ഒളിമ്പിക് മാസ്മരികതയുടെ നിറച്ചാര്‍ത്തണിഞ്ഞ വര്‍ഷമായിരുന്നു 2012. പുതിയ ദൂരവും വേഗവും പിറന്നതിനൊപ്പം കായിക ലോകത്തിന്റെ പുതിയ പ്രതീക്ഷകളും ഒളിമ്പിക്സിന്റെ വേദികളില്‍ പൂവിട്ടിരുന്നു. കൂടാതെ നിരവധി നേട്ടങ്ങളും കിരീടധാരണങ്ങളും പോകുന്ന വര്‍ഷത്തിന്റെ പൊന്‍തൂവലുകളായപ്പോള്‍ ചിലവിടവാങ്ങലുകള്‍ വന്‍ വിടവുകള്‍തന്നെ സൃഷ്ടിച്ചു. മേമ്പൊടിപോലെ ചില നാണക്കേടുകളും കോര്‍ത്തിണക്കിയതായിരുന്നു 2012 ലെ കായികരംഗം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ക്രിക്കറ്റിലെ നാണക്കേടിന്റെ കഥ ജനുവരിയില്‍ തുടങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ പൂര്‍ണമായും അടിയറവെച്ചു. വിദേശത്ത് തുടര്‍ച്ചയായി ഏഴ് ടെസ്റ്റുകളില്‍ പരാജയം നേരിട്ട ടീമായി ഇന്ത്യ മാറി. വൈറ്റ്വാഷ് ജയം നേടിയ ഓസ്ട്രേലിയ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കി.
ടെന്നീസ് ആരാധകര്‍ക്ക് വിരുന്നൊരുക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണും ജനുവരിയിലാണ്. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി നിലവിലുള്ള ചാമ്പ്യന്‍ നൊവാക് ഡോകോവിച്ച് കിരീടം നിലനിര്‍ത്തി. ആരാധകരെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഫൈനല്‍ മത്സരം അഞ്ച് മണിക്കൂറും 15 മിനിട്ടും നീണ്ടുനിന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ ബലാറസ് താരം വിക്ടോറിയ അസാരങ്ക ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയെയാണ് അസാരങ്ക പരാജയപ്പെടുത്തിയത്. ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക്ക് താരം സ്റ്റെപാനെക്കും ചേര്‍ന്ന സഖ്യം കിരീടം നേടി. ആദ്യമായാണ് പേസ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഡബിള്‍സ് കിരീടം നേടുന്നത്. വനിതാ ഡബിള്‍സില്‍ റഷ്യന്‍താരങ്ങളായ സ്വറ്റ്ലാന കുസ്നെറ്റ്സോവ-സോനരേവ സഖ്യം കിരീടം നേടി.
ഫുട്ബോളിലെ നിത്യ വിസ്മയമായ ലയണല്‍ മെസിയെത്തേടി വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ജനുവരിയിലെത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് അര്‍ജന്റീനയുടേയും ബാഴ്സലോണയുടേയും നട്ടെല്ലായ മെസിയെ തേടി ഈ പുരസ്ക്കാരം എത്തുന്നത്.
ഫെബ്രുവരിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന ട്വന്റി 20 പരമ്പര സമനിലയിലായി. ഇരുടീമുകളും ഓരോ മത്സരം ജയിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാക്കിസ്ഥാന് ചരിത്ര വിജയം നേടിയതും ഈ മാസത്തിലാണ്. ന്യൂട്രല്‍ വേദിയായി ദുബായിയില്‍ നടന്ന ടെസ്റ്റ് പരമ്പര പാക്കിസ്ഥാന് തൂത്തുവാരി (3-0). പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് സമ്പൂര്‍ണ പരാജയം സംഭവിക്കുന്നത് ഇതാദ്യമായിരുന്നു.
ആഫ്രിക്കന്‍ നേഷന്‍സ് കാപ്പില്‍ സാംബിയ മുത്തമിട്ടതാണ് ഫുട്ബോളില്‍ എടുത്തുപറയേണ്ട സംഭവം. ഫൈനലില്‍ താര സമ്പന്നമായ ഐവറി കോസ്റ്റിന് പെനാലിറ്റി ഷൂട്ടൗട്ടിലൂടെ പടികടത്തിയാണ് സാംബിയ ചാമ്പ്യന്‍ പട്ടം പിടിച്ചെടുത്തത്. ഷൂട്ടൗട്ടില്‍ ഏഴിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ചാമ്പ്യന്മാരുടെ വിജയം. ഇന്ത്യക്ക് ആഹ്ലാദിക്കാനുള്ള അവസരവും ഈ മാസത്തിലുണ്ടായി. ഹോക്കിയില്‍ ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടിയ മത്സരത്തിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്. സന്ദീപ് സിംഗ് അഞ്ച് ഗോള്‍ നേടി മത്സരത്തില്‍ തിളങ്ങിനിന്നു.
ബാഡ്മിന്റണില്‍ അട്ടിമറി നടന്ന മാസമായിരുന്നു മാര്‍ച്ച്. ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ചൈനയുടെ വാങ്ങ്യിഹാനെ പരാജയപ്പെടുത്തി ഏഴാം സീഡായ ചൈനയുടെ തന്നെ ലി സുവേരായി ചാമ്പ്യനായി. പുരുഷ കിരീടം ലിന്ഡാന് നേടി. ഈ സീസണിലെ ആദ്യ കിരീടം നേടിക്കൊണ്ട് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും ഈ മാസത്തില്‍ തിളങ്ങി. സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ട്രോഫി നേടിക്കൊണ്ടാണ് ഇന്ത്യന്‍ താരം ഷട്ടില്‍കോര്‍ട്ടില്‍ സുവര്‍ണ നേട്ടം വിരിയിച്ചത്. ബേസലില്‍ നടന്ന മത്സരത്തില്‍ ചൈനയുടെ ഷിസിയാന്‍ വാങ്ങിനെയാണ് സൈന മറികടന്നത്.
ആറാമത് ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ നേട്ടം കൊയ്തു. അഞ്ചുതവണ ലോകചാമ്പ്യനായ മേരികോം, സരിതാ ദേവി എന്നിവര്‍ സ്വര്‍ണം നേടി മികച്ച പ്രകടനം കാഴ്ചവച്ചു. മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ബത്തോറിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്. ഓവറോള്‍ മെഡല്‍ വേട്ടയില്‍ ചൈന ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതിലായ രാഹുല്‍ ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപിച്ചത് കനത്ത നഷ്ടമാണ് സൃഷ്ടിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24000 റണ്‍സിലധികം നേടിയ താരമായിരുന്നു ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ 210 ക്യാച്ചുകള്‍ എടുത്ത് ദ്രാവിഡ് റെക്കാര്‍ഡിടുകയും ചെയ്തിട്ടുണ്ട്. സച്ചിന് ടെണ്ടുല്‍ക്കറിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറിയും ഈ മാസത്തില്‍ പിറന്നു. ഏഷ്യാകപ്പ് ലീഗ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന് ചരിത്രനേട്ടം കുറിച്ചത്. ഓസ്ട്രേലിയയും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ത്രിരാഷ്ട്ര ഏകദിന പരമ്പരയും ഈ മാസത്തിലെ ക്രിക്കറ്റിന് കൊഴുപ്പുകൂട്ടി. എന്നാല്‍ ഫൈനലില്‍ പോലും കടക്കാനാവാതെ ഇന്ത്യ പുറത്തായി. ശ്രീലങ്കയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പ് നേടി.
ഏപ്രിലില്‍ ലങ്കാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി.
ഇന്ത്യയുടെ ഡിസ്കസ് ത്രോ വനിതാ താരമായ കൃഷ്ണ പുനിയ പുതിയ ദേശീയ റെക്കോര്‍ഡ് മേയില്‍ സ്ഥാപിച്ചു. സീമയുടെ പേരിലുള്ള (64.64 മീറ്റര്‍) റെക്കോര്‍ഡാണ് പുനിയ തിരുത്തിയത്. പുനിയ താണ്ടിയ ദൂരം 64.76 മീറ്റര്‍. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് കിരീടം നിലനിര്‍ത്തിയതാണ് ഈ മാസത്തെ പ്രധാന സംഭവം. മോസ്കോയില്‍ നടന്ന മത്സരത്തില്‍ ബോറിസ് ഗെല്‍ഫാന്‍ഡിനെയാണ് ആനന്ദ് പരാജയപ്പെടുത്തിയത്. ആനന്ദിന്റെ അഞ്ചാം ലോകകിരീടമായിരുന്നു ഇത്.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെല്‍സി കിരീടം നേടി. പെനാലിറ്റിയില്‍ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെല്‍സി കിരീടം നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കരസ്ഥമാക്കി. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയാണ് നൈറ്റ് റൈഡേഴ്സ് കിരീടം നേടിയത്.
മെയ് മാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട ധാരണം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്നാണ് സിറ്റി ചാമ്പ്യന്‍പട്ടം ചൂടിയത്.
ഫ്രഞ്ച് ഓപ്പണായിരുന്നു ജൂണ്‍ മാസം കായികരംഗത്തിന് ഉണര്‍വുണ്ടാക്കിയത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ നോവാക് ഡോകോവിച്ചിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ കിരീടം നേടി. വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ ചാമ്പ്യനായി. ഇറ്റലിയുടെ സാറ ഇറാനിയെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഈ നേട്ടം കൈവരിച്ചത്. എല്ലാ ഗ്രാന്‍ഡ്സ്ലാമും നേടുന്ന 10-ാം വനിതാ താരം എന്ന ബഹുമതിയും ഷറപ്പോവ സ്വന്തമാക്കി. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ സഖ്യം കിരീടം നേടി. ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസില്‍ സൈന നെഹ്വാള് കിരീട നേട്ടം കൈവരിച്ചു.
2012 ലെ കായികരംഗം മികവിന്റെ ഉന്നതിയിലേക്ക് കുതിച്ചത് ലണ്ടന്‍ ഒളിമ്പിക്സിലായിരുന്നു. ജൂലൈ 27 ന് ആരംഭിച്ച സമ്മര്‍ ഒളിമ്പിക്സ് ആഗസ്റ്റ് 12 നാണ് അവസാനിച്ചത്. 204 രാജ്യങ്ങളാണ് ഇവിടെ മെഡല്‍ സ്പര്‍ശത്തിനായി കൊമ്പുകോര്‍ത്തത്. 10,820 അത്ലറ്റുകള് 26 കായിക വിഭാഗങ്ങളിലെ 302 ഇനങ്ങളില്‍ മത്സരിച്ചു. ഇതിന് മുമ്പ് ബീജിംഗില്‍ നടന്ന ലോക കായിക മാമാങ്കത്തില്‍ ആതിഥേയരായ ചൈന മികവ് പുലര്‍ത്തി മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ലണ്ടനില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചൈനയ്ക്ക് ആയില്ല. 46 സ്വര്‍ണവും 29 വെള്ളിയും 29 വെങ്കലവുമടക്കം 104 മെഡലുകള്‍ നേടി യുഎസ് ഒന്നാമതെത്തി. 38 സ്വര്‍ണം നേടി ചൈന രണ്ടാമതും ആതിഥേയരായ ബ്രിട്ടന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യ ഏറ്റവുമധികം മെഡല്‍ നേടിയ ഒളിമ്പിക്സ് കൂടിയായിരുന്നു ലണ്ടനില്‍ അരങ്ങേറിയത്. രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറ് മെഡലുകള്‍ നേടി ഇന്ത്യ പുതിയ ചരിത്രം കുറിച്ചു. പ്രതീക്ഷിച്ച ചില സുവര്‍ണ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ക്രിക്കറ്റും ഫുട്ബോളും ടെന്നീസും നിറഞ്ഞുനിന്ന മാസം കൂടിയായിരുന്നു ജൂലൈ. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0 എന്ന നിലയില്‍ സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കരസ്ഥമാക്കി.
ഫുട്ബോളില്‍ സമഗ്രാധിപത്യം പുലര്‍ത്തി യൂറോ കപ്പും സ്പെയിന് സ്വന്തമാക്കി. ഫൈനലില്‍ ഇറ്റലിയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് കാളപ്പോരിന്റെ നാട്ടുകാര്‍ കിരീടം സ്വന്തമാക്കിയത്.
വിംബിള്‍ഡണ്‍ പോരാട്ടവും ഈ മാസത്തിലാണ് നടക്കുക. പുരുഷവിഭാഗം സിംഗിള്‍സ് കിരീടം റോജര്‍ ഫെഡറര്‍ സ്വന്തമാക്കി. ഫൈനലില്‍ ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ എഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് ചാമ്പ്യന്‍ പട്ടം ചൂടി. ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ്ലി ക്രിക്കറ്റില്‍നിന്നും വിരമിച്ചതും ഈ മാസത്തിലാണ്. പരിക്ക് മൂലമാണ് ബ്രെറ്റ്ലി കളിക്കളം വിടാന്‍ നിര്‍ബന്ധിതനായത്. 13 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിനിന്ന ലീ 221 ഏകദിന മത്സരങ്ങളില്‍നിന്ന് 380 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ പരിക്കേറ്റ് ക്രിക്കറ്റിനോട് വിടപറയേണ്ടിവന്നത് ആരാധകരെ ദുഃഖത്തിലാഴ്ത്തി. കണ്ണിന് പരിക്കേറ്റ ബൗച്ചര്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ദീര്‍ഘകാലം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറും മികച്ച മധ്യനിര ബാറ്റ്സ്മാനുമായിരുന്നു ബൗച്ചര്‍.
ക്രിക്കറ്റിലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതായിരുന്നു ആഗസ്റ്റിലെ പ്രധാന സവിശേഷത. ഫൈനലില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീട നേട്ടം കൈവരിച്ചത്. ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര നേടിക്കൊണ്ട് മികച്ച ഫോമില്‍ത്തന്നെ എന്നു തെളിയിച്ചതും ആഗസ്റ്റിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മധ്യനിരയുടെ കാവലാളായി അറിയപ്പെട്ട വി.വി.എസ് ലക്ഷ്മണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. 16 വര്‍ഷത്തെ കരിയറിനുശേഷമാണ് ലക്ഷ്മണ് കളി അവസാനിപ്പിച്ചത്.
നെഹ്റു കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം നേടിയതാണ് സപ്തംബറില്‍ ഇന്ത്യയിലുണ്ടായ പ്രധാന നേട്ടം. ഫൈനലില്‍ കാമറൂണിനെ പെനാലിറ്റിയിലൂടെ (5-4) മറികടന്നാണ് ഇന്ത്യ ചാമ്പ്യനായത്. ഹോക്കി ഫെഡറേഷനും ഹോക്കി ഇന്ത്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതും ഈ കാലയളവിലാണ്. പ്രത്യേക കമ്മറ്റിയുടെ തീരുമാനപ്രകാരം ഹോക്കി ഇന്ത്യക്ക് അനുകൂലമായ നിലപാടുണ്ടായി. യുഎസ് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കിക്കൊണ്ട് ടെന്നീസില്‍ സെറീന വീണ്ടും വിസ്മയങ്ങള്‍ സൃഷ്ടിച്ചു. വിക്ടോറിയ അസാരങ്കയെ പരാജയപ്പെടുത്തിയാണ് സെറീന കിരീടത്തില്‍ മുത്തമിട്ടത്. പുരുഷ വിഭാഗത്തില്‍ ആന്‍ഡിമുറെ ചാമ്പ്യനായി. യുഎസ് ടെന്നീസ് താരം ആന്‍ഡി റോഡിക് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു.
സൈന നെഹ്വാള് ഡെന്മാര്ക്ക് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത് ഒക്ടോബറിലാണ്. എന്നാല്‍ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസില്‍ സൈനക്ക് വിജയിക്കാനായില്ല. രണ്ടാമത് ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിയില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായി. വനിതാ ക്രിക്കറ്റില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് വിജയം കണ്ടു.
ലോക അത്ലറ്റിക് അവാര്‍ഡ് നാലാം തവണ യു.എസ്.എീന്‍ ബോള്‍ട്ടിനെ തേടിയെത്തിയതാണ് നവംബറിലെ പ്രധാന വാര്‍ത്തകളിലൊന്ന്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിച്ചതും നവംബറിലാണ്. ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഓസ്ട്രേലിയയെ കരുത്തുറ്റ ടീമാക്കി ഉയര്‍ത്തിയെടുത്ത മുന്‍ നായകന് റിക്കി പോണ്ടിംഗ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ദക്ഷിണാഫ്രിക്കക്കെതിരായി പെര്‍ത്തില്‍ നടക്കുന്ന ടെസ്റ്റോടെ ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നുവെന്നാണ് പോണ്ടിംഗ് അറിയിച്ചത്. അവസാന ടെസ്റ്റില്‍ പോണ്ടിംഗിനെ വിജയത്തോടെ യാത്രയാക്കാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല. പെര്‍ത്തില്‍ ദക്ഷിണാഫ്രിക്ക വിജയം നേടി. ഡിസംബര്‍ 3ന് പോണ്ടിംഗിന്റെ കരിയറിന് തിരശ്ശീല വീണു.
ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ ചെല്‍സി പുറത്തായതോടെയാണ് ഡിംസബറിന്റെ ആരംഭം. കിരീട ജേതാക്കളായ ടീം ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്താകുന്നത് ഇതാദ്യമാണ്. സംസ്ഥാന സ്കൂള്‍ കായികമേള കേരളത്തില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിച്ചു. ഷെര്‍സാദും ഷിന്‍ഡയും വേഗമേറിയ താരങ്ങളായി. പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാരുമായി.
ഇന്ത്യന്‍ കായികരംഗത്തിന് ഏറെ നാണക്കേടുണ്ടാക്കിയതായിരുന്നു ഒളിമ്പിക് അസോസിയേഷന്റെ തെരഞ്ഞെടുപ്പ്. ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിരോധനം ഏര്‍പ്പെടുത്തിയതോടെ വന്‍ നാണക്കേടാണ് ഉണ്ടായത്.
സച്ചിന് ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്നും വിരമിച്ചതാണ് ഡിസംബറിന്റെ നഷ്ടം. റെക്കാര്‍ഡുകള്‍ എല്ലാം സ്വന്തം പേരില്‍ കുറിച്ച ക്രിക്കറ്റിലെ ദൈവം ഏകദിനത്തില്‍നിന്നും പടിയിറങ്ങിയത് ഇന്ത്യക്ക് പ്രതിസന്ധിയുണ്ടാക്കും. സമീപകാലത്ത് മികച്ച ഫോം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട സച്ചിന് നാടകീയമായി തന്റെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. സമീപകാലത്ത് ആര്‍ക്കും തിരുത്താന്‍ സാധ്യമല്ലാത്ത നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചിട്ട ശേഷമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പടിയിറങ്ങിയത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി ലയണല്‍ മെസ്സി ഉയര്‍ന്നതും ഡിസംബറിലാണ്. 86 ഗോള്‍ നേടിയതോടെയാണ് ബാഴ്സലോണയുടെ താരത്തിന്റെ പേരിലേക്ക് ഈ റെക്കോര്‍ഡ് കുറിക്കപ്പെട്ടത്. ജര്‍മ്മന്‍ താരം ജെര്‍ഡ് മുള്ളറുടെ 85 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് അര്‍ജന്റീനയുടെ മെസ്സി ഇവിടെ പഴങ്കഥയാക്കിയത്. സ്പാനിഷ് ലീഗിലെ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിലായിരുന്നു ഈ നേട്ടം. ഇപ്പോള്‍ മെസ്സി തന്റെ ഗോള്‍ വേട്ട 90 ന് മുകളിലേക്ക് എത്തിച്ചുകഴിഞ്ഞു.
>> ജി.സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: