ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട് ക്രിസ്തുമതത്തിലേക്കു പോയിരുന്നവര്‍ വ്യാപകമായി ഹിന്ദുത്വത്തിലേക്ക് തിരികെവരുന്നു. 34 കുടുംബങ്ങളില്‍ നിന്നായി 139 ക്രിസ്ത്യാനികളാണ് നല്‍ഗൊണ്ടയില്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്. ഡിസംബര്‍ 30നായിരുന്നു പരാവര്‍ത്തന ചടങ്ങുകള്‍ നടന്നത്. ദാമര്ചേരല, നിരഡുചേല മണ്ഡലങ്ങളിലെ നാലു ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഈ 34 കുടുംബങ്ങള്‍.
ചരിത്രപ്രസിദ്ധമായ അഗസ്തീശ്വര ക്ഷേത്രത്തില്‍ നടന്ന പരാവര്‍ത്തന ചടങ്ങുകള്‍ക്ക് വിശ്വഹിന്ദുപരിഷത്ത് നേതൃത്വം നല്കി. വാഡപ്പള്ളി ഗ്രാമത്തിലെ കൃഷ്ണാ നദിക്കരയിലാണ് ചടങ്ങു നടന്നത്. ക്ഷേത്രത്തിന്റെ ചെയര്മാന് സിദ്ദപ്പ നേതൃത്വം വഹിച്ചു. വി എച്ച് പി സെന്‍ട്രല്‍ ജോയിന്റ് സെക്രട്ടറി ജി.സത്യം, ഡി പി എസ് പ്രാന്തീയ അധ്യക്ഷന്‍ കെ.യല്ലയ്യ, ബുച്ചയ്യ, ബി.മല്ലികാര്‍ജുന, സെക്രട്ടറി ബി.എസ്.മൂര്‍ത്തി, മഹേന്ദ്ര അഗര്‍വാള്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ക്ഷേത്ര പുരോഹിതന് തിരിച്ചെത്തിയ 139 പേരെയും അനുഗ്രഹിച്ചു.
ഭഗവാന് ഹനുമാന്റെ ചിത്രം പതിച്ച ലോക്കറ്റുകള്‍, ഭഗവാന് ശ്രീരാമന്റെ ചിത്രം, പുതുവസ്ത്രം എന്നിവ തിരികെയെത്തിവര്ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് വിവിധജാതിക്കാരായ ആള്‍ക്കാരെ ഒരുമിച്ചിരുത്തി സമൂഹപന്തിഭോജനവും നടന്നു.
പാലക്കൊണ്ടയില് നടന്ന മറ്റൊരു പരാവര്‍ത്തന ചടങ്ങില്‍ 175 പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ച് സ്വമതത്തിലേക്ക് മടങ്ങിയത്. ശ്രീകാകുളം ജില്ലയിലാണ് ഡിസംബര്‍ 19ന് വി എച്ച് പി സംഘടിപ്പിച്ച ചടങ്ങില്‍ പത്തു ഗ്രാമങ്ങളിലെ 41 കുടുംബങ്ങളില്‍ നിന്നുമായി 175 അംഗങ്ങള്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ മുമ്പ് സാവര ഗോത്രത്തില്‍ പെട്ടവരായിരുന്നെന്ന് വി എച്ച് പി നേതാക്കള്‍ പറഞ്ഞു. വി എച്ച് പി സെന്‍ട്രല്‍ ജോയിന്റ് സെക്രട്ടറി ജി.സത്യം, പൂര്വാന്ധ്ര സെക്രട്ടറി എം.ഹനുമന്ത റാവു, സഹ സംഘടനാ സെക്രട്ടറി ഡി സഞ്ജീവയ്യ, ജില്ലാ പ്രസിഡന്റ് ശ്രീനിവാസ റാവു, അഡ്വ. ജില്ലാ സെക്രട്ടറി നരസിംഹ മൂര്‍ത്തി, വിഭാഗ് പ്രമുഖ് ജഗദീശ്വര റാവു എന്നിവര്‍ പങ്കെടുത്തു. ഭാസ്കര്‍ റാവുവും സാവര ആനന്ദ റാവുവുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മുംബൈയില്‍ 16 മുസ്ലീങ്ങളും രണ്ട് ക്രിസ്ത്യാനികളുമാണ് ഹിന്ദുധര്‍മത്തിലേക്ക് വന്നത്. സിയോണ്‍ മുംബൈയിലെ സര്‍ദാര്‍ നഗര്‍ കോളനി 2ലെ ഹനുമാന് ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ പരാവര്‍ത്തനം ചെയ്യപ്പെട്ടത്. കുര്‍ള ജില്ലയിലെ വി എച്ച് പി ഘടകമാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുംബൈയില്‍ നടക്കുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വി എച്ച് പി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ വി എച്ച് പി മുംബൈയില്‍ മാത്രം ഇത്തരത്തില്‍ മൂന്ന് പരാവര്‍ത്തന ചടങ്ങുകള്‍ സംഘടിപ്പിച്ചു. ബോറിവല്ലി ഈസ്റ്റിലെ കാജു പാദയില് മെയ് 25ന് നടന്ന ചടങ്ങില്‍ ആറു ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 18 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്. തുടര്‍ന്ന് ഫിലിം സിറ്റിയായ ഗോറിഗാണ് ഈസ്റ്റിലെ എട്ടു കുടുംബങ്ങളില്‍ നിന്നും 30 ക്രിസ്ത്യാനികള്‍ ജൂണ്‍ 26ന് ഹിന്ദുമതം സ്വീകരിച്ചു. ഇതൊന്നും പരാവര്ത്തനമായിരുന്നില്ലെന്നും ഇവരെല്ലാം ജന്മം കൊണ്ട് ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായിരുന്നെന്നും വി എച്ച് പി അറിയിച്ചു.
ഹിന്ദുമതം സ്വീകരിച്ചവര്‍ തങ്ങളുടെ പേരുകളും മതവും മാറ്റാന്‍ മഹാരാഷ്ട്രാ ഗസറ്റില്‍ അപേക്ഷ സമര്‍പ്പിച്ചു. തങ്ങളുടെ മതംമാറ്റം അംഗീകരിക്കണമെന്ന് ഇവര്‍ പ്രാദേശികകോടതികളില് സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. ഗണപതി പൂജയോടെയാണ് പരാവര്‍ത്തന ചടങ്ങ് ആരംഭിച്ചത്. ഗംഗാജലവും പഞ്ചഗവ്യവും തളിച്ചാണ് ഇവരെ ഹിന്ദുത്വത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് മതം മാറിയ എല്ലാവരും യജ്ഞം ചെയ്തു. നിരവധി കുടുംബങ്ങള്‍ ഇത്തരത്തില്‍ മതം മാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അവര്‍ തങ്ങളെ ഇതിനായി ബന്ധപ്പെട്ടു കഴിഞ്ഞെന്നും വി എച്ച് പി കുര്‍ള ചീഫ് സെക്രട്ടറി സച്ചിന് ടി. മോറെ പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ അത്തരത്തില്‍ ഗംഭീരമായ ചടങ്ങ് സംസ്ഥാനത്ത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി എച്ച് പി സഹാര്‍ ജില്ലാ ജോയിന്റ് ചീഫ് സെക്രട്ടറി ഋഷി ഗോസ്വാമി, ബജ്രംഗ്ദള് ഏരിയ കോ-ഓര്‍ഡിനേറ്റര്‍ വെങ്കിടേഷ് ബോധുള്, വി എച്ച് പി ഡിവിഷന് ചീഫ് ഉമേഷ് ഗെയ്ക്ക്വാദ്, ഹിന്ദു ജനജാഗൃതി സമിതിയിലെ മോഹന്‍ ഷിന്‍ഡെ, വിവേക് ബോയിര്‍, മറ്റ് വി എച്ച് പി-ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: