പുസ്തക പ്രേമികളെ സംബന്ധിച്ചിടത്തോളം വായനാ സമ്പന്നമായ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. 2012ല്‍ നിരവധി നല്ല പുസ്തകങ്ങള്‍ പുറത്തിറങ്ങുകയും സാഹിത്യ സംബന്ധമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തു. സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുടെ പക്ഷം തിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്കും പോയവര്‍ഷം വേദിയായി. ടി.പി.ചന്ദ്രശേഖരന് വധത്തിന്റെ പേരിലും തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പിന്റെയും കേരളാ സാഹിത്യ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ നടന്ന വിശ്വമലയാള മഹോത്സവത്തിലും ഈ ചേരിതിരിവിന്റെ പ്രകടമായ കാഴ്ചകളുണ്ടായി.
ചന്ദ്രശേഖരന് വധത്തില്‍ പ്രതിഷേധിക്കാന്‍ പല സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തകരും തയ്യാറായില്ല എന്ന വിമര്‍ശനം ഉയര്‍ന്നു വന്നു. വലിയ ചര്‍ച്ചകള്‍ക്കാണ് ഇതു തുടക്കമിട്ടത്. ഇടതു വിരുദ്ധരായ ചിലരായിരുന്നു അത്തരമൊരു വിമര്‍ശനത്തിനു മുന്നില്‍ നിന്നത്. എന്തിനും ഏതിനും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാംസ്കാരിക നായകര്‍ ചന്ദ്രശേഖരന്റെ നിഷ്ഠുരമായ രാഷ്ട്രീയകൊലപാതകത്തെ എതിര്‍ക്കാന്‍ ആദ്യം തയ്യാറായില്ലെന്നത് വാസ്തവമായിരുന്നുതാനും. പിന്നീട് പതുക്കെ പലരും രംഗത്തു വന്നു. കെ.ജി.ശങ്കരപ്പിള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവിതയെഴുതിയതോടെ അന്തരീക്ഷത്തിനു മാറ്റം വന്നു. പിന്നീട് നിരന്തരം കഥകളും കവിതകളും ലേഖനങ്ങളുമായി ടി.പി.ചന്ദ്രശേഖരന്റെ വധത്തോടുള്ള പ്രതിഷേധം ഉയര്‍ന്നുവന്നുകൊണ്ടിരുന്നു.
അത്തരത്തിലുണ്ടായ രചനകളെല്ലാം ചേര്‍ത്ത് നിരവധി പുസ്തകങ്ങളും പുറത്തിറങ്ങി. വെട്ടുവഴിക്കവിതകള്‍, 51 വെട്ടിന്റെ രാഷ്ട്രീയം തുടങ്ങിയ പുസ്തകങ്ങള്‍ക്ക് നല്ല വില്‍പ്പന പോയവര്‍ഷം സംഭവിച്ചു.
ഇതേവിഷയവുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷക്കാരനും കവിയുമായ പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’ എന്ന കാവ്യാഖ്യായിക വിവാദത്തിലാകുന്നത്. ശ്യാമമാധവം ഓരോ ആഴ്ചയിലും പ്രസിദ്ധീകരിച്ചിരുന്നത് മലയാളം വാരികയിലായിരുന്നു. പ്രഭാവര്‍മ്മ, ചന്ദ്രശേഖരന് വധത്തെ എതിര്‍ത്തില്ലെന്നും എതിര്‍ത്ത സാഹിത്യപ്രവര്ത്തകര്ക്കെതിരെ സംസാരിച്ചെന്നും ആരോപിച്ച് മലയാളം പത്രാധിപര്‍ എസ്.ജയചന്ദ്രന്‍നായര്‍ കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിവച്ചു. ഇത് വലിയ വിവാദത്തിനു കാരണമായി. ചന്ദ്രശേഖരന് വധത്തേക്കാളുപരി പത്രാധിപരുടെ നടപടി ശരിയോ, തെറ്റോ എന്ന ചോദ്യം ചെയ്യലായിരുന്നു ചര്‍ച്ചകളെ സജീവമാക്കിയത്.
വാരികയില്‍ തുടരെ വന്നുകൊണ്ടിരുന്ന ശ്യാമ മാധവം ഒരു വിശദീകരണത്തോടെ നിര്‍ത്തിവെച്ചതായി പത്രാധിപര്‍ അറിയിക്കുകയായിരുന്നു. അമ്പത്തിയൊന്ന് വെട്ടുകള്‍കൊണ്ട് നുറുക്കി ഒരു മനുഷ്യന്റെ ജീവന് അപഹരിച്ചവരെ വാക്കിന്റെ സദാചാരംകൊണ്ട് ന്യായീകരിക്കുന്നതില്‍പ്പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്ന് കരുതുന്നതായി പത്രാധിപര്‍ വിശദീകരിച്ചു. ‘ദേശാഭിമാനി’ ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ കൂടിയായ പ്രഭാവര്‍മ പാര്‍ട്ടിപ്പത്രത്തിലെ ലേഖനത്തില്‍, ഇക്കാര്യത്തില്‍ പാര്‍ട്ടിയെ എതിര്‍ത്ത് രംഗത്തുവന്ന മഹാശ്വേതാദേവി ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചതാണ് മലയാളം പത്രാധിപരായ ജയചന്ദ്രന്‍നായരെ പ്രകോപിപ്പിച്ചത്. വൈലോപ്പിള്ളിയുടെ കാവ്യസരണിയെ പിന്‍പറ്റിനില്‍ക്കുന്ന ഒരു കവിക്ക് ചേര്‍ന്നതല്ല ഈ നിരീക്ഷണങ്ങളെന്ന് ജയചന്ദ്രന് നായര്‍ കുറിപ്പില്‍ പറഞ്ഞു. ശ്യാമമാധവത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും അതിലൂടെ കവിതയ്ക്കും കവിക്കും പോയവര്‍ഷം നല്ല പ്രശസ്തി ലഭിച്ചു. ജയചന്ദ്രന്‍നായര്‍ക്ക് മലയാളം വാരികയിലെ കസേര പോകുന്നതിനും അത് കാരണമായി. കൃഷ്ണന് ഗോപികമാരോടുള്ള പ്രണയം വിഷയമാക്കിയ കാവ്യം പോയവര്‍ഷത്തെ മികച്ച രചനകളുടെ പട്ടികയില്‍ പെടുത്താവുന്നതാണ്.
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി ലഭിക്കാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് കോടികള്‍ ചെലവിട്ട് വിശ്വമലയാള മഹോത്സവം സംഘടിപ്പിച്ചത്. രാഷ്ട്രപതിയായിരുന്നു ഉദ്ഘാടകന്‍. മലയാള ഭാഷയ്ക്ക് ഗുണം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു നടന്ന സമ്മേളനം പക്ഷേ, വിപരീത ഫലമാണുണ്ടാക്കിയത്. സാഹിത്യഅക്കാദമി അംഗങ്ങളും സാഹിത്യ പ്രവര്‍ത്തകരുമായ ചിലര്‍ തന്നെ സമ്മേളനത്തിനെതിരെ രംഗത്തു വന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പാകപ്പിഴകളുമുണ്ടായി. വിവാദങ്ങളുടെ മഹോത്സവമായിരുന്നു വിശ്വമലയാള മഹോത്സവത്തില്‍ അരങ്ങേറിയത്. ശരിയായ ആസൂത്രണമില്ലാത്തതും സംഘാടനത്തിലെ കഴിവില്ലായ്മയും പ്രതിഫലിച്ചു. സമ്മേളനം ഉയര്‍ത്തിയ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സാഹിത്യ അക്കാദമിയിലെ വൈസ് പ്രസിഡന്റിനെ ഉള്‍പ്പടെ പുറത്താക്കുന്നതിലേക്കും കാര്യങ്ങളെത്തി.
വിക്ടര്‍ ഹ്യൂഗോയുടെ വിശ്വവിഖ്യാതമായ നോവല്‍ ‘പാവങ്ങളു’ടെ നൂറ്റിയമ്പതാം പിറന്നാളാഘോഷിച്ച വര്‍ഷമായിരുന്നു 2012. ‘പാവങ്ങളുടെ’ പുതിയ പതിപ്പു പുറത്തിറങ്ങിയപ്പോള്‍ വായനക്കാരില്‍നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത്. മലയാളത്തിന്റെ ഗുരുതുല്യനും പ്രിയകവിയുമായ അക്കിത്തം ഓര്‍മകളുടെ ജാലകം തുറന്നിട്ടുകൊണ്ട് പൊന്നാനിക്കളരിയില്‍ എന്ന പുസ്തകം രചിച്ചു. ഒരു കാലഘട്ടത്തിന്റെ സാഹിത്യഭാവുകത്വങ്ങളെ നിര്‍ണയിച്ച, പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുന്‍നിര്‍ത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്. ഒരിക്കല്‍ കവിയോടൊത്ത് തോളുരുമ്മി നടന്നുമറഞ്ഞ സഹയാത്രികര്‍, സ്നേഹത്തോടെ പുഞ്ചിരിച്ചവര്‍, അംഗീകാരങ്ങളുടെ വലിയ ലോകത്തേക്കു നടന്നുകയറിയവര്‍, നിനച്ചിരിക്കാതെ മരണം വന്ന് കൂട്ടിക്കൊണ്ടു പോയവര്‍…. അവരുടെ വേര്‍പാടിനെപ്പറ്റി പറയുമ്പോഴൊക്കെ കവി കരയുന്നു. അക്കിത്തം വൈകാരികമായും വസ്തുതാപരമായും രചന നിര്‍വഹിച്ച പുസ്തകത്തിന് നല്ല വായനക്കാരെ സമ്പാദിക്കാന്‍ കഴിഞ്ഞു.
കെ.ജി.ശങ്കരപ്പിള്ളയുടെ ‘അതിനാല്‍ ഞാന്‍ ഭ്രാന്തനായില്ല’ എന്ന പുസ്തകവും മികച്ച വായനയിലേക്കുനയിക്കുന്നതായിരുന്നു. പോയവര്‍ഷത്തെ കാവ്യതാരം കെ.ജി തന്നെയായിരുന്നു. വംഗാരി മാതായിയുടെ ആത്മകഥ തലകുനിക്കാതെ മലയാളത്തിലേക്ക് മൊഴിമാറി എത്തിയതും കഴിഞ്ഞ വര്ഷത്തിലാണ്്. എന്‍.എസ്. മാധവന്റെ ‘മൂന്നു യാത്രകള്‍ ‘, കെ.എസ്. ചിത്ര: ‘അനുഭവം, ഓര്മ, യാത്ര’ തുടങ്ങിയ പുസ്തകങ്ങള്‍ നല്ല വായനാനുഭവം സമ്മാനിച്ചു. എം.പി. നാരായണപിള്ള, എം.സുകുമാരന്‍ തുടങ്ങിയവരുടെ സമ്പൂര്‍ണ കഥാസമാഹാരങ്ങളും ആറ്റൂരിന്റെയും വിഷ്ണു നാരായണന് നമ്പൂതിരിയുടെയും കവിതാസമാഹാരങ്ങളും പോയവര്‍ഷത്തിന്റെ വിലപ്പെട്ട സംഭാവനയായിരുന്നു.
സംഗീതം, ചലച്ചിത്രഗാനം, ഹിമാലയ യാത്ര എന്നീ വിഷയങ്ങളില്‍ മികച്ച പുസ്തകങ്ങള്‍ 2012ല്‍ പുറത്തു വന്നു. എല്ലാപുസ്തകങ്ങള്ക്കും നല്ല വായനക്കാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല, പ്രസാധകര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
വില്‍പ്പനയിലും വായനക്കാരെ സൃഷ്ടിക്കുന്നതിലും 2012ല്‍ മുന്നിട്ടുനിന്ന പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടവ മൂന്നെണ്ണമാണ്. മലയാള സിനിമയിലെ ശബ്ദവിസ്മയം ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ ‘സ്വരഭേദങ്ങള്‍’ എന്ന പേരില്‍ പുറത്തിറങ്ങി. അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വര്‍ണാഭമായ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഒരു സ്ത്രീയുടെ ജീവിതകഥയാണതില്‍ പറയുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍, തീവ്രമായ അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിതമാണ് ഇതില്‍ വിവരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകമായി മാറുകയാണ് ഭാഗ്യലക്ഷ്മിയുടെ ജീവിതം.
കെ.ആര്.മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ആരാച്ചാര്‍’ ആണ് മറ്റൊരു മികച്ച പുസ്തകം. മലയാളിയുടെ വായനാ ശൈലിയില്‍ പുതിയൊരു പാത വെട്ടിത്തുറന്ന ഈ കൃതി വല്ലപ്പോഴും മാത്രം സംഭവിക്കുന്ന രചനകളുടെ പട്ടികയില്‍ പെടുത്താവുന്നതാണ്. വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള അസാധാരണമായ രചനാ വൈഭവം മീര ഈ നോവലില്‍ പുലര്‍ത്തുന്നുണ്ട്. ഒരു പെണ്ണ് ആരാച്ചാരാകുന്നു എന്നതു മാത്രമല്ല, ജീവിതത്തിനും മരണത്തിനുമിടയിലുള്ള ‘ജീവിതത്തെ’ ഈ നോവല്‍ അനുഭവിപ്പിക്കുന്നു.
അഞ്ചു തവണ ദേശീയ അവാര്‍ഡ് വാങ്ങിയ ഡോക്യുമെന്ററി സംവിധായകന്, ജോഷി ജോസഫിന്റെ ‘വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്’ എന്ന ഡോക്യുമെന്ററിയില്‍നിന്നാണ്’ ആരാച്ചാരു’ടെ തുടക്കമെന്ന് മീര പറയുന്നു. കൊല്‍ക്കത്തയില്‍ 2004ല്‍ ധനഞ്ജോയി ചാറ്റര്‍ജി എന്ന ആളെ തൂക്കിക്കൊന്നിരുന്നു. അന്ന് തൂക്കിക്കൊല നടത്തിയത് നാട്ടാമല്ലിക് എന്ന പ്രശസ്തനായ ആരാച്ചാരായിരുന്നു. തൂക്കിക്കൊലയുടെ തലേന്നുള്ള ആരാച്ചാരുടെ ജീവിതമാണ് ജോഷിയുടെ ഡോക്യുമെന്ററി.
മദ്യപാനികള്‍ കൂടിവരുന്ന സമൂഹത്തില്‍ ഒരു കുടിയന് നടത്തുന്ന കുമ്പസാരത്തിന് വളരെ പ്രസക്തിയുണ്ട്. കുടിച്ചുകുടിച്ച് ജീവിതം കളയുകയും പിന്നീട് ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു മുന്കുടിയന്റെ കുമ്പസാരമാണ് ‘കുടിയന്റെ കുമ്പസാര’മെന്ന പുസ്തകത്തിലുള്ളത്.
സംവിധായകന് കെ.ജി.ജോര്‍ജ്ജിന്റെ സിനിമാ ജീവിതത്തെ മുന്‍നിര്‍ത്തി പത്രപ്രവര്‍ത്തകനായ എം.എസ്.അശോകന് തയ്യാറാക്കിയ ‘ഫ്ലാഷ് ബാക്ക്: എന്റെയും സിനിമയുടെയും’ എന്ന പുസ്തകത്തെ പോയവര്‍ഷത്തെ നല്ല സിനിമാ സംബന്ധിയായ പുസ്തകമായി വിലയിരുത്താവുന്നതാണ്. വായനയും പുസ്തകങ്ങളും മരിക്കുന്നില്ലെന്ന സന്ദേശമാണ് പോയവര്‍ഷത്തെ സന്ദേശമായി ലഭിക്കുന്നത്. അത് ആശ്വാസകരവുമാണ്.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: