കാലടി: സമൂഹം വളരണമെങ്കില്‍ എല്ലാവരും വളരണമെന്നും പാവപ്പെട്ടവരുടെ ഉയര്‍ച്ചയാണ് സമൂഹത്തിന്റെ ഉയര്ച്ചയെന്നും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തില്‍ നടക്കുന്ന ഗോത്രമഹാസമ്മേളനത്തിന്റെ 3-ാം ദിവസത്തെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തില്‍ ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തണമെന്നും അതിനുവേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്താലേ ആദിവാസി സമൂഹം ഉയര്‍ച്ചയിലേക്ക് എത്തുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊയമ്പത്തൂര് രാമകൃഷ്ണമിഷന്‍ വിദ്യാലയം സെക്രട്ടറി സ്വാമി അഭിരാമാനന്ദ അദ്ധ്യക്ഷനായിരുന്നു. കാലടി ആശ്രമാദ്ധ്യക്ഷന്‍ സ്വാമി അമലേശാനന്ദ സ്വാഗതം പറഞ്ഞു. കെ.പി.ധനപാലന് എംപി, മൈസൂര്‍ വിവേകാനന്ദ യൂത്ത് മൂവ്മെന്റ് ഡയറക്ടര്‍ ഡോ.ആര്.ബാലസുബ്രഹ്മണ്യം, ഊട്ടി ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് റിട്ട. ഡയറക്ടര്‍ ഡോ.ജാക്ക പാര്‍ത്ഥ സാരഥി, കൊച്ചി ശ്രീരാമകൃഷ്ണ മഠാദ്ധ്യക്ഷന് സ്വാമി ദദ്രേശാനന്ദ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ബി.സാബു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കിഴക്കന്‍ ഗോദാവരി ഗോത്ര വിഭാഗത്തിന്റെയും, നീലഗിരി ഗോത്ര വിഭാഗത്തിന്റെയും നൃത്ത സംഗീതം ഉണ്ടായിരുന്നു. കൂടാതെ കാലടി ബ്രഹ്മനന്ദോദയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഇന്ത്യന്‍ നാടോടി നൃത്തവും നടന്നു. ഗോത്ര മഹാസംഗമം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: