ന്യൂദല്‍ഹി: മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു ബില്ലിന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗീകാരം നല്കി. കുറ്റകൃത്യം ചെയ്യുന്നവര്‍ക്കു 30 വര്‍ഷം വരെ പരോളില്ലാത്ത തടവുശിക്ഷ വിധിക്കണം. കൂടാതെ മരുന്നുകള്‍ നല്കി ലൈംഗികശേഷി ഇല്ലാതാക്കുകയും ചെയ്യണമെന്നാണു ബില്‍ വ്യവസ്ഥ ചെയ്യുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയാണു കരടു ബില്ലിന് അംഗീകാരം നല്‍കിയത്. ദല്‍ഹി കൂട്ടമാനഭംഗത്തിനെതിരായ പൊതുവികാരം കണക്കിലെടുത്താണ് ഇത്തരം കേസുകളിലെ പ്രതികള്‍ക്കു കടുത്ത ശിക്ഷ എന്ന ശുപാര്‍ശ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും അടങ്ങിയ സമിതിയാണു ബില്‍ തയാറാക്കിയത്. മാനഭംഗക്കേസുകളില്‍ മൂന്നു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ശുപാര്‍ശയും കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നു.
നിയമഭേദഗതിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മിറ്റിക്കു മുന്‍പാകെ കോണ്‍ഗ്രസ് കരടു ബില്‍ സമര്‍പ്പിക്കും. വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ ബില്‍ ഓര്‍ഡിനന്‍സ് ആയി നടപ്പാക്കാനാണു കോണ്‍ഗ്രസ് തീരുമാനം.
മാനഭംഗക്കേസുകളില്‍ വധശിക്ഷ എന്ന ആവശ്യം പരിഗണിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ നിലപാട് അംഗീകരിക്കേണ്ടെന്നും ആവശ്യമെങ്കില്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്നും കോര്‍ കമ്മിറ്റിയില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: