ബോംബ് സ്ഫോടനങ്ങളും താലിബാന് ഭീകരതയും വാര്‍ത്തയാകുന്ന പാക്കിസ്ഥാനില്‍നിന്ന് വേറിട്ടൊരു ശബ്ദം ലോകത്തിന് മുന്നില്‍ എത്തിച്ച മലാല യൂസഫ്സായ് എന്ന കൊച്ചുപെണ്‍കുട്ടിയായിരുന്നു പോയ വര്‍ഷത്തെ താരം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന താലിബാനെക്കുറിച്ച് ഇന്റര്‍നെറ്റിലൂടെ പ്രതികരിച്ച മലാലയ്ക്കെതിരെ നടന്ന ആക്രമണത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ആരെയും കൊല്ലുന്ന താലിബാന്റെ തോക്കുകള്‍ മുന്നില്‍ കണ്ടിട്ടും ശിലപോലെ ഉറച്ചുനിന്ന മലാലയെന്ന പതിന്നാലുകാരിയെ ലോകം മുഴുവന്‍ പിന്തുണച്ചു. പാക്കിസ്ഥാന്റെ ഭാവി മലാലയെപ്പോലുള്ള ധൈര്യശാലികള്‍ക്കൊപ്പമാണെന്ന് ലോകം വിധിയെഴുതിയപ്പോള്‍ താലിബാന് മുന്നില്‍ മുട്ടുവിറയ്ക്കുന്ന പാക്കിസ്ഥാനും മൗനം ഭഞ്ജിക്കേണ്ടിവന്നു. പുരസ്കാരങ്ങളും അംഗീകാരങ്ങളും വാരിക്കോരി നല്കി ലോകം മലാലയെ അംഗീകരിച്ച കാഴ്ചയുടെ ആനന്ദം അവശേഷിപ്പിച്ചാണ് 2012 വിട പറയുന്നത്.
മാറ്റത്തിനായി ഒരു വോട്ടെന്ന മന്ത്രവുമായി അമേരിക്കന്‍ ജനതയെ കീഴടക്കിയ കറുത്തവര്‍ഗക്കാരനായ ബരാക് ഒബാമ രണ്ടാം ഊഴത്തിലും പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തിയതാണ് അന്തരാഷ്ട്രതലത്തില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ്. മികച്ചത് വരാനിരിക്കുന്നതേയുള്ളു എന്ന പ്രചാരണ മുദ്രാവാക്യത്തിലൂടെ ഒബാമക്ക് വീണ്ടും അമേരിക്കന്‍ ജനതയുടെ വിശ്വാസമാര്‍ജ്ജിക്കാനായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ശക്തമായ ഭൂരിപക്ഷത്തോടെയാണ് അമേരിക്കയിലെ ആദ്യകറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തിയത്.
വന്‍ സാമ്പത്തിക ശക്തിയായി വളരുന്ന ചൈനയില്‍ ദശാബ്ദത്തിനിടെ മാത്രം നടക്കുന്ന അധികാര കൈമാറ്റത്തിനും പോയവര്‍ഷം സാക്ഷ്യം വഹിച്ചു. അടുത്ത ഒരു പതിറ്റാണ്ടിലേക്കുള്ള ഭരണനേതൃത്വത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നവംബറില്‍ തെരഞ്ഞെടുത്തു. ഷി ജിന്‍പാങ്ങ് പ്രസിഡന്റായും ലികെ ഗ്യാങ്ങ് പ്രധാനമന്ത്രിയായും നിശ്ചയിക്കപ്പെട്ടു. നിയുക്ത പ്രധാനമന്ത്രി ഷിയുടെ നേതൃത്വത്തില്‍ സ്ഥാനക്രമമുസരിച്ച് ഔപചാരികവേഷമായ കറുത്ത സ്യൂട്ടണിഞ്ഞ് പുതിയ കേന്ദ്രകമ്മറ്റിയംഗങ്ങള്‍ നവംബര്‍ 15 ന് ജനങ്ങള്‍ക്ക് മുന്നില്‍ അണിനിരന്നു.
പാക് പരമോന്നത കോടതിയുടെ ഇടപടല്‍ മൂലം പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് അധികാരമൊഴിയേണ്ടി വന്നതും രാജാ പര്‍വേസ് അഷ്റഫ് പ്രധാനമന്ത്രിയായതും പാക് രാഷ്ട്രീയത്തില്‍നിന്നുള്ള പ്രധാന വാര്‍ത്തയായി. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ പിപിപി നേതൃത്വം ഏറ്റെടുത്തതും വാര്‍ത്തയായി.
ഈജിപ്റ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ സൈനികേതര പ്രസിഡന്റായി മുഹമ്മദ് മുര്‍സി സത്യപ്രതിജ്ഞ ചെയ്തതും പോയവര്‍ഷംതന്നെ. ഏകാധിപതി ഹൊസ്നി മുബാറക്കിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയാണ് മുര്‍സി പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഈജിപ്റ്റില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റെന്ന ബഹുമതിയും മുര്‍സി സ്വന്തമാക്കി.
ടുണീഷ്യയുടെയും ഈജിപ്തിന്റെയും മാര്‍ഗം പിന്തുടര്ന്ന് ജനകീയ പ്രക്ഷോഭത്തിലേക്ക് കടന്ന സിറിയയില്‍ പക്ഷേ 2012ലും രക്തച്ചൊരിച്ചിലുകള്‍ക്ക് അറുതിയായില്ല. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെയുള്ള വിമത പ്രക്ഷോഭങ്ങള്‍ സിറിയന്‍ സൈന്യം നേരിട്ടപ്പോള്‍ കൊല്ലപ്പെട്ടത് നൂറു കണക്കിന് നിരപരാധികള്‍. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍നിന്ന് കിടപ്പാടവും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് ആയിരങ്ങള്‍ പലായനംചെയ്തു.
അന്താരാഷ്ട്രതലത്തില്‍നിന്ന് ശക്തമായ ഇടപെടലുണ്ടായിട്ടും സിറിയയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെയാണ് 2012 പടിയിറങ്ങുന്നത്. അറബ് രാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും മധ്യസ്ഥനായി സമാധാനശ്രമങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട കോഫി അന്നന് തന്റെ പ്രയത്നം വിഫലമായതിനെത്തുടര്‍ന്ന് മധ്യസ്ഥസ്ഥാനം രാജിവച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു.
യുദ്ധമുഖത്തെത്തിയ ഇസ്രായേല്‍ -ഗാസ ആക്രമണം. ഹമാസിന്റെ അധീനതയിലുള്ള ഗാസയെ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുരുതികൊടുക്കപ്പെട്ടു. ഹമാസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് അല്‍ ജാവറിയും മിസെയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൈനികബലത്തിന്റെ മുഷ്ക്കില്‍ കരയുദ്ധത്തിനായി ഇസ്രായേല്‍ നടത്തിയ സന്നാഹം അയല്‍രാജ്യമായ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇതിനിടയില്‍ 2012 പലസ്തീന് ആശ്വാസമായി. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ എക്യരാഷ്ട്ര സഭയില്‍ നിരീക്ഷക രാഷ്ട്രപദവി ലഭിച്ചത് കുറച്ചൊന്നുമല്ല പലസ്തീനികളെ സന്തോഷി പ്പിച്ചത്.
വിവാദങ്ങളും ഒട്ടും കുറവായിരുന്നില്ല പോയ വര്‍ഷത്തില്‍. ഇന്നസെന്റ്സ് ഓഫ് മുസ്ലീംസ് എന്ന അമേരിക്കന്‍ സിനിമയായിരുന്നു ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയത്. ചിത്രത്തില്‍ പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിക്കുന്നെന്ന് ആരോപിച്ച് ലോകവ്യാപകമായി അമേരിക്കന്‍ വിരുദ്ധപ്രക്ഷോഭം അരങ്ങേറി. ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. ലിബിയയിലെ ബംഗാസിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധി ഉള്‍പ്പെടെയുള്ള നാല് പേര് കൊല്ലപ്പെട്ടത് അമേരിക്കയ്ക്ക് കനത്ത നടുക്കമായി.
അഭിമാനാര്‍ഹമായ ചില നേട്ടങ്ങളും 2012 സമ്മാനിച്ചു. ദൈവകണത്തെ കണ്ടെത്തിയതാണ് ശാസ്ത്രലോകത്തില്‍ നിന്നുള്ള ഏറ്റവും വലിയ നേട്ടം. അരനൂറ്റാണ്ടിന്റെ അന്വേഷണത്തിനൊടുവില്‍ ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ചരിത്രമുഹൂര്‍ത്തമായിരുന്നു ദൈവകണമെന്ന പേരുള്ള ഹിഗ്സ് ബോസോണിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍. പ്രപഞ്ചത്തിലെ ഓരോ പദാര്‍ത്ഥത്തിനും പിണ്ഡം നല്‍കുന്നതെന്ന് കരുതുന്ന ദൈവകണത്തെ കണ്ടെത്തിയത് ശാസ്ത്രലോകത്തെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നായി നിസ്സംശയം അംഗീകരിക്കപ്പെട്ടു. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണില്‍ നടന്ന സെമിനാറിലാണ് കഴിഞ്ഞ ജൂലൈയില്‍ ദൈവകണം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്.
മാസങ്ങള്‍ നീണ്ട യാത്രക്കും ഏഴ് സംഭ്രമനിമിഷങ്ങള്‍ക്കുമൊടുവില്‍ നാസയുടെ പര്യവേഷണവാഹനമായ ക്യൂരിയോസിറ്റി ചുവന്ന ഗ്രഹമായ ചൊവ്വയില്‍ ഇടിച്ചിറങ്ങിയത് ലോകത്തിന് അഭിമാനമേകിയ മറ്റൊരു വാര്‍ത്ത. ഓഗസ്റ്റ് 5നായിരുന്നു ആ ചരിത്രനിമിഷം. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് മണ്ണും പാറയും തുരന്ന് ജീവന്റെ സാന്നിധ്യം തേടിയ ക്യൂരിയോസിറ്റി ഒട്ടേറെ ചിത്രങ്ങള്‍ നാസക്ക് നല്‍കിയത് ശാസ്ത്രലോകത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി.
പേടിപ്പിച്ചവയും സന്തോഷിപ്പിച്ചവയും അതിശയിപ്പിച്ചതുമായി വാര്‍ത്തകള്‍ ഒരുപാടുണ്ട്. അമേരിക്കയെ നടുക്കിയ സാന്‍ഡിഹുഡ് വെടിവയ്പ്, ആകാശ ദുരന്തങ്ങള്‍, വെള്ളപ്പൊക്കവും പേമാരിയും അഗ്നിബാധയും. പതിവുപോലെ പുരസ്കാരങ്ങള്‍, ബഹുമതികള്‍. ഇതിനിടെ ശാസ്ത്രീയമായി ഒട്ടും അടിസ്ഥാനമില്ലാത്ത ഒരു കിംവദന്തിയിലൂടെയുമാണ് 2012 ന്റെ അവസാന ദിവസങ്ങള്‍ കടന്നുപോയത്. ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്ന വ്യാജപ്രചാരണം വിശ്വസിച്ച് ഭയന്നവര്‍ ഒട്ടേറെയായിരുന്നു. മധ്യ അമേരിക്കയിലെ ഒരുവിഭാഗമായ മായന്മാരുടെ കലണ്ടര്‍ 2012 ഡിസംബര്‍ 26 ന് അവസാനിച്ചതായിരുന്നു പ്രചാരണത്തിന് കാരണമായത്. ഏതോ ക്ഷുദ്രഗ്രഹം വന്നിടിച്ച് ഭൂമി തകര്‍ന്നുപോകുമെന്ന വാര്‍ത്ത ലോകം മുഴുവന്‍ പരന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. മറ്റൊരു പുതുവത്സരത്തെ എതിരേല്ക്കാനുള്ള തയ്യാറെടുപ്പിലേക്ക് ലോകം മടങ്ങി. നല്ലതുമാത്രം സംഭവിക്കട്ടെ എന്ന പതിവ് പ്രാര്‍ത്ഥനയോടെ.
>> രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: