ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പീഡനക്കേസുകളിലെ പ്രതികള്‍ക്ക് കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്ക് രൂപം നല്കുന്നതില് ആഭ്യന്തരമന്ത്രാലയം രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടി. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് കത്തയച്ചത്.
നിയമഭേദഗതിക്ക് രൂപം നല്കാന് സര്‍ക്കാര്‍ നിയോഗിച്ച റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ജെ.എസ് വര്‍മ കമ്മറ്റിക്ക് മുന്‍പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്കണമെന്നതടക്കമുളള നിര്‍ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. ദല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് രൂപം നല്കാന് സര്‍ക്കാര്‍ ജസ്റ്റിസ് വര്‍മ കമ്മറ്റിയെ നിയോഗിച്ചത്.
ജസ്റ്റിസ് വര്‍മ കമ്മിറ്റിക്ക് സമര്‍പ്പിക്കാനായി സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ക്ക് 30 വര്‍ഷം വരെ തടവും മരുന്നുകളിലൂടെ ലൈംഗികശേഷി എന്നേക്കുമായി നശിപ്പിക്കുന്നതുമടക്കമുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ആഭ്യന്തരമന്ത്രി സുശില്‍കുമാര്‍ ഷിന്‍ഡെ മറ്റു പാര്‍ട്ടികളുടെ നിര്ദശങ്ങള് തേടിയത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായി പീഡനക്കേസുകളെ കണക്കാക്കി പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതരത്തില്‍ നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ബിജെപിയുള്പ്പെടയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിനിടെയാണ് നിയമഭേദഗതിയില്‍ പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടികളുടെ നിര്‍ദ്ദേശം ജസ്റ്റിസ് വര്‍മ്മ കമ്മിറ്റിക്ക് അയയ്ക്കാനാണ് കത്തില്‍ ഷിന്‍ഡെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: