വാഷിംഗ്ടണ്‍: സദ്ദാം ഹുസൈന്റെ പിടിയില്‍ നിന്ന് കുവൈറ്റിനെ മോചിപ്പിക്കാനുള്ള സൈനിക നീക്കമായ ‘ഓപ്പറേഷന് ഡസേര്‍ട്ട് സ്റ്റോമി’നു നേതൃത്വം വഹിച്ച റിട്ട. യുഎസ് ജനറല്‍ നോര്മാന് ഷവാസ്കോഫ്(78) അന്തരിച്ചു. ഫ്ലോറിഡയിലെ ടാംപയിലായിരുന്നു അന്ത്യം. 1990- 91ല്‍ കുവൈറ്റ് എന്ന രാജ്യത്തെ വീണ്ടെടുത്ത സൈനിക നടപടിക്ക് നേതൃത്വം നല്കിയ അമേരിക്കന്‍ പടയുടെ ചുക്കാന്‍ പിടിച്ചതു ഷവാസ്കോഫ് ആയിരുന്നു. സൈന്യത്തില്‍ നിന്നു വിരമിച്ച ശേഷം ടാംപയിലായിരുന്നു അദ്ദേഹം വിശ്രമജീവിതം നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ തലമുറ കണ്ട ഏറ്റവും കരുത്തുറ്റ സൈനികനായിരുന്നു ഷവാസ്കോഫ്. കുവൈത്തില്‍ നിന്ന് ഇറാക്കി സേനയെ തുരത്തുന്നതിന് നേതൃത്വം നല്കുകവഴി അമേരിക്കയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ജനറലായി ഷവാസ്കോഫ് മാറി.
അതേസമയം സദ്ദാം ഹുസൈന് അധികാരത്തില്‍ തുടരാന്‍ പാകത്തില്‍ വെടിനിര്‍ത്തല്‍ ധാരണയുണ്ടാക്കിയതിന് അദ്ദേഹം വിമര്‍ശിക്കപ്പെടുകയും ചെയ്തു. അതേസമയം ആ തലമുറയിലെ ഏറ്റവും മികച്ച സൈന്യാധിപന്മാരില് ഒരാളായിരുന്നു അദ്ദേഹമെന്ന് -ഇപ്പോള്‍ ഹൂസ്റ്റണിലെ ആശുപത്രിയില്‍ കഴിയുന്ന ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: