഎച്ച്എസ്എസ് മെയിന്‍ ഓഡിറ്റോറിയം സെന്‍ട്രല്‍ ഹാള്‍, ഗവ. ടൗണ്‍ യുപിഎസ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. സംസ്കൃതോത്സവം എംടിജിഎച്ച്എസിലും അറബി കലോത്സവം വിമലാംബിക എല്‍പിഎസിലും നടക്കും. മാര്‍ഗംകളി, പരിചമുട്ട്, ചവിട്ടുനാടകം, പഞ്ചവാദ്യം, തായമ്പക, മദ്ദളം, ചെണ്ടമേളം, തിരുവാതിര, മോണോ ആക്ട്, മിമിക്രി, പദ്യം (തമിഴ്, കന്നട, മലയാളം), പ്രസംഗം (മലയാളം, ഇംഗ്ലീഷ്) എന്നീ ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങള്‍. സംസ്കൃതോത്സവത്തില്‍ പദ്യപാരായണം, സിദ്ധരൂപോച്ചാരണം, ഗദ്യപാരായണം, ചമ്പുപ്രഭാഷണം, കഥാകഥനം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: