വാഷിങ്ങ്ടണ്‍: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുള്ള താല്‍ക്കാലിക നടപടിയായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് അമേരിക്കന്‍ ജനപ്രതിനിധി സഭയും അംഗീകാരം നല്കി. കഴിഞ്ഞ ദിവസം സെനറ്റ് പാസാക്കിയ ബില്ലാണ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത്. ഇരുസഭകളും അംഗീകാരം നല്‍കിയതോടെ സാമ്പത്തിക പാക്കേജില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെച്ചു. 167നെതിരെ 257 വോട്ടിനാണ് ബില്‍ സഭ പാസാക്കിയത്. അമേരിക്കന്‍ ജനതയുടെ 98 ശതമാനവും ബാധകമാകുമായിരുന്ന വന്‍ നികുതി വര്‍ധനയും ഒപ്പം ഭരണതലത്തിലെ ചെലവു വെട്ടിച്ചുരുക്കലും ഒഴിവാക്കാനുള്ള ബില്ലാണ് യുഎസ് സെനറ്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചത്. കൂടുതല്‍ ചെലവുചുരുക്കി ബില്‍ ഭേദഗതി ചെയ്യണമെന്ന് ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഒമ്പതിനെതിരെ 89 വോട്ടുകള്‍ക്കാണ് അമേരിക്കന്‍ സെനറ്റ് ബില്‍ അംഗീകരിച്ചത്. ഇതോടെ ഡിസംബര്‍ 31ന് അവസാനിക്കുമെന്നു കരുതിയ നികുതിയിളവിന്റെ നാളുകള്‍ തുടരും. ഒരു ദശകം മുന്‍പു പ്രഖ്യാപിച്ച നികുതിയിളവുകള്‍ റദ്ദാവുകയും 60,000 കോടി ഡോളറിന്റെ ചെലവുകള്‍ ചുരുക്കുകയും ചെയ്യേണ്ട അവസ്ഥയാണ് ഇതുമൂലം ഒഴിവായത്. ഇടത്തരം വരുമാനക്കാരായ ശമ്പളക്കാര്‍ക്കും മറ്റുമുള്ള നികുതിയിളവുകളാണ് ഒഴിവാകുമായിരുന്നത്. ചെലവുചുരുക്കലാകട്ടെ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെ ബാധിക്കുമായിരുന്നു.
ഇടത്തരക്കാര്‍ക്കുള്ള നികുതിയിളവ് തുടരണമെന്നും ചെലവുചുരുക്കുകയില്ലെന്നുമായിരുന്നു ഒബാമയുടെ നിലപാട്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒബാമ ചെറിയ വിട്ടുവീഴ്ച നടത്തി. റിപ്പബ്ലിക്കന്മാര് ഉദ്ദേശിച്ചതുപോലെ ചെലവുചുരുക്കാന്‍ ഒബാമ തയാറായതുമില്ല. വൈസ് പ്രസിഡന്റ് ജോ ബൈഡനും സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണലുമാണ് അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണ്ടും വീണേക്കാവുന്ന മുനമ്പിലേക്ക് യുഎസ് നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയെയാണ് ധനക്കെണി എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. യുഎസിനെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറ്റാന്‍ 10 വര്‍ഷം മുമ്പ് അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു.ബുഷ് നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലിന്റെ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു.
ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നില്ലെങ്കില്‍ രാജ്യമൊന്നടങ്കം പൊടുന്നനെ സാമ്പത്തിക ഭാരം വര്‍ധിക്കുകയും വിപണി മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമായിരുന്നു. നികുതി വര്‍ധനവിലൂടെ 600കോടി ഡോളറിന്റെ അധിക വരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സാധാരണക്കാര്‍ക്ക് നികുതി വര്‍ധനവ് ബാധകമല്ല. നാല് ലക്ഷം ഡോളര്‍ വരെ സമ്പാദിക്കുന്ന അമേരിക്കക്കാര്‍ക്ക് നികുതിയിളവുകള്‍ തുടരാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. പത്തുവര്‍ഷത്തിനകം 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കലാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: