അഞ്ചല്‍: നിലമേലില്‍ വാഹനാപകടത്തില്‍ പൊലി ഞ്ഞ കുടുംബത്തിന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് ഒരുഗ്രാമം മുഴുവന്‍. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ അജിത്കുമാര്‍(35), ഭാര്യ കുറ്റിക്കാട് സിപി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക സുനീഷ(30) എന്നിവരുടെ പിഞ്ചോമനയായ അമല്‍ സുന്ദറി(3)ന് ആദ്യാക്ഷരം കുറിക്കാനായിരുന്നു അടുത്ത കുടുംബാംഗങ്ങളോടൊപ്പം തിങ്കളാഴ്ച മൂകാംബികയ്ക്ക് പോയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയ ഇവര്‍ അടുത്ത ബന്ധു ഷാജി(മനീഷ്)യെ വിളിച്ചു വരുത്തുകയായിരുന്നു. ഇന്നലെവരെ അടുത്തേക്ക് കിളിക്കൊഞ്ചലുമായി ഓടിവരുന്ന പിഞ്ചുകുഞ്ഞിന്റെ തകര്‍ന്ന ശരീരത്തിലേക്ക് ഒരു നോക്കിന് പോലും കഴിയാതെയുള്ള പരിസരവാസികളായ അമ്മമാരുടെ നിലവിളികള്‍ കടയ്ക്കല്‍- ചരിപ്പറമ്പ് പ്രദേശമാകെ മുഴങ്ങുകയാണ്. മുന്‍പ് പോലീസിലായിരുന്ന അജിത്തും ഭാര്യ സി.പി സ്കൂളിലെ അധ്യാപിക സുനീഷയും സഹജീവനക്കാര്ക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു. ക്രിസ്മസ് അവധിക്ക് വീണ്ടും കാണാമെന്ന് പറഞ്ഞ് പോയ ഇവരുടെ സ്വപ്നങ്ങള്‍ മൂകാംബികയിലെ പ്രസാദ പാത്രത്തിനൊപ്പം ചിതറിപ്പോയതില് തളര്‍ന്നു പോയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. കെഎസ്ടിപി ഏറ്റെടുത്ത് ഉന്നത നിലവാരത്തിലാക്കിയ ശേഷം എംസി റോഡിലെ വാഹനങ്ങളുടെ സ്പീഡ് കൂടിയതാണ് റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ക്വാളിസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം ദുരന്തത്തിനു കാരണമെന്ന് കരുതുന്നു.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: