ആയുധക്കളിയും ബോംബു ഭീഷണിയും മാനവരാശിയുടെ സ്വാസ്തം ഹനിച്ച് ഇല്ലാതാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വെല്ലുവിളികളും പകപോക്കലുകളുമൊക്കെ ഒരു സമൂഹത്തിന്റെ മുഖമുദ്രയായി മാറിയ നാടാണ് അമേരിക്ക. കഴിഞ്ഞ നൂറ്റാണ്ടിലും തുടര്‍ന്നിങ്ങോട്ട് വര്‍ത്തമാനകാലത്തിലും ആയുധ കച്ചവടംകൊണ്ട് അരങ്ങുവാണ നാടെന്ന ദുഷ്പേരാണ് അമേരിക്കക്കുള്ളത്. വാളെടുത്തവന്‍ വാളാലെ എന്ന ചൊല്ല് അക്ഷരംപ്രതി അവിടെ ഫലത്തില്‍ വന്നുകഴിഞ്ഞിരിക്കുന്നു. ഒരു നാടിന്റെ സാമൂഹ്യ തകര്‍ച്ചയുടെ അപകടതലം അമേരിക്കയെപോലെ പ്രകടമാക്കപ്പെട്ട മറ്റൊരു രാജ്യവും ലോകത്തുണ്ടാവില്ല.
അമ്മയെ കൊന്നശേഷം സ്കൂളിലെത്തി ഇരുപത് പിഞ്ചുകുഞ്ഞുങ്ങളേയും എട്ട് അദ്ധ്യാപകരേയും വെടിവെച്ചിട്ട അമേരിക്കയിലെ ആഡം ലാന്‍സ എന്ന യുവാവ് എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം കണ്ടെത്താന്‍ അമാന്തിച്ചുകൂടാ. മാനസിക സന്ദേഹങ്ങളും സ്വസ്ഥത നഷ്ടപ്പെട്ട യുവ മനസ്സും, ക്ഷണിച്ചുവരുത്തിയ ഈ കൂട്ടക്കുരുതിയില്‍ ജീവന് നഷ്ടപ്പെട്ട നിരപരാധികളെക്കുറിച്ച് ഗോളാന്തര തലത്തില്‍ വേണ്ടത്ര വാര്‍ത്ത വരികയുണ്ടായില്ല.
ആയുധ വില്‍പ്പനയ്ക്കുവേണ്ടി എക്കാലത്തും മുറവിളി കൂട്ടുന്ന അമേരിക്കന്‍ “തോക്കുസംസ്കാരം” സൃഷ്ടിക്കുന്ന ചോരക്കളിയുടെ അടിസ്ഥാന കാരണങ്ങള്‍ ചികഞ്ഞു കണ്ടെത്താന്‍ ആരും മിനക്കെടുന്നില്ല. അമേരിക്കന്‍ സമൂഹത്തിന്റെ പതനം മന:ശാസ്ത്രജ്ഞന്മാരുടെ കുലങ്കുഷമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്. അരക്ഷിതബോധവും ഒറ്റപ്പെടലും അനുബന്ധ മാനസീകാഘാതങ്ങളും ഒരു സമൂഹത്തെ എങ്ങനെ തകര്‍ക്കുമെന്ന പാഠം ആഡം ലാന്‍സ വിളിച്ചോതുന്നു.
മുന്നുകൊല്ലം മുന്‍പ് സ്റ്റട്ട് ഗാര്‍ട്ടില്‍ പത്ത് അദ്ധ്യാപകരേയും മൂന്ന് വിദ്യാര്‍ത്ഥികളെയും വെടിവെച്ചിട്ട ടീംകൃഷ്മര് എന്ന 17 കാരന് തന്റെ മരണക്കുറിപ്പില്‍ എഴുതിവെച്ചത് ഇപ്രകാരമായിരുന്നു. “ക്രൂരമായ ഏകാന്തത എനിക്ക് മടുത്തു എന്റെ ശക്തി ആര്‍ക്കും അറിയില്ല. ഞാന്‍ നാളെ സ്കൂളില്‍ പോകും അവിടെ ഞാന്‍ ഒരു കളി കളിക്കും” ഇരു കൈകളിലും തോക്കേന്തിയ ആ ബാലന് സൃഷ്ടിച്ച കുരുതിക്കളത്തില്‍ പിടഞ്ഞുവീണുമരിച്ചവര് കടുത്ത സാമൂഹ്യ വിപത്തിന്റെ ഇരകളായിരുന്നു. അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമായി 15 തോക്കുകളുള്ള വീട്ടിലെ കുട്ടിയുടെ വിക്രിയയായിരുന്നു ഈ കൂട്ടക്കൊല. അതിനെ എല്ലാവരും കണക്കാക്കിയത് നിസ്സാരമായിട്ടായിരുന്നു. മാനസികാഘാതവും പുത്തന്‍ കൊളോണിയലിസത്തിന്റെ ആര്‍ഭാടവും കശക്കിയെറിഞ്ഞ ഒരു ബാലന്റെ താളംതെറ്റിയ മനസ്സാണ് സ്റ്റട്ട്ഗാര്‍ട്ട് സംഭവത്തിനുപിന്നിലുണ്ടായിരുന്നത്.
പാശ്ചാത്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആപത്കരവും ഭീകരവുമായ മാനസിക അസ്വാസ്ഥ്യത്തിന്റെ യാഥാര്‍ത്ഥ്യം നല്കുന്ന മുന്നറിയിപ്പാണ് ആഡംലാന്സും ടീംകൃഷ്മറുമൊക്കെ വിളിച്ചോതുന്നത്. 1400 വര്‍ഷങ്ങളായി ഇസ്ലാം പോരാട്ടത്തിന്റെ വഴിയിലാണ് എന്ന് പഠിപ്പിച്ചുകൊണ്ട് മറ്റൊന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന് ഉറക്കെപ്പറയുന്ന ഇസ്ലാമിക തീവ്രവാദവും ആയുധവും ആഡംബരവുംകൊണ്ട് സമനില തെറ്റിയ അമേരിക്കന്‍ യുവസമൂഹവും ഒരേപോലെ അസ്വസ്ഥതയുടേയും അപകടത്തിന്റെതുമായ അലമുറകളാണുയര്ത്തുന്നത്. ലോകത്തിലെ സകലചരാചരങ്ങള്‍ക്കും നന്മ വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ഏത് ഭിന്നമായ വിശ്വാസത്തെയും സഹര്‍ഷം സ്വാഗതം ചെയ്ത് നെഞ്ചിലേറ്റുകയും ചെയ്ത ചരിത്രമുള്ള ഭാരതീയ സമൂഹത്തിന്റെ പ്രണവമന്ത്രം തുടിക്കുന്ന ഹിന്ദുത്വമാണ് മനുഷ്യര്‍ക്കിടയില്‍ ശാശ്വത സമാധാനത്തിനും സംസ്കാരസമ്പന്ന സമൂഹത്തിനുമുള്ള ഏറ്റവും വലിയ ഗ്യാരണ്ടി. ആഗോളതീവ്രവാദത്തിനും അമേരിക്കന്‍ സാമ്രാജ്യത്വ ഭീഷണിക്കുമുള്ള ഏറ്റവും നല്ല മറുപടി ഹിന്ദുത്വ ദര്‍ശനം തന്നെയാണ്.
ആയുധ കിടമത്സരം തിന്നുതീര്‍ക്കുന്ന നാടാണ് അമേരിക്ക. 18 വയസ്സ് കഴിഞ്ഞ ഏതൊരാള്‍ക്കും തോക്ക് ഒരവകാശമായി കൊണ്ടു നടക്കാന്‍ അമേരിക്കയില്‍. ലോകമെമ്പാടും കൂട്ടക്കുരുതികള്‍ പെരുകുന്നതില്‍ അമേരിക്കന്‍ നിലപാടും അവരുടെ ആയുധ വ്യാപാര ആക്രാന്തവും അപകടകരമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. 1999 ല്‍ കൊളറാഡോയിലെ ഹൈസ്കൂളില്‍ രണ്ട് കുട്ടികള്‍ ചേര്‍ന്ന് പന്ത്രണ്ട് സഹപാഠികളെയും അദ്ധ്യാപകരേയും ബോംബെറിഞ്ഞുകൊന്ന സംഭവം മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവമായിരുന്നു. 2005 മാര്‍ച്ചില്‍ മിന്നബോട്ടയില് പതിനാറുകാരന് അഞ്ച് വിദ്യാര്‍ത്ഥികളെയും ഒരു അദ്ധ്യാപികയേയും കൊന്ന് ജീവനൊടുക്കി. 2007 ല്‍ വെര്‍ജ്ജീനിയ യൂണിവേഴ്സിറ്റിയില്‍ ഒരു ഇരുപതുകാരന് വെടിവെച്ചുകൊന്നത് 32 പേരെയാണ്. 2008 ഫിബ്രുവരിയില്‍ മൂന്നു സംഭവങ്ങളിലായി നിരവധി സഹപാഠികളെ വിദ്യാര്‍ത്ഥികള്‍ വെടിവെച്ചിട്ട സംഭവങ്ങളുണ്ടായിരുന്നു.
ഇത്തരം സംഭവങ്ങളെകുറിച്ച് അമേരിക്ക നടത്തുന്ന സര്‍വ്വേകള്‍ സത്യത്തെ ആഴത്തില്‍ കുഴിച്ചുമൂടി കൊണ്ടുള്ളതാണ്. ആഡംലാന്സ വെടിവെച്ചിട്ട കുട്ടികളെ നോക്കി ഒബാമ പൊട്ടിക്കരഞ്ഞതുകൊണ്ട് നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചു കിട്ടുന്നില്ല. തോക്കിന്റെ ബലത്തേക്കാള്‍ മന:ശക്തികൊണ്ട് പ്രശ്നങ്ങളെ നേരിടാനും മനുഷ്യ സംസ്കരണം സാധ്യമാക്കാനും ഭാരതീയ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആഡംലാന്സയെകുറിച്ച് പുറത്തുവിട്ട പരിമിതമായ വിവരങ്ങളെകൊണ്ട് ലോക സമൂഹത്തെ നാവടക്കി നിര്‍ത്തിക്കാന്‍ കഴിഞ്ഞേക്കാം. ആധുനിക വിദ്യാഭ്യാസവും സാമ്പത്തിക ധാരാളിത്തവും കൊണ്ട് സാമൂഹിക സംരചന സാധ്യമല്ല. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളായി ആന്യോന്യം സ്നേഹിക്കുകയും പരസ്പരം ആശ്രയിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യക്രമമാണ് മാനവരാശിക്കിന്നാവശ്യം. പാശ്ചാത്യ അധിനിവേശം കടന്നുകയറി വന്ന് ഭാരതത്തില്‍പോലും നമ്മുടെ സാമൂഹിക ഘടനയെ തകര്‍ക്കുകയാണ്. പാശ്ചാത്യ രീതിയില്‍ തങ്ങളുടെ ജീവിതം ക്രമീകരിക്കേണ്ടിവരുന്ന ഇന്നത്തെ ദുരവസ്ഥയ്ക്കെതിരെ ഭാരതത്തിലുടനീളം യുവതലമുറയെ അധിനിവേശ വിരുദ്ധപോരാട്ടത്തിന് സജ്ജമാക്കുകയാണ് വേണ്ടത്.
21-ാം നൂറ്റാണ്ട് കിഴക്കിന്റെതാണ്. കിഴക്കിന്റെ നായകസ്ഥാനം ഭാരതത്തിനുള്ളതാണ്. ഭാരതത്തിന്റെ ആത്മാവ് കുടിക്കൊള്ളുന്നത് ഹിന്ദുത്വത്തിലാണ്. ഹിന്ദുത്വം സര്വ്വധര്മ്മസമഭാവത്തിലധിഷ്ഠിതമാണ്. പ്രത്യയശാസ്ത്രരംഗത്ത് കമ്യൂണിസവും ക്യാപ്പിറ്റലിസവും പരാജയപ്പെട്ടിരിക്കുന്നു. മാനവരാശി ഭാരതീയ ദര്‍ശനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട കാലം സമാഗതമായിരിക്കുന്നു. മാനവരാശിയ്ക്കായി ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന ലോകക്രമത്തിന് ഭാരതം സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട അസുലഭ സന്ദര്‍ഭമാണിത്.
>> അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: