തിരുവനന്തപുരം: ഒ.രാജഗോപാല്‍ അഴിമതിയുടെ കരപുരളാത്ത വ്യക്തിത്വമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. വിഹീനമായ പെരുമാറ്റത്തിലൂടെ രാഷ്ട്രീയത്തിന്നതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് രാജഗോപാലെന്നും വി.എസ്. പറഞ്ഞു. പൊതുജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഒ. രാജഗോപാലിനെ ആദരിക്കാന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒ. രാജഗോപാലുമായി തനിക്ക് നാലുപതിറ്റാണ്ടുകാലത്തെ സൗഹൃദമുണ്ട് രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയോട് വൈരുദ്ധ്യവും എതിര്‍പ്പുകളും നിലനില്‍ക്കുമ്പോഴും ആ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട്. അടിയന്തിരാവസ്ഥയ്ക്കെതിരെ ഒരുമിച്ച് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഒ. രാഗോപാലും കെ.ജി മാരാരുമൊക്കെ നേതൃത്വം നല്കിയ ജനസംഘവും സിപിഎമ്മും ഒരുമിച്ച് അടിയന്തിരാവസ്ഥയെ എതിര്‍ത്തിരുന്നു. 1977 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഈ മുന്നണിയുടെ കാസര്‍ഗോഡിലെ സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലായിരുന്നുവെന്നും വി.എസ്. അനുസ്മരിച്ചു. രാജഗോപാല്‍ വാജേപേയി മന്ത്രിസഭയില്‍ അംഗമായിരിക്കെ പുതിയ തീവണ്ടികള്‍ അനവദിക്കുന്നതിലും പാത ഇരട്ടിപ്പിക്കുന്നതിലും നീതിപൂര്‍വ്വകമായ സമീപനം കൈക്കൊണ്ടിരുന്നുവെന്നും വി.എസ്. പറഞ്ഞു.
വിപ്ലവം ഏതായും അത് നല്ല മനുഷ്യനെ സൃഷ്ടിക്കണമെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ കവി ഒഎന്‍വി കുറുപ്പ് പറഞ്ഞു. രാജ്ഗോപാല് ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം മാതൃകയാവണം. ഫ്ലക്സ് ബോര്‍ഡുകളില്‍ വലിയ ചിത്രങ്ങള്‍ അടിച്ചു വന്നാല്‍ വലിയ രാഷ്ട്രീയക്കാരനാവില്ല. പാവപ്പെട്ടവനുവേണ്ടി രാജ്യത്തിന്റെ വികാസത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഹൃദയമുള്ളവനാവണം യഥാര്‍ത്ഥ പൊതു പ്രവര്ത്തകന്. ഇന്ന് വോട്ടുകിട്ടുന്നത് വ്യക്തിത്വം നോക്കിയല്ല. മുദ്രയ്ക്കാണ് വോട്ടുകിട്ടുന്നത്. ഇത് ജനാധിപത്യത്തിന്റെ കെടുതിയാണ്. അതുകൊണ്ടാണ് ഒ. രാജഗോപാലിനെപ്പോലുള്ളവര്‍ തിരഞ്ഞെടുപപില് പരാജയപ്പെടുന്നത്. ഗാന്ധിക്ക് എത്രവോട്ടു കിട്ടി സ്വതന്ത്രം കിട്ടിയശേഷവും ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്ന് ഗാന്ധിക്ക് ജയ് വിളിക്കുന്നവര്‍ മനസ്സിലാക്കണം. സാമാന്യ തലത്തില്‍ ഉയര്‍ന്നു നില്ക്കുമ്പോള്, വ്യത്യസ്ത പുലര്‍ത്തുമ്പോഴാണ് ഒരു വ്യക്തി ആദരണീയനാവുന്നത്. രാഷ്ട്രീയ വെറുക്കപ്പെടുന്ന കാലഘട്ടത്തില്‍ സങ്കുചിത മനോഭാവങ്ങളില്ലാതെ രാഷ്ട്രത്തിനുവേണ്ടി ജീവിതം അര്‍പ്പിക്കുമ്പോഴാണ് ഒരു പൊതുപ്രവര്ത്തകന് വലുതാവുന്നത്. ഒരു യഥാര്‍ത്ഥ മനുഷ്യനാവുന്നത്. അത്തരത്തില്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമായി ജീവിക്കുന്ന മനുഷ്യനാണ് ഒ. രാജഗോപാലെന്നും ഇതുപോലത്തെ മനുഷ്യരാണ് വേണ്ടതെന്നും ഒഎന്‍വി കുറുപ്പ് പറഞ്ഞു.
ഋഷിയുടെ മനോഭാവത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം തപസ്യയാക്കിയ വ്യക്തിത്വമാണ് ഒ. രാജഗോപാലസെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സാമുവല്‍ മാര്‍ ഐറിനിയോസ്തിരുമേനി പറഞ്ഞു. ഹൃദയം വിശാലമായാലേ രാഷ്ട്രീയത്തില്‍ സര്ഗ്ഗാത്മകരായുണ്ടാവൂ. ദേശീയ വീക്ഷണത്തോടെ വിശാല കാഴ്ചപ്പാടില്‍ സര്‍ഗ്ഗാത്മകതയോടെ പ്രവര്‍ത്തിക്കുന്ന രാജഗോപാലിന്റെ പൊതുജീവിതം ഈശ്വര നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ ധാര്‍മ്മികതയായി സ്വീകരിച്ച സമന്വയ പുരുഷനാണ് ഒ. രാജഗോപാലെന്ന് ആധ്യക്ഷ്യം വഹിച്ച് ഗാന്ധിസ്മാരകനിധി ചെയര്മാന് പി. ഗോപിനാഥന്‍നായര്‍ പറഞ്ഞു.
ഗാന്ധിയുടെ സ്വപ്നത്തിലുണ്ടായിരുന്ന രാമരാജ്യം എന്ന സങ്കല്‍പ്പമാണ് തന്നെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ച ഘടകമെന്ന് മറുപടി പ്രസംഗത്തില്‍ ഒ. രാജഗോപാല്‍ പറഞ്ഞു. പൂര്‍വ്വിക ഋഷിമാര്‍ വിഭാവനം ചെയ്ത ധര്‍മ്മ രാജ്യവും രാമരാജ്യവും ഒന്നു തന്നെയായിരുന്നു. എല്ലാവര്ക്കും നീതി ഉറപ്പുവരുത്തുക എന്ന സങ്കല്‍പ്പം പൊതു പ്രവര്ത്തിനത്തില് ധര്‍മ്മമായിരിക്കണം. നിര്‍ണായക ശക്തിയെന്ന സങ്കല്പം ഉള്‍ക്കൊള്ളാന്‍ വഴികാട്ടിയായത് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മക മാനവ ദര്‍ശനമാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും ഒരു മിച്ച് പ്രയത്നിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
മന്ത്രി വി.എസ്.ശിവകുമാര്‍, പന്ന്യന്രവീന്ദ്രന്, മേയര്‍ ചന്ദ്രിക, മുന്‍മന്ത്രി സുരേന്ദ്രന്‍പിള്ള, സ്വാമി തത്വരൂപാനന്ദ, കെപിഎംഎസ് പ്രസിഡന്റ് റ്റി.വി.ബാബു, ബിജെപി പ്രസിഡന്റ് വി.മുരളീധരന്, സംവിധായകന് ശ്യാമപ്രസാദ്, ഫ്രാറ്റ് പ്രസിഡന്റ് പരണിയം ദേവകുമാര്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: