ന്യൂദല്‍ഹി: ദല്‍ഹി പെണ്‍കുട്ടിക്ക് ഗൂഗിളിന്റെ ശ്രദ്ധാഞ്ജലി. സെര്‍ച്ച് പേജില്‍ കത്തുന്ന മെഴുകുതിരിയുടെ ചിത്രവുമായാണ് ഗൂഗിള്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. സെര്‍ച്ച് കോളത്തിന് താഴെയായി ഒരുക്കിയിരിക്കുന്ന മെഴുകുതിരി നാളത്തിലേക്ക് മൗസ് നീക്കുമ്പോള്‍ ‘ദല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മയ്ക്ക്’ എന്ന സന്ദേശവും ദൃശ്യമാകും.
വിശേഷ അവസരങ്ങളില്‍ മാത്രമാണ് ഗൂഗിള്‍ സാധാരണയായി ഇത്തരത്തില്‍ പ്രത്യേക ലോഗോ തയാറാക്കുന്നത്. അതുകൊണ്ടുതന്നെ ഗൂഗിളിന്റെ ശ്രദ്ധാഞ്ജലി അപൂര്‍വമാണെന്ന് ഇന്റര്‍നെറ്റ് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ഡല്‍ഹി കൂട്ടമാനഭംഗം. സംഭവം നടന്ന 16-ാം തീയതി മുതല്‍ വിവിധ വെബ്സൈറ്റുകളും മറ്റ് മാധ്യമങ്ങളും ഇതേക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അറിയാനായി പതിനായിരങ്ങളാണ് ഗൂഗിളിനെ ആശ്രയിച്ചത്.
ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളടങ്ങുന്ന ഇന്റര്‍നെറ്റ് ലോകത്ത് ഇനിയും ദല്‍ഹി സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിക്ക് ആദരാഞ്ജലിയുമായി പ്രത്യേക പേജ് ഒരുക്കാന്‍ ഗൂഗിള്‍ തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: