കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മാത്രം കേരളത്തില്‍ നെല്‍കൃഷി ഇല്ലാതായത് 1.09 ലക്ഷം ഹെക്ടര്‍ സ്ഥലത്താണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. 2001ല്‍ നിന്ന് 2011ലെത്തിയപ്പോള്‍ 34 ശതമാനം സ്ഥലത്തെ നെല്‍കൃഷിയാണ് സംസ്ഥാനത്ത് അപ്രത്യക്ഷമായിരിക്കുന്നത്. നെല്ലറയെന്ന് കീര്‍ത്തിയുള്ള പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 13 ശതമാനം സ്ഥലത്താണ് നെല്‍കൃഷി ഇല്ലാതായത്. സര്‍ക്കാരിന് വേണ്ടി ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ കാര്‍ഷിക സ്ഥിതി വിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010-11ലെ സ്ഥിതി വിവര കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. 1961-62ല്‍ 7.35 ലക്ഷം ഹെക്ടര്‍ നെല്‍വയലുകളാണ് കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍ 1975-76ലിത് 8.76 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. പക്ഷേ പിന്നീടുള്ള വര്‍ഷങ്ങളില്‍ നെല്‍വയലുകളുടെ വിസ്തീര്‍ണം തുടര്‍ച്ചയായി കുറയുകയായിരുന്നു. 1980-81ല്‍ 8.02 ലക്ഷം ഹെക്ടര്‍ സ്ഥലമായും 1990-91ല്‍ 5.59-ആയും 2000-01ല്‍ 3.9 ലക്ഷം ഹെക്ടറായുമാണ് കുറഞ്ഞത്. 2005-06ല്‍ 2.75 ലക്ഷം ഹെക്ടര്‍ സ്ഥലമുണ്ടായിരുന്നത് 2009-10ല്‍ 2.34 ലക്ഷം ഹെക്ടറായി. 2010-11ല്‍ ഇത് 2.13 ലക്ഷം ഹെക്ടറുമായി കുറഞ്ഞിരിക്കുകയാണ്. മൂന്ന് ദശകങ്ങള്‍ കൊണ്ട് 76 ശതമാനം വയലുകളും അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ കേരളത്തിന്റെ മൊത്തം കാര്‍ഷികമേഖലയുടെ 8.05 ശതമാനം സ്ഥലത്ത് മാത്രമാണ് നെല്‍കൃഷി നടത്തുന്നത്. കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ 2010-11 വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം സ്ഥലത്ത് കൂടുതലായി നെല്‍കൃഷി നടത്തിയെന്നുള്ളത് അല്പം ആശ്വാസത്തിന് വകനല്കുന്നുണ്ടെങ്കില്പ്പോലും ഭരണകേന്ദ്രങ്ങളും ജനങ്ങളും രാഷ്ട്രീയപാര്‍ട്ടി നേതൃത്വവും വര്‍ഷംതോറുമുള്ള വയലുകളുടെ അപ്രത്യക്ഷമാകലിനെ ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വരും നാളുകളില്‍ കേരളം അഭിമുഖീകരിക്കേണ്ടിവരുന്ന ഭക്ഷ്യകമ്മി ഏറെ ഭയാനകമായിരിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. 1970-71 കാലഘട്ടത്തിലാണ് കേരളത്തില്‍ നെല്ലുല്പാദനം ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്.
8.85 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നിന്ന് 13.65 ലക്ഷം ടണ്‍ നെല്ലാണ് ആ വര്‍ഷത്തെ ഉല്പാദനം. 1970-71 വര്‍ഷം കേരളത്തിലെ ജനസംഖ്യ 2.13 കോടിയായിരുന്നു. എന്നാല്‍ 2012ല്‍ ജനസംഖ്യ 3.25 കോടിയാണ്. നാല്പത് വര്‍ഷംകൊണ്ട് പകുതിയിലേറെയുള്ള വര്‍ദ്ധനയാണ് കേരളത്തില്‍ ജനസംഖ്യയില്‍ ഉണ്ടായിട്ടുള്ളത്. അതേസമയം ഇതേ കാലയളവില്‍ നെല്ലുല്പാദനത്തിലാകട്ടെ നാലിലൊന്ന് കുറവാണ് ഉണ്ടായത്. 2021 ആകുമ്പോഴേക്കും, ജനസംഖ്യാ അനുപാതം ഇന്നത്തെ നിലയില്‍ വെച്ച് നോക്കുമ്പോള്‍ അടുത്ത 10 വര്‍ഷം കൊണ്ട് കേരളത്തിന്റെ ഭക്ഷ്യധാന്യ ആവശ്യകത 64 ലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തരമൊരവസ്ഥയില്‍ ഇന്നത്തേതുപോലെ നെല്‍വയലുകള്‍ തരിശിടുന്നതും മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗപ്പെടുത്തുന്നതും നികത്തപ്പെടുന്നതും തുടര്‍ന്നാല്‍ സമീപഭാവിയില്‍ കേരളം ഏതാണ്ട് പൂര്‍ണമായും ഭക്ഷ്യധാന്യങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
മലയാളികള്‍ മുഖ്യാഹാരമായി ഇന്നും അരി ഭക്ഷണത്തെ തന്നെയാണ് പരിഗണിക്കുന്നത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് അരിയുടെ ഉപഭോഗത്തില്‍ കേരളമാണ് മുന്നിട്ട് നില്ക്കുന്നതും. അതുകൊണ്ട് തന്നെ അരിയുടെ വിലവര്‍ദ്ധന ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് കേരളത്തെയാണ്. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയില്‍ അരിയുടെ വിലയില്‍ ഏതാണ്ട് 50 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 20-22 രൂപ വിലയുണ്ടായിരുന്ന പൊന്നി, കുറുവ തുടങ്ങിയ ഇനം അരിയുടെ വില ഇപ്പോള്‍ 30-34 രൂപയിലാണ് എത്തിയിരിക്കുന്നത്.
രാസവളങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന കുത്തനെയുള്ള വിലക്കയറ്റവും ഇതേപോലെ ഇന്ധന വിലയില്‍ ഇടക്കിടെയുള്ള വിലവര്‍ദ്ധന കടത്ത്കൂലിയിലുണ്ടാക്കുന്ന ഏറ്റവുമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അരിയുടെ വിലക്കറ്റത്തിന് പ്രധാന കാരണം. ആന്ധ്രാ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് കേരളം അരിക്ക് വേണ്ടി പ്രധാനമായി ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന നേരിയ പ്രതികൂലാവസ്ഥ പോലും കേരളത്തെ ഗുരുതരമായിട്ടാണ് ഇപ്പോള്‍ തന്നെ ബാധിക്കുന്നത്. ഇത്തരമൊരവസ്ഥ വരുംനാളുകളില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാക്കുകയാണ്.
>> പി.പി. ദിനേശ്
(നാളെ: വയലുകള്‍ നിലനിര്‍ത്തേണ്ടത് മലയാളികളുടെ ബാധ്യത)
പ്രതികരിക്കാൻ ഇവിടെ എഴുതുക: