കൊല്ലം: ചാത്തന്നൂര്‍ കൊഞ്ചിക്കടവ് പാലം നിര്‍മ്മാണത്തിനായി നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അരനൂറ്റാണ്ട് മുമ്പ് നിര്‍മ്മാണത്തിന് പദ്ധതിയിട്ട പാലം പകുതിവഴിയില്‍ മുടങ്ങുകയായിരുന്നുവെന്ന് ജനകീയ പൗരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളെ കൂട്ടിയിണക്കി ഇത്തിക്കര ആറിന് കുറുകെയാണ് പാലം വിഭാവനം ചെയ്തിരുന്നത്. 1960ല്‍ കടത്തുവള്ളം മുങ്ങി ചാത്തന്നൂര്‍ എന്‍എസ്എസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ എട്ടുപേര്‍ ദാരുണമായി മരിച്ചതിനെത്തുടര്‍ന്നാണ് കൊഞ്ചിക്കടവില്‍ പാലം എന്ന ആവശ്യത്തിന് മുറവിളി ഉയര്‍ന്നത്.
അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഡി. ദാമോദരന്‍പോറ്റി കൊഞ്ചിക്കടവ് സന്ദര്‍ശിച്ച് പാലം നിര്‍മ്മിക്കാന്‍ തുക അനുവദിക്കുകയും ചെയ്തു. പാലത്തിന്റെ പണി അടങ്കലെടുത്ത കോണ്ട്രാക്ടര് സാധനസാമഗ്രികള്‍ സ്ഥലത്ത് എത്തിച്ച് 18ഓളം കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിച്ചു.തുടര്‍ന്ന് നിര്‍മ്മാണം പകുതിവഴിക്ക് ഉപേക്ഷിച്ച് പോവുകയായിരുന്നു.
പാലം നിര്‍മ്മാണത്തിനായി നിര്‍മ്മിച്ച 10 തൂണുകള്‍ ആറിന്റെ കരയിലും വെള്ളത്തിലുമായി അവശേഷിക്കുന്നുണ്ട്.
കൊഞ്ചിക്കടവില്‍ എത്രയുംവേഗം പാലം പുനര്‍നിര്‍മ്മിക്കണമെന്ന് കൊഞ്ചിക്കടവ് ജനകീയ പൗരസമിതി ആവശ്യപ്പെട്ടു. കാല്‍നടജാഥ, മനുഷ്യച്ചങ്ങല, നാഷണല്‍ ഹൈവേയില്‍ നിന്നും കൊഞ്ചിക്കടവ് വരെ ശയനപ്രദക്ഷിണം, കൊഞ്ചിക്കടവില്‍ ആറിനു കുറുകെ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മനുഷ്യപ്പാലം തീര്‍ത്തുകൊണ്ടുള്ള സമരം എന്നിവയാണ് സമരപരിപാടികള്‍. തൃത്താല പഞ്ചായത്ത്, അസംബ്ലി, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ബഹിഷ്ക്കരണം തുടങ്ങിയ സമരമുറകളുമായി മുന്നോട്ട്പോകാനാണ് കൊഞ്ചിക്കടവ് ജനകീയവേദിയുടെ തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: